ആലപ്പുഴ: മോദി സർക്കാർ അധികാരത്തിൽവന്നാൽ കയറിന് സ്പെഷ്യൽ പാക്കേജ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. എൻ.ഡി.എ. സ്ഥാനാർഥി ശോഭാസുരേന്ദ്രന്റെ തിരഞ്ഞെടുപ്പു പ്രചാരണയോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഈ തിരഞ്ഞെുപ്പ് ഭാരതത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കാനുള്ളതാണ്.
മൂന്നു കോടി സഹോദരിമാർക്ക് ക്ഷേമനിധി ലഭ്യമാക്കുന്നതിനാണ്. ഉത്പാദന രംഗത്തും കാർഷിക മേഖലയിലും നാം ഒന്നാമതാകും. ഇതു ചന്ദ്രയാനും മംഗൾയാനും ആദിത്യയാനും പൂർത്തികരിക്കുന്നതിനാണ്. കേരളത്തെ അഴിമതിയിൽ നിന്നും അക്രമത്തിൽ നിന്നും രക്ഷിക്കാൻ കൂടിയുള്ളതാണ്.
അതാണ് എല്ലാ സർവേകളിലും കേരളം നരേന്ദ്രമോദിക്കൊപ്പം ചേരാനാഗ്രിക്കുന്നതായി പറയുന്നതെന്ന് അമിത് ഷാ പറഞ്ഞു. പ്രസംഗം തുടങ്ങുമ്പോൾ ആലപ്പുഴയുടെ മണ്ണിലെ അമ്പലപ്പുഴ ക്ഷേത്രം, മണ്ണാറശാലക്ഷേത്രം, വെങ്കിടാചലപതി ക്ഷേത്രം എന്നിവയെ അദ്ദേഹം സ്മരിച്ചു. ആലപ്പുഴയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂട്ടിച്ചേർത്തായിരുന്നു പ്രസംഗം.
ആലപ്പുഴ റെക്രിയേഷൻ ഗ്രൗണ്ടിൽ രാവിലെ 11.30 ഓടെയാണ് ഹെലികോപ്റ്ററിൽ അമിത് ഷാ പറന്നിറങ്ങിയത്. അതിനും മണിക്കൂറുകൾക്കു മുൻപു തന്നെ വൻ സുരക്ഷാ സന്നാഹമൊരുക്കിയിരുന്നു. 10 മണിയോടെ കേന്ദ്രസംഘവും പോലീസിനൊപ്പം ചേർന്നു. ഈ സമയം തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി.യുടെ സംസ്ഥാന-ജില്ലാതല നേതാക്കളുമെത്തി.
ഹെലികോപ്റ്ററിനു സ്ഥലം മനസ്സിലാക്കുന്നതിനായി മൈതാനത്തിന്റെ ഒരുവശത്തുനിന്നു പുക ഉയർത്തിയിരുന്നു. നിമിഷങ്ങൾക്കുള്ളിൽ ഹെലിപ്പാഡിലേക്കു പറന്നിറങ്ങി. തുടർന്ന് വാഹനവ്യൂഹം പുന്നപ്രയിലെ പൊതുസമ്മേളന വേദിയിലേക്കു പുറപ്പെട്ടു. 11.45-നു പൊതുസമ്മേളനവേദിയിലെത്തിയ ഷാ പരിപാടികൾ പൂർത്തീകരിച്ച് 12.50-ന് തിരികെ ഗ്രൗണ്ടിലേക്കു പുറപ്പെട്ടു.
വാഹനവ്യൂഹം കടന്നുപോകുന്ന വഴികളിലെല്ലാം കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ഒരു മണിയോടെ കേന്ദ്രമന്ത്രിയെയും വഹിച്ചു ഹെലികോപ്റ്റർ തിരികെ ഡൽഹിയിലേക്കു പുറപ്പെട്ടു. പോലീസിന്റെ പ്രത്യേക അനുമതി നേരത്തേ വാങ്ങിയവർക്കായിരുന്നു ഗ്രൗണ്ടിനു സമീപം നിൽക്കാൻ അനുമതി ലഭിച്ചത്