ലഖ്നൗ: സഹോദരിക്കുള്ള വിവാഹസമ്മാനത്തിന്റെ പേരില്‍ യുവാവിനെ ഭാര്യയും ഭാര്യാസഹോദരന്മാരും ചേര്‍ന്ന് അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ബാരാബങ്കി സ്വദേശിയായ ചന്ദ്രപ്രകാശ് മിശ്ര(35)യെയാണ് ഭാര്യ ഛാബിയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയത്.
ചന്ദ്രപ്രകാശിന്റെ സഹോദരിക്കുള്ള വിവാഹസമ്മാനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. ഏപ്രില്‍ 26-നാണ് സഹോദരിയുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. സഹോദരിക്ക് വിവാഹസമ്മാനമായി ഒരു സ്വര്‍ണമോതിരവും ടി.വി.യും നല്‍കാനായിരുന്നു ചന്ദ്രപ്രകാശ് ഉദ്ദേശിച്ചിരുന്നത്.
എന്നാല്‍, സഹോദരിക്ക് മോതിരവും ടി.വി.യും സമ്മാനിക്കുന്നതിനെ ചന്ദ്രപ്രകാശിന്റെ ഭാര്യ ഛാബി എതിര്‍ത്തു. ഇതേച്ചൊല്ലി ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കവുമുണ്ടായി. ഇതിനുപിന്നാലെയാണ് ഭര്‍ത്താവിനെ ‘ഒരു പാഠം പഠിപ്പിക്കണമെന്ന്’ ആവശ്യപ്പെട്ട് ഛാബി സഹോദരന്മാരെ വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തിയ ഭാര്യാസഹോദരന്മാര് ചന്ദ്രപ്രകാശിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
വടികളും മറ്റും ഉപയോഗിച്ച് ഏകദേശം ഒരുമണിക്കൂറോളം പ്രതികള്‍ ചന്ദ്രപ്രകാശിനെ മര്‍ദിച്ചെന്നാണ് പോലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പിന്നീട് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
കേസില്‍ യുവാവിന്റെ ഭാര്യയും ഭാര്യാസഹോദരന്മാരും അടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.