ഈ വർഷം തീയേറ്ററുകളിലെത്തിയ മലയാള ചിത്രങ്ങളിൽ വലിയ മുന്നേറ്റം ഉണ്ടാക്കിയ ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. കളക്ഷനിൽ മലയാള സിനിമാ ഇൻഡസ്ട്രി ഇന്നേവരെ കാണാത്ത റെക്കോർഡായിരുന്നു ചിത്രം സൃഷ്ട്ടിച്ചത്.
അതേസമയം, ‘മഞ്ഞുമ്മൽ ബോയ്സി’ന്റെ നിർമ്മാതാക്കൾക്കെതിരെ കേസെടുത്തിരിക്കുകയാണ് ഇപ്പോൾ. ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നിവയാണ് ചുമത്തിയിട്ടുള്ള കുറ്റങ്ങൾ.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അരൂർ സ്വദേശിയായ സിറാജിന്റെ പരാതിയിൽ പറവ ഫിലിംസിന്റേയും, പാർട്ണർ ഷോൺ ആന്റണിയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച സംഭവം ഉണ്ടായിരുന്നു. സിനിമയ്ക്ക് വേണ്ടി ഏഴ് കോടി മുടക്കിയെങ്കിലും, പക്ഷെ ലാഭവിഹിതമോ മുടക്ക് മുതലോ നൽകാതെ തന്നെ കബളിപ്പിച്ചു എന്നായിരുന്നു സിറാജിന്റെ പരാതിയിൽ പരാമർശിച്ചിരുന്നത്.
ഇത് കൂടാതെ തന്നെ ഒടിടി പ്ലാറ്റ്ഫോം റൈറ്റ്സ് നൽകിയതിലൂടെ 20 കോടിയോളം രൂപ വേറെയും ചിത്രം നിർമ്മാതാക്കൾ സ്വന്തമാക്കിയിട്ടുണ്ട് എന്നാണ് ഹർജിയിൽ പറയുന്നത്.