കൊച്ചി: അഭിനേതാക്കളെ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നവർക്കെതിരേ നിയമനടപടികൾ ശക്തമാക്കാൻ തീരുമാനിച്ച് താരസംഘടനയായ ‘അമ്മ.മോഹൻലാലിനെതിരായ പരാമർശങ്ങളുടെപേരിൽ വ്ലോഗർ ‘ചെകുത്താൻ’ അകത്തായതിനു പിന്നാലെയാണ് സംഘടനയുടെ തീരുമാനം.
’അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് പോലീസിൽ നൽകിയ രണ്ടാമത്തെ പരാതിയാണ് ചെകുത്താൻ എന്നപേരിലുള്ള വ്ലോഗർ അജു അലക്സിനെതിരേയുള്ളത്. ‘ആറാട്ടണ്ണൻ’ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയുടെ പേരിലായിരുന്നു ആദ്യത്തേത്. തന്നെയും മറ്റ് അഭിനേതാക്കളെയും അവഹേളിക്കുന്നുവെന്ന് പറഞ്ഞ് നടൻ താരസംഘടനയ്ക്ക് നൽകിയ പരാതിയെത്തുടർന്നാണ് സിദ്ദിഖ് പാലാരിവട്ടം പോലീസിനെ സമീപിച്ചത്. തുടർന്ന് സന്തോഷ് വർക്കിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് ചെയ്തിരുന്നു.
ടെറിട്ടോറിയൽ ആർമിയുടെ ഭാഗമായതുകൊണ്ടാണ് മോഹൻലാലിന് വയനാട്ടിൽ പോകാൻ സാധിച്ചത്. പബ്ലിസിറ്റിക്കുവേണ്ടി ഇങ്ങനെ ചെയ്യേണ്ട കാര്യം അദ്ദേഹത്തിനില്ല.ഇതിനെ അഭിനന്ദിക്കുന്നതിനു പകരം അധിക്ഷേപിക്കുന്നത് കണ്ടപ്പോഴാണ് പ്രതികരിച്ചത്. വ്യക്തമായ ചാനലും വിലാസവുമില്ലാത്ത യൂട്യൂബർമാരാണ് വ്യക്തിപരമായ അധിക്ഷേപം നടത്തുന്നത് -സിദ്ദിഖ് പറഞ്ഞു.