വിജയ് സേതുപതി, സൂരി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രമാണ് വിടുതലൈ. 2023 ൽ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധനേടിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ചിത്രത്തിൽ മഞ്ജു വാര്യരും നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് നടൻ വിജയ് സേതുപതി പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. നടന്റെ ഏറ്റവും പുതിയ ചിത്രമായ മഹാരാജയുടെ റിലീസിനോട് അനുബന്ധിച്ച് നൽകിയ അഭിമുഖത്തിലാണ് ചിത്രത്തെക്കുറിച്ച് പറഞ്ഞത്.
മഞ്ജു വാര്യരുമായുള്ള കോമ്പിനേഷൻ രംഗത്തെക്കുറിച്ചാണ് പറഞ്ഞത്. തന്റെ കഥാപാത്രത്തിന് മനോഹരമായ ഒരു ലവ് ട്രാക്ക് സംവിധായകൻ ഒരുക്കിയിട്ടുണ്ടെന്നും മഞ്ജു വാര്യരുമായുള്ള കോമ്പിനേഷൻ രംഗങ്ങൾ ഉണ്ടെന്നും നടൻ പറഞ്ഞു.
ചിത്രത്തിൽ എനിക്കും മഞ്ജു വാര്യര്‍ക്കും ഇടയിലാണ് റൊമാന്റിക് ട്രാക്ക് വെട്രിമാരൻ ഒരുക്കിയിട്ടുണ്ട്. ചിത്രത്തിന്റെ ഫൈനല്‍ കട്ടില് ഈ ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് കളയരുതെന്ന് വെട്രിമാരനോട് ഞാന്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്’- വിജയ് സേതുപതി പറഞ്ഞു.
റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ ആയിരിക്കും വിടുതലൈ 2ന്റെ ആദ്യ പ്രദർശനം. പ്രശസ്ത നോവലിസ്റ്റായ ബി. ജയമോഹന്റെ തുനൈവന്‍ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയത്. ജയമോഹനും വെട്രിമാരനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയത്.
ഇളയരാജയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.വാത്തിയാര് എന്നറിയപ്പെടുന്ന പെരുമാള്‍ എന്ന മാവോയിസ്റ്റ് നേതാവിനെ പിടികൂടാനായി തദ്ദേശീയ ജനവിഭാഗങ്ങളായ ആദിവാസികള്‍ക്കെതിരെ ഭരണകൂടം നടത്തുന്ന അതിക്രമങ്ങളും, പുതുതായി പൊലീസ് സേനയില്‍ ചേര്‍ന്ന യുവാവിന്റെ മാനസിക സംഘര്‍ഷങ്ങളുമാണ് വിടുതലൈ ആദ്യ ഭാഗത്തില്‍ ചര്‍ച്ച ചെയ്തത്.
സൂരി, ഗൗതം വാസുദേവ് മേനോൻ, കിഷോർ, രാജീവ് മേനോൻ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ . ഗ്രാസ് റൂട്ട് ഫിലിം കമ്പനിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.