കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐ സി യു പീഡനക്കേസുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദത്തില്‍ ആരോഗ്യവകുപ്പ് മലക്കം മറിഞ്ഞു. ഐ സി യു പീഡനക്കേസില്‍ അതിജീവിതയുടെ ആവശ്യപ്രകാരമുള്ള അന്വേഷണ റിപ്പോര്ട്ടിന്മേലിലാണ് അഞ്ച് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്നും ആരോടും ശത്രുതാപരമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നുമാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇന്ന് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്.
അതിജീവിതയ്ക്കൊപ്പം നിന്ന മെഡിക്കല്‍ കോളജ് നഴ്സ് പി ബി അനിതയ്ക്ക് നിയമനം നല്‍കില്ലെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. അനിതയുടെ ഭാഗത്തുണ്ടായ പിഴവില്‍ അന്വേഷണം നടന്നിട്ടുണ്ടെന്നും അവരുടെ ഭാഗത്തു പിഴവുണ്ടായിട്ടുണ്ടെന്നുമുള്ള ആരോപണം ആരോഗ്യമന്ത്രി വീണ്ടും ആവര്‍ത്തിക്കുകയാണ്. സൂപ്പര്‍വൈസറി ലാപ്സ് ഉണ്ടായി എന്നും ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ .
ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ മിഷന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നടപടിയെന്നാണ് മന്ത്രി ഇന്നലെ പറഞ്ഞത്. അതിജീവിത കൂടി നഴ്സിന് അനുകൂലമായി രംഗത്തെത്തിയതോടെയാണ് മന്ത്രി നിലപാട് മാറ്റിയത്. പി ബി അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ നിയമനം നല്‍കുമെന്ന് ഇന്ന് ആരോഗ്യവകുപ്പ് ഉത്തരവിറക്കുകയായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സര്‍ജ്ജറിക്ക് വിധേയയായി ഐ സി യുവില്‍ അബോധാവസ്ഥയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ മെഡിക്കല്‍ കോളജ് ജീവനക്കാരന് പിഡീപ്പിച്ച സംഭവത്തിലാണ് ആരോഗ്യവകുപ്പ് തലതിരിഞ്ഞ നടപടി സ്വീകരിച്ചത്. അതിജീവിതയ്ക്കൊപ്പം നില്‍ക്കുകയും സത്യം വെളിച്ചത്തുകൊണ്ടുവരാനായി ശ്രമിക്കുകയും ചെയ്ത നഴ്സിനെതിരെ വകുപ്പുതല നടപടി സ്വീകരിച്ചതാണ് സര്‍ക്കാരിനെ വിവാദത്തിലേക്ക് തള്ളിവിട്ടത്.
പി ബി അനിതയെന്ന നഴ്സിനെ തിരിച്ചെടുക്കാനുള്ള കോടതിവിധി നടപ്പാക്കുന്നതിലുള്ള ഉത്തരവ് തള്ളിയ ആരോഗ്യ കുപ്പിന്റെ നടപടിയാണ് ഏറെ പ്രതിഷേധത്തിലേക്ക് സര്‍ക്കാരിനെ തള്ളിയിട്ടത്. മന്ത്രിയുടെ പിടിവാശിയും കുറ്റക്കാരെ രക്ഷിക്കാനുള്ള നീക്കവുമാണ് കടുത്ത പ്രതിഷേധത്തിന് വഴിവച്ചത്. സര്‍ക്കാര്‍ നടപടിക്കെതിരെ നഴ്സ് പി ബി അനിത മെഡിക്കല്‍ കോളജില്‍ പ്രത്യേക്ഷ സമരത്തിലേക്ക് നീങ്ങിയതാണ് വിഷയം ജനങ്ങള്‍ ഏറ്റെടുക്കുന്നതിലേക്ക് എത്തിച്ചത്.
ഒടുവില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് സമര പന്തലില്‍ എത്തി പി ബി അനിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതില്വരെ എത്തിച്ചു. ഐ സി യു പീഡനക്കേസില്‍ നടത്തിയെന്നു പറയുന്ന അന്വേഷണ റിപ്പോര്‍ട്ടിനെ കുറിച്ച് ഇന്നലെ ആരോഗ്യ മന്ത്രി നടത്തിയ പ്രസ്താവനയാണ് സമരം കൂടുതല്‍ ശക്തമാക്കാന്‍ കാരണമായത്. മാധ്യമങ്ങള്‍ ആരോഗ്യമന്ത്രിക്ക് എതിരായതോടെ സര്‍ക്കാര്‍ കടുത്ത പ്രതിരോധത്തിലായി.
ഇതോടെ ഇന്നലെ മന്ത്രി സ്വീകരിച്ചതില്‍ നിന്നും വ്യത്യസ്ഥമായിരുന്നു ഇന്നത്തെ പ്രസ്താവന. എല്ലാം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും, എന്തെങ്കിലും അതേക്കുറിച്ച് പറഞ്ഞാല്‍ വീണ്ടും അത് വൈകിട്ടത്തെ ചര്‍ച്ചയായി മാറ്റുമെന്നും മന്ത്രി ആരോപണം ഉന്നയിക്കാനും മറന്നില്ല. അനിതയോടുള്ള സമീപനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മന്ത്രി വീണാ ജോര്‍ജിന്റെ വിശദീകരണം. അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ നിയമനം നല്‍കും.
അനിതയുടെ നിയമനം സംബന്ധിച്ചുള്ള ഉത്തരവ് പരിശോധിച്ചുവരികയായിരുന്നുവെന്നും, ടെക്നിക്കലായ നടപടികള്‍ മാത്രമാണ് നിയമനം വൈകാനുള്ള കാരണമെന്നാണ് മന്ത്രി പറയുന്നത്. ആരോഗ്യ വകുപ്പിന്റെ അന്തിമ തീരുമാനം കോടതി വിധിക്ക് വിധേയമായിട്ടായിരിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
നഴ്സ് അനിതയ്ക്ക് നിയമനം നല്‍കില്ലെന്നും അവരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നും, ഇക്കാര്യം കോടതിയെ ധരിപ്പിക്കുമെന്നുമാണ് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി പറഞ്ഞിരുന്നത്. മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു, ഒഫീഷ്യലി എന്തെങ്കിലും തെറ്റായി സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്.
അഞ്ചു പേരെ സസ്പെന്റ് ചെയ്തത് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. സാങ്കേതിക കാര്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കണമെന്നാണ് ഞാന്‍ പറഞ്ഞത് എന്നും അതിജീവിതയ്ക്കൊപ്പമാണ് ആരോഗ്യവകുപ്പെന്നുമാണ് വീണാ ജോര്‍ജ് ഇന്ന് പറഞ്ഞത്. കോടതി ഉത്തരവ് നടപ്പാക്കാതിരുന്നാല്‍ ഉണ്ടായേക്കാവുന്ന തിരിച്ചടികള്‍ ഭയന്നുള്ള തിരക്കുപിടിച്ച നീക്കമാണ് ഇന്ന് ആരോഗ്യമന്ത്രിയില്‍ നിന്നും ഉണ്ടായത്.