ന്യൂഡൽഹി :വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ്. അനധികൃത കയ്യേറ്റവും ഖനനവും അനുവദിച്ചതിന്റെ ദുരന്തമാണു വയനാട് നേരിടുന്നതെന്നാണു കേന്ദ്രമന്ത്രിയുടെ കുറ്റപ്പെടുത്തൽ. ‘‘സർക്കാർ സംവിധാനങ്ങൾ ഇത്തരം പ്രവർത്തികൾക്കു നിയമവിരുദ്ധ സംരക്ഷണം നൽകി. വളരെ സെൻസിറ്റീവായ പ്രദേശത്തിന് ആ പ്രാധാന്യം നൽകിയില്ല. നൽകിയ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചു.
ഭാവിയിലെങ്കിലും ഈ രീതിയിലുള്ള ഖനനവും മണ്ണെടുപ്പുമടക്കം ഇല്ലാതാകേണ്ടതുണ്ട്’’ – പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി വാർത്താ ഏജൻസിയായ എഎന്‍ഐയോട് കേന്ദ്രമന്ത്രി പറഞ്ഞു. ‘‘പ്രാദേശിക രാഷ്ട്രീയക്കാരുടെ ഒത്താശയോടെയാണ് ഇവിടെ നിയമവിരുദ്ധമായി മനുഷ്യവാസം നടത്തുന്നത്. ഈ മേഖലയിൽ അവർ കയ്യേറ്റങ്ങൾ അനുവദിച്ചു. ഇതു വളരെ സെൻസിറ്റീവായ മേഖലയാണ്. മുൻ ഡയറക്ടർ ജനറൽ ഓഫ് ഫോറസ്റ്റ് സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെ കേന്ദ്രം പഠിക്കാൻ നിയോഗിച്ചിട്ടുണ്ട്. ഇവർ സംസ്ഥാന സർക്കാരുമായി സംസാരിച്ചിട്ടുണ്ട്സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണെന്നാണ് ഞങ്ങൾക്കു തോന്നുന്നത്. പ്രാദേശിക അധികൃതരുടെ സഹായത്തോടെ ഇവിടെ അനധികൃത കയ്യേറ്റവും ഖനനവും നടക്കുന്നുണ്ട്. ഇക്കോസെൻസിറ്റീവ് സോണുകൾക്കായി കേരള സർക്കാർ ഒരു പദ്ധതി തയാറാക്കണം. സംസ്ഥാനത്തിന്റെ റിപ്പോർട്ട് സഞ്ജയ് കുമാറിന് നൽകണം. ദീർഘനാളുകളായി ഈ കമ്മിറ്റിയെ സംസ്ഥാന സർക്കാർ ഒഴിവാക്കുകയായിരുന്നു’