മൂവാറ്റുപുഴ: കണ്മുന്നില് പേരക്കുട്ടികള്‍ മുങ്ങിപ്പോകുന്നത് കണ്ടുനില്ക്കാന് കഴിയില്ലായിരുന്നു.. ഒപ്പം ആമിനുമ്മയും പോയി. പേരക്കുട്ടിയുടെയും മുത്തശ്ശിയുടെയും മരണം രണ്ടാര്‍കര ഗ്രാമത്തെ വല്ലാതെ വേദനിപ്പിച്ചു. മൂവാറ്റുപുഴ രണ്ടാര്‍കര കിഴക്കേക്കുടിയില്‍ ആമിന (65), മകളുടെ മകള്‍ ഫര്‍ഹ ഫാത്തിമ (11) എന്നിവരാണ് മരിച്ചത്. ആമിനയുടെ മകന്റെ മകള്‍ ഹന ഫാത്തിമ (10) കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.
ആമിനുമ്മ ഈ പ്രദേശത്തുകാര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. ഏറെ സംസാരിക്കുന്ന വിശേഷങ്ങള്‍ ചോദിക്കുന്ന ആമിനയും മക്കളും പേരക്കുട്ടികളുമൊക്കെ നെടിയാമല പാറക്കടവില്‍ കുളിക്കാനും വസ്ത്രം കഴുകാനുമൊക്കെയായി നിത്യേനെയെത്തുന്നതാണ്. പുഴയുടെ സ്വഭാവവും പാറയുടെ വഴുക്കലും കുത്തനെയുള്ള പാറയിറക്കങ്ങളും അറിയുന്നതാണിവര്.
പക്ഷേ കുട്ടികളില്‍ ആര്‍ക്കോ ഒന്നു നിലതെറ്റിയിരിക്കാമെന്നാണ് എല്ലാവരും കരുതുന്നത്. പെട്ടെന്ന് പാറയിലെ വഴുക്കില്‍ കാല് തെന്നി മുങ്ങിയപ്പോള്‍ ഭയന്നുപോകുന്നതാണ് ഇവിടെ അപകടം വരുത്തുന്നത്. കുട്ടികള്‍ അത്തരത്തില്‍ ഭയന്നു മുങ്ങിയപ്പോള്‍ പിടിക്കാന്‍ ആമിനുമ്മയും ഇറങ്ങിയെന്നാണ് സ്ഥലവാസികള്‍ കരുതുന്നത്.
ജീവനുവേണ്ടിയുള്ള പിടച്ചിലില്‍ പിടിത്തം മുറുകി ഇരുവര്‍ക്കും കര കയറാനായിക്കാണില്ലെന്ന് പുഴയോരത്തുള്ളവര്‍ പറയുന്നു. കടവില്‍നിന്ന് കുറച്ചു ദൂരം മാറി പുഴയുടെ മധ്യഭാഗത്തായാണ് ആമിനയെയും ഫര്‍ഹയെയും കണ്ടത്. അപ്പോള്‍ ഇരുവരും കൈകള്‍ പരസ്പരം കോര്‍ത്ത് വച്ചിരുന്നു. കടവിനടുത്തുതന്നെ വെള്ളത്തിനടിയില്‍ നിന്നാണ് ഹനയെ കണ്ടെടുത്തത്.
ഹനയും ഫര്‍ഹയും മുങ്ങിപ്പോകുന്നതുകണ്ട് ആമിന രക്ഷിക്കാന്‍ ശ്രമിച്ചതാകാമെന്നാണ് നിഗമനം. പുഴയില്‍ ഒഴുക്കും വെള്ളവും കുറവാണ്. തടയിണകളുള്ളതിനാലും ശുദ്ധജല വിതരണപദ്ധതിയുടെ കിണറുള്ളതുകൊണ്ടും ഈ ഭാഗത്ത് വെള്ളത്തിന്റെ തള്ള് മുകളിലേക്കുണ്ട്. അതിനാലാണ് ആമിനയെയും ഫര്‍ഹയെയും കടവിനടുത്തു നിന്നുതന്നെ കിട്ടിയത്.
പുഴവെള്ളത്തില്‍ രണ്ടുപേര്‍ പൊങ്ങിക്കിടക്കുന്നത് കണ്ട് കുളിക്കാനെത്തിയ സ്ത്രീയുടെ കരച്ചില്‍കേട്ട് ആദ്യം ഓടിയെത്തിയത് അടുത്തവീട്ടില്‍ പെയിന്റിങ് ചെയ്തുകൊണ്ടിരുന്ന സുധീഷും സഹപ്രവര്‍ത്തകരുമാണ്. ശുദ്ധജല സംഭരണിയുടെ നേരേ പുഴയുടെ നടുക്കായി രണ്ടുപേര്‍ കിടക്കുന്നതുകണ്ട് പുഴയിലിറങ്ങി വലിച്ചുകയറ്റിയത് നാട്ടുകാരന്‍കൂടിയായ സുധീഷാണ്.
എടുക്കുമ്പോള്‍ ആമിനയ്ക്ക് തീര്‍ത്തും അനക്കമുണ്ടായിരുന്നില്ല. എന്നാല്‍, കുട്ടിക്ക് പള്‍സ് കിട്ടുന്നുണ്ടായിരുന്നു. അപ്പോഴും പുഴയില്‍ മറ്റൊരു കുട്ടികൂടിയുണ്ടെന്ന് മനസ്സിലായിരുന്നില്ല. ഫര്‍ഹയെ അടുത്തവീട്ടിലെ കാറില്‍ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമിത്തിനിടെയാണ് ഒരു കുട്ടികൂടിയുണ്ടെന്നറിയുന്നത്. അപ്പോഴേക്കും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. പാറയില്‍ മൂന്ന് ജോഡി ചെരിപ്പ് കണ്ടതോടെ വെള്ളത്തിലിറങ്ങി പരിശോധിക്കാന്‍ ഫയര്‍ഫോഴ്സ് തീരുമാനിക്കുകയായിരുന്നു.പെട്ടെന്നുതന്നെ ഹനയെ കണ്ടെത്തുകയും ചെയ്തു.
നെടിയാമല പാറക്കടവ് കണ്ടാല്‍ ആര്‍ക്കും അത്ര അപകടമൊന്നും തോന്നില്ല. പക്ഷേ, ഇവിടെ ഇതുവരെ മരിച്ചത് ആറുപേരാണ്. പാറയിലെ വഴുക്കലും കുത്തനെയുള്ള പാറയിറക്കവും ഇടുക്കുകളുമാണ് അപകടം വരുത്തുന്നത്. കാല്‍വഴുതി ആഴത്തിലേക്ക് പോകുമ്പോള്‍ ഭയന്ന് മുങ്ങിപ്പോകും. വഴുക്കുള്ളതിനാല്‍ കയറിവരാനും കഴിയില്ല. ഇവിടെ സുരക്ഷാ ബോര്‍ഡുകളോ മറ്റ് സംവിധാനങ്ങളോ ഇല്ല.