കൊച്ചി:പ്രാദേശിക കൈത്തറിയുടെ വളര്‍ച്ചയ്ക്കും സുസ്ഥിര ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്കും പ്രത്യേക പ്രാധാന്യം നല്കി ആമസോണ്‍ ഇന്ത്യയുടെ ദേശീയ കൈത്തറി ദിനാഘോഷം. വ്യാപാരികള്‍ക്ക് വേണ്ടിയുള്ള ആമസോണ്‍ ഇന്ത്യയുടെ മുഖ്യ പരിപാടികളില്‍ ഒന്നായ ആമസോണ്‍ കരിഗറിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കൈത്തറി ദിനാഘോഷത്തില്‍ കൈത്തറി വ്യവസായത്തിന്റെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യത്തിന്റെ ബോധവത്ക്കരണം, രാജ്യമാകെയുള്ള കൈത്തറി ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനം, പ്രാന്തവത്ക്കരിക്കപ്പെട്ട നെയ്ത്ത് തൊഴിലാളികളുടെ സാമ്പത്തിക ഉന്നമനം എന്നിവയാണ് ലക്ഷ്യമിടുന്നത്.
രാജ്യത്തെ 25 സംസ്ഥാനങ്ങളില്‍ നിന്നുള്ള 1.5 ലക്ഷം ഉത്പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങിക്കാന്‍ ഈ പരിപാടി അവസരമൊരുക്കും. ബിശ്വ ബംഗ്ല, പന്തോയിബി, ഗര്‍വി ഗുജറാത്ത്, ഹൗസ് ഓഫ് ഹിമാലയാസ് തുടങ്ങി 35ല്‍ പരം സംസ്ഥാന എംപോറിയങ്ങളില്‍ നിന്നുള്ള വിവിധതരം ഉത്പ്പന്നങ്ങളും കൈത്തറി ദിനാഘോഷത്തിന്റെ ഭാഗമായി ആമസോണ്‍ ഇന്ത്യ അവതരിപ്പിക്കുന്നുണ്ട്.
18 ലക്ഷത്തോളം വരുന്ന കരകൗശല കലാകാരന്മാരുടെ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കുന്ന ആമസോണ്‍ കരിഗര്‍ പരിപാടിയിലൂടെ കൈ കൊണ്ടുണ്ടാക്കിയ 2 ലക്ഷം ഉത്പന്നങ്ങള്‍ ലഭ്യമാകും. ഇതില്‍ കലാമേന്മയും ഗുണനിലവാരവും കൊണ്ട് അപൂര്‍വ്വമായ 470ല്‍ അധികം ഉത്പന്നങ്ങള്‍ ഉള്‍പ്പെടും. 2500ല്‍ അധികം പ്രമുഖ നെയ്ത്തുകാര്‍, സഹകരണ സംഘങ്ങള്‍, കരകൗശല വിദഗ്ധര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ടെക്സ്റ്റൈല്‍സ്, കൊട്ടേജ് ഇന്‍ഡസ്ട്രീസ്, ട്രൈബല്‍ വെല്‍ഫെയര്‍ തുടങ്ങി വിവിധ മന്ത്രാലയങ്ങള്‍ എന്നിവയെ ഓണ്‍ലൈനായി അണിനിരത്തിക്കൊണ്ടാണ് ആമസോണ്‍ കരിഗര്‍ പരിപാടി നടപ്പിലാക്കുന്നത്.
കരകൗശല തൊഴിലാളികളുടെയും നെയ്ത്തുകാരുടെയും സമൂഹങ്ങളെ ഇ-കൊമേഴ്സ് ഉപയോഗിച്ച് ശാക്തീകരിക്കുന്നതിനും അവരുടെ ബിസിനസ്സ് കെട്ടിപ്പടുക്കുന്നതിനും വിപുലമായ അവരുടെ ഉല്‍പ്പന്നങ്ങളുടെ സുസ്ഥിരമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് ആമസോണ്‍ ഇന്ത്യ സെയില്‍സ് ഡയറക്ടര്‍ ഗൗരവ് ഭട്നാഗര്‍ പറഞ്ഞു.