ഒരു മാസത്തോളം നീണ്ട പരസ്യപ്രചാരണച്ചൂടിന് ആവേശകരമായ കൊട്ടിക്കലാശം. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും മൂന്നു മുന്നണികളുടെയും പ്രവര്‍ത്തകര്‍ ആവേശകരമായ റോഡ് ഷോ നടത്തി അവസാന മണിക്കൂറിലെ പ്രചാരണം കളര്‍ഫുള്ളാക്കി. വൈകിട്ട് ആറുമണിയോടെയാണ് പരസ്യപ്രചാരണത്തിന് അവസാനം കുറിച്ചത്.
നാലു ജില്ലകളില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. മലപ്പുറത്ത് എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുള്ള വാക്കേറ്റം കൈയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ പോലീസ് ലാത്തി വീശി. കരുനാഗപ്പള്ളിയിലും എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.
പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞു നടത്തിയ കല്ലേറില്‍ കരുനാഗപ്പള്ളി എംഎല്‍എ സി ആര് മഹേഷിനും നാലു പോലീസുകാര്‍ക്കും പരുക്കേറ്റു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസിന് കണ്ണീര് വാതകം പ്രയോഗിക്കേണ്ടി വന്നു. ഇതിനു പുറമേ മാവേലിക്കര, ഇടുക്കി, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലും നേരിയ തോതില്‍ സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് രാവിലെ മുതല്‍ മണ്ഡലങ്ങളില്‍ ഓട്ടപ്പാച്ചിലിലായിരുന്നു സ്ഥാനാര്‍ഥികള്‍. വിട്ടുപോയ സ്ഥലങ്ങള്‍ അവസാന നിമിഷം സന്ദര്‍ശിച്ചും ഉറച്ച വോട്ടുകള്‍ ഒരിക്കല്‍ക്കൂടി ഉറപ്പാക്കിയും നീങ്ങിയ ശേഷം വൈകിട്ട് നാലു മണിയോടെയാണ് കൊട്ടിക്കലാശത്തിനായ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും നീങ്ങിയത്.