സി പി ഐ രാഷ്ട്രീയ മാറ്റത്തിന് തയ്യാറെടുക്കുകയാണോ?മുഖ്യമന്ത്രി പിണറായി വിജയന് നേതൃത്വം ഒഴിയണമെന്ന സി പി ഐ ജില്ലാ കൗണ്‍സിലുകളുടെ ആവശ്യം പെട്ടെന്നുണ്ടായ രാഷ്ട്രീയാന്തരീക്ഷത്തില്‍ അംഗുരിച്ചതല്ലെന്നാണ് സി പി എമ്മിന്റെ വിലയിരുത്തല്‍.എല്‍ ഡി എഫില്‍ നിന്നുകൊണ്ട് ഇനി രാഷ്ട്രീയമായൊരു നേട്ടവുമില്ലെന്നും മുന്നണി മാറുന്നതാണ് നല്ലതെന്നുമുള്ള സി പി ഐ ഇടുക്കി ജില്ലാ കൗണ്‍സിലിന്റെ പ്രമേയം സി പി ഐയില്‍ സംസ്ഥാന തലത്തില്‍ നടക്കുന്ന ചര്‍ച്ചകളുടെ ബഹിസ്ഫരണം മാത്രമാണ്.
സി പി ഐയുടെ നാല് മന്ത്രിമാരും ശോഭിക്കുന്നില്ലെന്ന അഭിപ്രായമാണ് എല്ലാ ജില്ലാ കമ്മിറ്റികള്‍ക്കും.എറണാകുളം ജില്ലാ കമ്മിറ്റിയും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും കണിശമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.പിണറായി വിജയന്റെ നേതൃത്വത്തില്‍ ഈ മുന്നണിഭരണം ഇനിയും മുന്നോട്ടുപോയാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാണ് ലഭിക്കുകയെന്നാണ് സി പി ഐയുടെ നിലപാട്.പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറണെന്ന അഭിപ്രായം മുന്നിണിയില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് സി പിഐ.
സിപി ഐ ഏറെ പ്രതീക്ഷിച്ചിരുന്ന തൃശ്ശൂര്‍ സീറ്റ് നഷ്ടമായതും ബി ജെ പി തൃശ്ശൂര്‍ സീറ്റില്‍ വന്‍ വിജയം നേടിയതും ബി ജെ പി – സി പി എം അന്തര്‍ധാരയുടെ ഫലമായാണെന്ന് സി പി ഐ വിശ്വസിക്കുന്നുണ്ട്.കരിവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസ് അടക്കം സി പി എം നേതാക്കള്‍ കരുക്കിലായ കേസുകളില്‍ നിന്നും രക്ഷപ്പെടാനായി സി പി എം വി എസ് സുനില്‍ കുമാറിനെ രാഷ്ട്രീയമായി ബലികൊടുക്കുകയായിരുന്നു വെന്നാണ് സി പി ഐയുടെ ആരോപണം.ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ഇ ഡി ചോദ്യം ചെയ്ത നേതാക്കള്‍ ഒരാളായ എം കെ കണ്ണനെ തൃശ്ശൂരില്‍ പ്രചരണ സമിതിയുടെ ചെയര്‍മാനാക്കിയത് വലിയ തിരിച്ചടിക്ക് വഴിവച്ചു എന്നാണ് സി പി ഐ ആരോപണം.
തിരുവനന്തപുരത്ത് ബി ജെ പി നടത്തിയ മികച്ച മുന്നേറ്റവും സി പി ഐയെ അസ്വസ്ഥരാക്കുന്നുണ്ട്. പന്ന്യന്‍ രവീന്ദ്രന് അനുകൂലമായ ഒരു രാഷ്ട്രീയ നീക്കവും തിരുവനന്തപുരത്ത് സി പി എമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്ന ആരോപണവും സി പി ഐ ഉന്നയിക്കുന്നുണ്ട്.
ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി ഇന്‍ഡ്യാ മുന്നണിയുണ്ടാക്കുന്നതില്‍ ഏറ്റവും വ്യക്തമായ നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് സി പി ഐ. ദേശീയതലത്തില്‍ ഒരുമിച്ചു നില്ക്കാന് കഴിയുമെങ്കില്‍ എന്തു കൊണ്ട് സി പി ഐ-കോണ്‍ഗ്രസ് സഖ്യം ഉണ്ടായിക്കൂടെന്ന ആലോചനയും സി പി ഐ നേതാക്കളിലുണ്ട്.
ഇടത് മുന്നണിയുടെ ഭാഗമായി നില്ക്കുന്നതു കൊണ്ടുമാത്രമാണ് സി പി ഐക്ക് രാഷ്ട്രീയ വളര്‍ച്ച കൈവരിക്കാന്‍ കഴിയാതെ പോവുന്നതെന്ന ആരോപണവും സി പി ഐ നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്.അസ്വസ്ഥരായ നിരവധി സി പി എം നേതാക്കളും അണികളും സി പി ഐയുമായി സഹകരിക്കാന്‍ തയ്യാറാണെങ്കിലും മുന്നണിയുടെ ഭാഗമായി നില്ക്കുന്നതിനാല് പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ടാക്കുകയാണ്.ആലപ്പുഴയില്‍ സി പി എം വിട്ട് സി പി ഐയിലെത്തിയ ടി ജെ ആഞ്ചലോസിനെ പോലുള്ള നേതാക്കള്‍ക്ക് ഇപ്പോഴും ഇടതുമുന്നണിയില്‍ അപ്രഖ്യാപിത വിലക്ക് തുടരുകയാണ്.സി പി എം വിട്ട് സിപി ഐയിലെത്തിയ നിരവധി പ്രാദേശിക നേതാക്കളും ഇതേ ഊരുവിലക്കിന്റെ നടുവിലാണ്.സി പി എം വിട്ട് കോണ്‍ഗ്രസില്‍ എത്തിയവര്‍ക്കും കോണ്‍ഗ്രസ് വിട്ട് സി പി എമ്മില്‍ എത്തിയവര്ക്കുമില്ലാത്ത പ്രതിരോധമാണ് സി പി ഐയിലേക്ക് ചേക്കേറുന്നവര്‍ അനുഭവിക്കുന്നത്.
കേരളത്തില്‍ വളര്‍ന്നുവരുന്ന വര്‍ഗീയതയെ തടയാന്‍ ശക്തമായ രാഷ്ട്രീയ നിലപാട് ആവശ്യമാണെന്ന നിഗമനത്തിലാണ് സി പി ഐ. കോണ്‍ഗ്രസാണ് മുഖ്യശത്രുവെന്ന സി പി എം നിലപാട് തിരുത്തേണ്ട സമയം ആഗതമായിരിക്കുന്നുവെന്നും സി പി ഐ കരുതുന്നുണ്ട്. സി പി എം- സിപി ഐ ശക്തികേന്ദ്രങ്ങളില്‍ ബി ജെ പി നടത്തിയ മുന്നേറ്റം കേരളത്തില്‍ ഉണ്ടാകാന്‍ പോവുന്ന രാഷ്ട്രീയ മാറ്റത്തിന്റെ സൂചനകളായാണ് സി പി ഐ വിലയിരുത്തുന്നത്.നിലവില്‍ സി പി ഐക്ക് കേരളത്തില്‍ നിന്നും എം പി യില്ല. കഴിഞ്ഞ ടേമിലും ഒറ്റ എം പിയും ഉണ്ടായിരുന്നില്ല. രാജ്യസഭയില്‍ രണ്ട് അംഗങ്ങള്‍ മാത്രമാണുള്ളത്.അടുത്ത അസംബ്ലി തിരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടിയാല്‍ സി പി ഐയുടെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടും.ഇതെല്ലാം സി പി ഐയെ മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസുമായി ചേര്‍ന്ന് കേരളത്തില്‍ നേരത്തെ നല്ല ഭരണം കാഴ്ചവെക്കാന്‍ കഴിഞ്ഞിട്ട് എന്നതും സി പി ഐക്ക് മുന്നിലുണ്ട്.
കേരളത്തില്‍ കോണ്‍ഗ്രസുമായി ചേരുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന ഉറച്ച വിശ്വാസത്തിലാണ് സി പി ഐ യിലെ ഒരു വിഭാഗം നേതാക്കള്‍.കേരളാ കോണ്‍ഗ്രസ് എമ്മിന് നല്കുന്ന അത്രയും രാഷ്ട്രീയ പരിഗണന സി പി ഐക്ക് നല്‍കുന്നില്ലെന്ന പരാതിയും സി പി ഐക്കുണ്ട്. കേരളാ കോണ്‍ഗ്രസ് പോലുള്ള പിന്തിരിപ്പന് പാര്‍ട്ടികളെ എന്തിനാണ് സി പി എം ഇത്രയേറെ പരിഗണിക്കുന്നതെന്ന ചോദ്യം നേരത്തേയും സി പി ഐ ഉന്നയിച്ചിട്ടുണ്ട്.കേരളാ കോണ്‍ഗ്രസ് ബി ക്ക് ഇടതുമുന്നണിയില്‍ ഇടം നല്കിയതും സി പി ഐക്ക് രാഷ്ട്രീയമായ തിരിച്ചടിയായിരുന്നു.
ബി ജെ പി നേതാക്കളുമായുള്ള ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്റെ ബന്ധം രാജീവ് ചന്ദ്രേശഖറുമായുള്ള ഇ പിയുടെ മകന്റെ സ്ഥാപനത്തിനുള്ള ബന്ധം ഇവയെല്ലാം ഇടത് മുന്നണിയില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്നാണ് സി പി ഐയുടെ ആവശ്യം. മുഖ്യമന്ത്രിയുടെ ശൈലി മാറണമെന്ന് സി പി എമ്മില്‍ തന്നെ ആവശ്യം ഉയര്‍ന്ന സാഹചര്യത്തില്‍ സി പി ഐയെ കേള്‍ക്കാതെ സി പി എം നേതൃത്വത്തിനും മുന്നോട്ടു പോകാനാവില്ല.