ഏറെ കാലമായി നഷ്ട്ടത്തിലായിരുന്ന കെഎസ്ആര്‍ടിസിക്ക് ചരിത്ര നേട്ടം.ചെലവ് ചുരുക്കി മികച്ച വരുമാനമെന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് കളക്ഷനില്‍ റെക്കോര്‍ഡിട്ടത്.8.57 കോടി രൂപയാണ് ഏപ്രില്‍ 15ന് കെഎസ്ആര്‍ടിസിയുടെ വരുമാനം.ഇതിന് മുന്‍പ് 2023 ഏപ്രില്‍ 24 ന് ലഭിച്ച 8.30 കോടി രൂപ എന്ന നേട്ടമാണ് മറികടന്നതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.4324 ബസ്സുകള്‍ ഓപ്പറേറ്റ് ചെയ്തതില്‍ 4179 ബസ്സുകളില്‍ നിന്നുള്ള വരുമാനമാണ് 8.57 കോടി രൂപയെന്ന് കെഎസ്ആര്‍ടിസി വിശദീകരിച്ചു.14.36 ലക്ഷം കിലോമീറ്റര്‍ ഓപ്പറേറ്റ് ചെയ്തപ്പോള്‍ കിലോമീറ്ററിന് 59.70 രൂപയാണ് വരുമാനം ലഭിച്ചത്.
ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദേശ പ്രകാരം ഡെഡ് കിലോമീറ്റര്‍ ഒഴിവാക്കി സര്‍വ്വീസുകള്‍ പുനക്രമീകരിച്ചിരുന്നു. ഒറ്റപ്പെട്ട സര്‍വീസുകള്‍,ആദിവാസി മേഖല, തോട്ടം മേഖല, വിദ്യാര്‍ഥി കണ്സഷന് റൂട്ടുകള്‍ എന്നിവ ഒഴികെയുള്ള വരുമാനം കുറഞ്ഞ ഡെഡ് ട്രിപ്പുകളും ആളില്ലാത്ത ഉച്ചസമയത്തെ ട്രിപ്പുകളുമാണ് ഒഴിവാക്കിയത്.പകരം വരുമാന ലഭ്യതയുള്ള പ്രധാന റൂട്ടുകളിലും ദീര്‍ഘദൂര റൂട്ടുകളിലും അഡീഷണല്‍ സര്‍വീസുകള്‍ ക്രമീകരിച്ചാണ് ചെലവ് വര്‍ദ്ധിക്കാതെ കെഎസ്ആര്‍ടിസി നേട്ടം ഉണ്ടാക്കിയത്.
തുടര്‍ച്ചയായ വന്ന അവധി ദിവസങ്ങളില്‍ ആവശ്യം പരിശോധിച്ചാണ് ഓര്‍ഡിനറി ബസുകള്‍ സര്‍വീസ് നടത്തിയത്. എന്നാല്‍ തിരക്കേറിയ ദീര്‍ഘദൂര ബസ്സുകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് തിരക്കനുസരിച്ച് സര്‍വീസുകള്‍ ക്രമീകരിച്ചു.ഇത്തരത്തില്‍ ഏതാണ്ട് 140 സര്‍വീസുകളാണ് അധികമായി സംസ്ഥാനത്തിനുള്ളില്‍ ക്രമീകരിച്ചതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.അന്തര്‍ സംസ്ഥാന റൂട്ടുകളിലും മേടമാസ പൂജക്ക് ശബരിമലയിലേക്കും സര്‍വീസുകള്‍ ക്രമീകരിച്ചു.
കലാലയങ്ങളില്‍ പുറമേനിന്നുള്ള കലാപരിപാടികളാകാം,കര്‍ശന വ്യവസ്ഥകളോടെ
ഇതെല്ലാം കൃത്യമായും സമയബന്ധിതമായും നടപ്പാക്കാന്‍ കഴിഞ്ഞത് ഓപ്പറേറ്റിംഗ് ജീവനക്കാരായ കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും കാണിച്ച താത്പര്യവും ഓഫീസര്‍മാരും സൂപ്പര്‍ വൈസര്‍മാരും പ്രകടിപ്പിച്ച മികവും കൊണ്ടാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.ജീവനക്കാര്‍ അവരുടെ കുടുബത്തോടൊപ്പം അവധിയും ഉത്സവവും ആഘോഷിക്കുന്നത് മാറ്റിവച്ച് കര്‍മ്മ നിരതരായതിന് പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും കെഎസ്ആര്‍ടിസി പറഞ്ഞു.