കൊച്ചി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിതരെ സഹായിക്കാന്‍ ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും കേന്ദ്രീകൃത സംവിധാനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ച അഭിഭാഷകന് കേരള ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാരില്‍നിന്ന് മുന്‍കൂര്‍ അനുമതിവാങ്ങാതെയുള്ള ഫണ്ടുശേഖരണം തടയണമെന്നാവശ്യപ്പെട്ട് കാസര്‍കോട് സ്വദേശി അഡ്വ. സി. ഷുക്കൂറാണ് ഹര്ജിനല്കിയിരുന്നത്.
ജസ്റ്റിസുമാരായ കെ.എ.ജയശങ്കരന്‍ നമ്പ്യാര്‍, വി.എം.ശ്യാം കുമാര്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരുടെ ദുരിതാശ്വാസത്തിനായി സര്‍ക്കാരിലൂടെ അല്ലാതെ ശേഖരിക്കുന്ന ഫണ്ട് ഉദ്ദേശിച്ച ഗുണഭോക്താക്കളില്‍ എത്തുന്നില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഫണ്ട് ദുരുപയോഗം ചെയ്തതിന് കൃത്യമായ ഉദാഹരങ്ങളൊന്നും ചൂണ്ടിക്കാട്ടാന്‍ ഹര്ജിക്കാരന് ആയില്ല. ഫണ്ട് ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഹര്ജിക്കാരന് ജില്ലാ ഭരണകൂടത്തെയോ നിയമപാലകരെയോ സമീപിച്ച് പരാതികളൊന്നും നല്‍കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഹര്ജിക്കാരന് ഇത്തരമൊരു നീക്കം നടത്തിയതെന്നും കോടതി വാക്കാല്‍ പറഞ്ഞു. കോടതിയുടെ സമയം പാഴാക്കിയെന്ന് ചൂണ്ടിക്കാട്ടിയും രൂക്ഷവിമര്‍ശനമുണ്ടായി.
വിവിധ സ്വകാര്യ വ്യക്തികളും സംഘടനകളും, പലപ്പോഴും മതപരമോ രാഷ്ട്രീയമോ ആയ ബാനറുകള്‍ക്ക് കീഴില്‍, ശരിയായ ഉത്തരവാദിത്തമോ മാനേജ്മെന്റോ ഇല്ലാതെ കോടിക്കണക്കിന് രൂപ ശേഖരിച്ചുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് പിരിക്കുമ്പോള്‍ തന്നെയാണ് ഇത്തരത്തില്‍ സമാന്തരമായ പിരിവ് നടക്കുന്നതെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി.
ഇരകള്‍ക്ക് പ്രയോജനം കിട്ടുന്നതിനായി ഏതെങ്കിലും സ്വകാര്യവ്യക്തികള്‍ പിരിവ് നടത്തുന്നത് തടയുന്ന നിയമമുണ്ടോയെന്ന് അഭിഭാഷകനായ ഹര്‍ജിക്കാരനോട് കോടതി ആരാഞ്ഞു. ‘നിങ്ങളുടെ സുഹൃത്ത് ആശുപത്രിയിലാണെന്ന് കരുതുക.പണം ആവശ്യമായി വന്നാല്‍ നിങ്ങള്‍ പൊതുജനങ്ങളില്‍നിന്നാണ് പണം കണ്ടെത്തുന്നത്. അതിന് എന്തെങ്കിലും നിയന്ത്രണമുണ്ടോ..അതെങ്ങനെയാണ് നിയമവിരുദ്ധ പ്രവര്‍ത്തനമാകുന്നത്’ കോടതി ചോദിച്ചു.