റിയാദ് : യാത്രക്കാർക്കാർക്ക് സന്തോഷവാർത്തയുമായി എയർ ഇന്ത്യ എക്യ്പ്രസ്.സെപ്റ്റംബർ 9 മുതൽക്കാണ് തിരുവനന്തപുരത്തു നിന്ന് റിയാദിലേക്ക് നേരിട്ട് എയർ ഇന്ത്യാ എക്സ്പ്രസ് വിമാന സർവീസ് പുനരാരംഭിക്കുന്നു. ആഴ്ചയിൽ തിങ്കളാഴ്ച ദിവസങ്ങളിലായിരിക്കും വിമാന സർവീസ്. തിരുവനന്തപുരത്തു നിന്ന് വൈകീട്ട് 5.55ന് പുറപ്പെടുന്ന ഐ.എക്സ് 521 വിമാനം റിയാദിൽ രാത്രി 10.40ന് എത്തും.
തിരിച്ചു വരുന്ന വിമാനം രാത്രി 11.40ന് റിയാദിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.30ന് തിരുവനന്തപുരത്ത് ലാൻഡ് ചെയ്യും. ഇതോടെ യാത്രക്കാരുടെ അഞ്ചുവർഷത്തിലേറെ നീണ്ട ആവശ്യമാണ് നടപ്പിലാകുന്നത്.സ്കൂൾ അവധിക്കാലം കഴിയുന്നതോടെ തിരികെ റിയാദിലേക്കു മടങ്ങുന്നവർക്കും,ഓണക്കാലത്തെ അവധി ആഘോഷിക്കാൻ നാട്ടിലെത്താനാഗ്രഹിക്കുന്നവർക്കും ഇനി 5 മണിക്കൂർ യാത്രചെയ്താൽ മതിയാവും. തിരുവനന്തപുരത്തു നിന്നും റിയാദിലേക്ക് നേരിട്ട് ഒരു വിമാനം എന്നത് തിരുവന്തപുരം വിമാനത്താവളത്തെ ആശ്രയിക്കുന്ന വലിയൊരു വിഭാഗം യാത്രക്കാരുടെ നീണ്ട നാളത്തെ ആവശ്യമാണ് വീണ്ടും പൂവണിയുന്നത്. അടുത്തിടെ തിരുവനന്തപുരത്ത് യൂസേഴ്സ് ഫീ വർധനവും നേരിട്ട് വിമാന സർവീസ് ഇല്ലാതായതും പ്രവാസികൾക്ക് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു.