കൊച്ചി:പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചും ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിച്ചും ജീവദീപ്തി മാസികയില്‍ വന്ന ലേഖനം തള്ളി ലത്തീന്‍ സഭ.ലത്തീന്‍ സഭയ്ക്ക് ബിജെപി അനുകൂല നിലപാട് എന്ന പ്രചരണം അവാസ്തവമാണെന്ന് കെആര്‍എല്‍സിസി പ്രതികരിച്ചു.
പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള പ്രചരണം സഭയുടെ നിലപാടല്ല. ഇക്കാര്യത്തില്‍ ലത്തീന്‍ കത്തോലിക്കരുടെ നിലപാട് പറയേണ്ടത് കെആര്‍എല്‍സിസി ആണ്.ലേഖകന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.സഭാ നിലപാട് വൈകിട്ട് കൊച്ചിയില്‍ പ്രഖ്യാപിക്കും.കെആര്‍എല്‍സിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് വൈകിട്ട് ചേരുന്നുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.
കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയാണ് കെആര്‍എല്‍സിസി.ആലപ്പുഴ രൂപതയിലെ വൈദികന് ഫാ.സേവ്യര്‍ കുടിയാംശ്ശേരിയുടെ ലേഖനമാണ് ചര്‍ച്ചയായത്.ബിജെപിയില്‍ അഴിമതിയില്ല എന്നുവേണം കരുതാനെന്നും ബിജെപിക്ക് ഇനിയും അയിത്തം കല്പിക്കേണ്ടതില്ലെന്നും ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്.
കമ്യൂണിസ്റ്റ് പാര്‍ട്ടി ക്രിമിനലുകളുടെ സങ്കേതമാണ്.കമ്മ്യൂണിസം അറിയാവുന്നവര്‍ കമ്മ്യണിസ്റ്റ് പാര്‍ട്ടിയിലില്ല.അവര്‍ അവരുടെ പാര്‍ട്ടിക്കാരെ മാത്രം സേവിക്കുന്നു.കോണ്‍ഗ്രസിലും പ്രതീക്ഷയില്ല.പുതിയ തലമുറ കോണ്‍ഗ്രസില്‍ നിന്ന് മാറി ചിന്തിക്കുന്നു.ഇന്‍ഡ്യ മുന്നണിക്ക് ദാര്‍ശനികമായ അടിത്തറയില്ല. നരേന്ദ്രമോദിക്ക് വിദേശത്ത് സ്വീകാര്യതയുണ്ട്. ബി ജെ പി കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധ്യതയെന്നും ലേഖനത്തില്‍ പറയുന്നു.