ഒളിംപിക്സില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ അവസാനിച്ചു.പാരിസില്‍ ആറു മെഡലുകളാണ് ഇന്ത്യ നേടിയത്.ഒരു വെള്ളിയും അഞ്ചു വെങ്കലവും. ടോക്കിയോ ഒളിംപിക്സിലെ ഏഴു മെഡലുകളെന്ന നേട്ടം മറികടക്കാന്‍ ഇന്ത്യയ്ക്കു സാധിച്ചില്ല. ഷൂട്ടിങ്ങിലാണ് ഇന്ത്യയുടെ മൂന്നു മെഡലുകള്‍. നാല് ഇനങ്ങളില്‍ മാത്രമാണ് ഇന്ത്യയ്ക്കു മെഡല്‍ നേടാനായത്.29 അംഗ അത്ലറ്റിക്സ് സംഘത്തില്‍ ഫൈനലിലേക്കു യോഗ്യത നേടിയത് രണ്ട് ഇനങ്ങളില്‍ മാത്രമാണ്.
വനിതാ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് നല്കിയ അപ്പീല്‍ ഇന്ത്യയ്ക്ക് അനുകൂലമാകുകയാണെങ്കില്‍ ഒരു മെഡല്‍ കൂടെ ലഭിക്കും. അല്ലെങ്കില്‍ ആറു മെഡലില്‍ ഒതുങ്ങേണ്ടിവരും. വനിതാ ഫ്രീസ്റ്റൈല്‍ 76 കിലോഗ്രാം ഗുസ്തിയില്‍ റീതിക ഹൂഡ ക്വാര്‍ട്ടറില്‍ തോറ്റുപുറത്തായി. ക്വാര്‍ട്ടറില്‍ കിര്‍ഗിസ്ഥാന്‍ താരം അയ്പേറി മെഡെറ്റ് കിസിയോട് വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് റീതിക കീഴടങ്ങിയത്. കിര്‍ഗിസ് താരം സെമിയില്‍ തോറ്റതോടെ റെപ്പഷാജ് റൗണ്ടില്‍ മത്സരിക്കാമെന്ന റിതികയുടെ പ്രതീക്ഷയും അവസാനിച്ചു. ഗോള്‍ഫില്‍ അദിതി അശോകിനും ദീക്ഷ ദാഗറിനും അവസാന റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ യഥാക്രമം 29, 49 സ്ഥാനങ്ങളിലാണു ഫിനിഷ് ചെയ്യാന്‍ സാധിച്ചത്.
ഒരു സ്വര്‍ണ മെഡല്‍ ഇല്ലെന്ന നിരാശയുമായാണ് പാരിസില്‍നിന്ന് ഇന്ത്യ മടങ്ങുന്നത്. ടോക്കിയോയില്‍ സ്വര്‍ണം ജയിച്ച ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഇത്തവണ വെള്ളി മെഡലാണ് സ്വന്തമാക്കിയത്. പാക്കിസ്ഥാന്റെ അര്‍ഷാദ് നദീമാണ് ഒളിംപിക് റെക്കോര്‍ഡോടെ ജാവലിന്‍ സ്വര്‍ണം നേടിയത്. കഴിഞ്ഞ തവണ വെയ്റ്റ്ലിഫ്റ്റിങ്ങില്‍ വെള്ളി നേടിയ മിരാഭായ് ചാനു പാരിസില്‍ നാലാം സ്ഥാനത്തായി.