നാഗ്പൂര്‍:പുകവലിക്കുന്നത് തുറിച്ചുനോക്കിയയാളെ കൊലപ്പെടുത്തി 24കാരി.സംഭവത്തില്‍ 24കാരി ജയശ്രീ പണ്ഡാരി,ഇവരുടെ സുഹൃത്തുക്കളായ സവിത സയ്റ,അകാശ് ദിനേഷ് റാവത് എന്നിവര്‍ പിടിയില്‍.മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം.28കാരനായ രഞ്ജിത് റാത്തോഡാണ് കൊല്ലപ്പെട്ടത്.ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.നാഗ്പൂരിലെ മഹാലക്ഷ്മി നഗറിലെ ഒരു പാന്‍ ഷോപ്പിന് മുമ്പില്‍ നിന്ന് പുകവലിക്കുകയായിരുന്ന ജയശ്രീയെ രഞ്ജിത് തുറിച്ച് നോക്കിയതും മോശം പരാമര്‍ശങ്ങള്‍ നടത്തിയതുമാണ് ഇവരെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
സിഗരറ്റ് വാങ്ങാന്‍ കടയിലെത്തിയതായിരുന്നു രഞ്ജിത്.ഈ സമയം സിഗരറ്റ് വലിക്കുകയായിരുന്ന ജയശ്രീയുടെ ദൃശ്യങ്ങള്‍ രഞ്ജിത് മൊബൈലില്‍ പകര്‍ത്തിയെന്ന് പൊലീസ് പറയുന്നു.ഇരുവരും മോശം വാക്കുകള്‍ ഉപയോഗിക്കുന്നതും വാക്തര്ക്കത്തില് ഏര്‍പ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.സവിത സയ്റക്കൊപ്പമെത്തിയ ജയശ്രീ ഈ സമയം സുഹൃത്തുക്കളെ വിളിച്ചുവരുത്തി.സംഭവത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന രഞ്ജിത്തിനെ ജയശ്രീയും സുഹൃത്തുക്കളും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.ജയശ്രീ രഞ്ജിത്തിനെ കത്തികൊണ്ട് നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിക്കുന്നത് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.