രാജേഷ് തില്ലങ്കേരി
കേരള സി പി എമ്മില്‍ ഒരു ഇടവേളയ്ക്ക് ശേഷം വിഭാഗീയത ശക്തമാവുന്നു. പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പിണറായിക്കെതിരെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയതോടെ സി പി എമ്മില്‍ എം എ ബേബി- ഡോ തോമസ് ഐസക് അച്ചുതണ്ട് ശക്തിപ്രാപിക്കുയാണ്. പിണറായി വിജയന്റെ നിലപാടുകളാണ് പാര്‍ട്ടിക്ക് കനത്ത തോല്‍വിയുണ്ടാവാനുള്ള പ്രധാനകാരണമെന്നാണ് ഇവരുടെ നിലപാട്. പാര്‍ട്ടിയില്‍ തോല്‍വി സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് അടുത്ത ദിവസം ചര്‍ച്ച ചെയ്യാനിരിക്കേയാണ് എം എ ബേബി ഒരു വാരികയില്‍ തോല്‍വി സംബന്ധിച്ചുള്ള ലേഖനം എഴുതിയിരിക്കുന്നത്. പാര്‍ട്ടിയുടെ ഉന്നത ഘടകമായ പി ബി അംഗമാണ് എം എ ബേബി.
പിണറായി വിജയനുമായി നേരത്തെ തന്നെ അത്രനല്ല ബദ്ധമല്ല ബേബിക്കുള്ളത്. പാര്‍ട്ടി സെക്രട്ടറിക്കെതിരെയും എം എ ബേബിയുടെ ഒളിയമ്പുണ്ട്.
കോടിയേരി ബാലകൃഷ്ണന് രോഗബാധിതനായപ്പോള്‍ പൊളിറ്റ് ബ്യുറോ അംഗം എന്ന നിലയില്‍ പാര്‍ട്ടി സെക്രട്ടറിയുടെ ചുമതലയിലേക്ക് വരേണ്ടിയിരുന്നത് എം എ ബേബിയായിരുന്നു. എന്നാല്‍ ചുമതല നല്‍കിയത് എ വിജയരാഘവനായിരുന്നു. പിന്നീട് പാര്‍ട്ടി സെക്രട്ടറിയായി എം വി ഗോവിന്ദനെയാണ് നിയമിച്ചത്. പാര്‍ട്ടിയുടെ ഏറ്റവും വലിയ ഘടകം എന്ന നിലയില്‍ കണ്ണൂര്‍ നേതാക്കള്‍ മാത്രമാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാവാറുള്ളൂ.
വി എസ് അച്ചുതാനന്ദന് മാത്രമാണ് കണ്ണൂരിന് പുറത്തുനിന്നും സെക്രട്ടറിയായിട്ടുള്ളത്. പാര്‍ട്ടിയെ കണ്ണൂര്‍ ലോബി പൂര്‍ണമായും ഹൈജാക്ക് ചെയ്തെന്ന പരാതിയുള്ള നിരവധി നേതാക്കള്‍ സി പി എമ്മിലുണ്ട്.പാര്‍ട്ടി സെക്രട്ടറിക്ക് മുഖ്യമന്ത്രിയെ തിരുത്താന്‍ പറ്റാത്തതാണ് സി പി എം നേരിടുന്ന പ്രതിസന്ധിയെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. പിണറായിക്കെതിരെ ഉയര്‍ന്ന അഴിമതിയാരോപണം. എല്‍ ഡി എഫ് കണ്‍വീനറായ ഇ പി ജയരാജന്റെ ബി ജെ പി ബന്ധം പാര്‍ട്ടിയുടെ അടിത്തറ തകര്‍ത്തെന്നാണ് പിണറായി വിരുദ്ധചേരി വിലയിരുത്തുന്നത്.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയോടെ സി പി എമ്മില്‍ പിണറായി വിരുദ്ധചേരി ശക്തിപ്പെട്ടിരിക്കുകയാണ്. കണ്ണൂര്‍, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ വിഭാഗീയത രൂക്ഷമാണെന്നാണ് സി പി എം സംസ്ഥാന കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്. പൊളിറ്റ് ബ്യൂറോ മെമ്പറും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ എം എ ബേബിയും ഡോ തോമസ് ഐസക്കും കണ്ണൂര്‍ ലോബിക്കെതിരെ പാര്‍ട്ടിയില്‍ തിരുത്തല്‍ ശക്തിയായി മാറിയതോടെ നേരത്തെ പിണറായി പക്ഷക്കാരായിരുന്നവരില് ചിലനേതാക്കള്‍ പിണറായി ശൈലിമാറ്റണമെന്ന നിലപാട് പരസ്യമായി സ്വീകരിക്കാന്‍ തുടങ്ങിയിരിക്കയാണ്.
പിണറായി സ്റ്റൈലിനെതിരെ സി പി എമ്മില്‍ ആദ്യം പ്രതികരണവുമായി രംഗത്തെത്തിയിരുന്നത് മുന്‍ ധനമന്ത്രി ഡോ തോമസ് ഐസക്കായിരുന്നു. പൊതുജനങ്ങളുമായി പാര്‍ട്ടി അകന്നുപോയെന്നും ജനങ്ങളുടെ പാര്‍ട്ടിയായിരുന്ന സി പി എം നേതാക്കളുടെ പാര്‍ട്ടിയായി മാറിയെന്നും അഴിമതിയാരോപണങ്ങളില്‍ വ്യക്തതയുണ്ടാക്കാന്‍ പറ്റാതെ പോയതാണ് തിരിച്ചടിക്ക് പ്രധാന കാരണമായെന്നും ഐസക്ക് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ശൈലിയും പരാജയത്തിന് വഴിവച്ചുവെന്നായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം. കൊല്ലം ജില്ലാ റിപ്പോര്‍ട്ടിംഗിലും എം എ ബേബി മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെ നിലപാട് വ്യക്തമാക്കിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായത് അതീവ ഗുരുതരമായ തിരിച്ചടിയാണെന്നും ഇപ്പോഴത്തെ അവസ്ഥ നിരാശ പടര്‍ത്തുന്നതെന്നും തുറന്ന് പറഞ്ഞ് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. വാക്കും പ്രവര്‍ത്തിയും ജീവിതശൈലിയും പ്രശ്നമായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കപ്പെടണം. ഉള്‍പ്പാര്‍ട്ടി വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് നിര്‍വ്യാജമായ തിരുത്തലാണ് വേണ്ടതെന്നും ബേബി പച്ചക്കുതിരയില്‍ എഴുതിയ ലേഖനത്തില്‍ തുറന്ന് പറയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം തെറ്റുതിരുത്തല്‍ നടപടികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്കകത്ത് ശക്തമായിരിക്കെയാണ് തുറന്ന വിമര്‍ശനവുമായി മുതിര്‍ന്ന നേതാക്കള്‍ കൂട്ടത്തോടെ എത്തുന്നത്. തോമസ് ഐസകിന് പിന്നാലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണവും പരിഹാരവും നിര്‍ദ്ദേശിക്കുന്നതാണ് എംഎ ബേബിയുടെ ലേഖനം.
”ഇപ്പോള്‍ പാര്‍ലമെന്റിലുള്ളത് ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ഏറ്റവും ശോഷിച്ച സാന്നിധ്യമാണ്. നിരാശ പടര്‍ത്തുന്ന അവസ്ഥയാണിത്. ഇടതു സ്വാധീനത്തില്‍ നിന്ന് പോലും വോട്ടുകള്‍ ബിജെപിയിലേക്ക് ചോരുന്ന അവസ്ഥ ഉത്കണ്ഠ ഉണ്ടാക്കുന്നതാണ്. അതീവ ഗൗരവത്തോടെ ഇടപെടേണ്ട അവസ്ഥയാണിത്. പാര്‍ട്ടിയുടെ ബഹുജന സ്വാധീനത്തില്‍ ചോര്‍ച്ചയും ഇടിവും സംഭവിച്ചു. ഇതിന് വാക്കും പ്രവര്‍ത്തിയും ജീവിതശൈലിയും പ്രശ്നമായിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടണം. ഉള്‍പ്പാര്‍ട്ടി വിമര്‍ശനങ്ങള്‍ക്ക് ഇടമുണ്ടാകണം. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാനും തിരുത്താനും തയ്യാറാകണം. ജനങ്ങളോട് പറയുന്നത് പോലെ ജനങ്ങള്‍ പറയുന്നത് കേള്‍ക്കുകയും വേണം”. അല്ലെങ്കില്‍ ദുരവസ്ഥയ്ക്ക് പരിഹാരം കാണാന്‍ ആകില്ലെന്നാണ് എം എ ബേബി ഓര്‍മ്മിപ്പിക്കുന്നത്.
ആവശ്യമായ തിരുത്തലുകള്‍ ക്ഷമാപൂര്‍വം കൈക്കൊള്ളണമെന്നു കൂടി പറയുന്നതാണ് ലേഖനത്തിന്റെ ഉള്ളടക്കം. തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തുന്ന വിശദമായ അവലോകനങ്ങള്‍ക്ക് ശേഷം 19, 21, 22 തീയതികളില്‍ നടക്കുന്ന സിപിഎമ്മിന്റെ സംസ്ഥാന നേതൃയോഗം തെറ്റുതിരുത്തല്‍ നടപടികള്‍ക്കുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കാനിരിക്കുകയാണ്. ഇതിന് തൊട്ടു മുന്‍പാണ് തെറ്റുകളും തിരുത്തുകളും ഇടതുപക്ഷവും എന്ന പേരിലാണ് പച്ചക്കുതിരയില്‍ എം എ ബേബിയുടെ ലേഖനത്തില്‍ എം എ ബേബി പറയുന്നത്.
എം എ ബേബിയുടെ ലേഖനത്തെക്കുറിച്ച് സി പി എം സംസ്ഥാന സെക്രട്ടറിയോ മുഖ്യമന്ത്രി പിണറായി വിജയനോ പ്രതികരിച്ചിട്ടില്ല.ഈ വിവാദത്തിന് തൊട്ടുപിന്നാലെ ആലപ്പുഴയിലെ വിഭാഗീയതയെക്കുറിച്ചായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.
ഇതിനു പിന്നാലെയാണ് ആലപ്പുഴയിലെ പാര്‍ട്ടിയില്‍ ചില കളകളുണ്ടെന്നും ആ കളമാറ്റുമെന്നും സി പി എം സംസ്ഥാന സെക്രട്ടറിയുടെ മുന്നറിയിപ്പ് വന്നിരിക്കുന്നത്. ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ടിംഗിനിടെയാണ് എം വി ഗോവിന്ദന്റെ മുന്നറിയിപ്പ്. സംഘടനാ നടപടിയുണ്ടാവാതെ ഇനി മുന്നോട്ടേക്ക് പോകാനാവില്ലെന്നാണ് പാര്‍ട്ടി സെക്രട്ടറി പറയുന്നത്. ആലപ്പുഴയില്‍ സി പി എം സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു. പാര്‍ട്ടി വോട്ട് വന്‍തോതില്‍ ചോര്‍ന്നതായാണ് സി പി എം ജില്ലാ കമ്മിറ്റി വിലയിരുത്തിയിരിക്കുന്നത്. സിറ്റിംഗ് എം പിയായിരുന്ന എ എം ആരിഫിന്റെ തോല്‍വിയോടെ സി പി എം ജില്ലാ നേതൃത്വം കൂടുതല്‍ പ്രതിരോധത്തിലായിരിക്കയാണ്. ജില്ലയിലെ വിഭാഗീയതയാണ് തോല്‍വിയുടെ ആഴം കൂട്ടിയതെന്നാണ് സി പി എം സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. അസംബ്ലി തിരഞ്ഞെടുപ്പ് കാലത്തും ആലപ്പുഴ ജില്ലയില്‍ സി പി എമ്മിനുള്ളില്‍ വിഭാഗീയത ശക്തമായിരുന്നു. ജി സുധാകരനായിരുന്നു സംസ്ഥാന കമ്മിറ്റിയുടെ നോട്ടപ്പുള്ളി. കൂടുതല്‍ നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതുള്‍പ്പെടെയുള്ള നീക്കങ്ങളാണ് സി പി എമ്മിലുണ്ടായിരിക്കുന്നത്