മുണ്ടക്കൈ, ചൂരല്‍മല തുടങ്ങി ദുരന്തബാധിത പ്രദേശങ്ങളില്‍ ഇന്ന് തെരച്ചില്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ കളക്ടര്‍ ഡി ആര് മേഘശ്രീ. സന്നദ്ധ പ്രവര്‍ത്തകര്‍, തെരച്ചിലുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ തുടങ്ങിയവര്‍ക്ക് ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
ഞായറാഴ്ച ജനകീയ തെരച്ചില്‍ പുനരാരംഭിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളുള്ളതിനാലാണ് ഇന്ന് തെരച്ചില്‍ ഒഴിവാക്കിയത്.
ഇന്ന് രാവിലെ 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലായിരിക്കും ദുരന്തമേഖലയിൽ ആകാശ നിരീക്ഷണം നടത്തുക. 12.15 ന് ദുരന്തമുണ്ടായ മേഖലയിലെത്തുമെന്നാണ് വിവരം. പ്രദേശത്തെ പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തും. തുടർന്ന് ദുരിതാശ്വാസ ക്യാംപുകളും സന്ദർശിച്ച് ദുരിതബാധിതരുമായി സംസാരിക്കും. തുടർന്ന് റിവ്യൂ മീറ്റിംഗും നടത്തും.
അതേ സമയം, പ്രധാനമന്ത്രിയുടെ വരവിൽ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലെത്തിയാൽ പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിയുമായി സംസാരിക്കും.
ജനകീയ തെരച്ചിൽ വരും ദിവസങ്ങളിലും തുടരാനാണ് തീരുമാനം. ദുരന്ത മുഖത്ത് നിന്ന് സൈന്യം മാത്രമാണ് മടങ്ങിയത്. എൻഡിആർഎഫ് അടക്കം പ്രദേശത്ത് തുടരുന്നുണ്ട്.