പിണറായിയോളം തലയെടുപ്പുള്ള കണ്ണൂരിലെ സിപിഎം നേതാവ് ബിജെപിയുടെ ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും തന്നെ വന്നു കണ്ടിരുന്നുവെന്നുമുള്ള ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തലിൽ പറയുന്ന നേതാവ് ഇപി ജയരാജനോ ?
സിപിഎമ്മിന്റെ കണ്ണൂരിലെ തലയെടുപ്പുള്ള നേതാവ് മറ്റാരുമല്ലെന്നും, അത് മുന്‍ മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റിയംഗവും നിലവില്‍ എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജനാണ് എന്നാണ് ബിജെപി കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാവുന്ന വിവരം.
കേരളത്തിലെ സിപിഎമ്മിനെ പിളര്‍ത്താനും, ഭരണം പിടിച്ചെടുക്കാനുമായി ഇപി ജയരാജന് ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയെന്നും, ജയരാനെ ബിജെപി നേതാക്കളടെ അടുത്തെത്തിച്ചത് വിവാദ ദല്ലാള്‍ നന്ദകുമാറാണെന്നുമാണ് പുറത്തു വരുന്ന വിവരം.
ബിജെപിയുടെ ദേശീയ നേതാക്കള്‍ സംസ്ഥാന നേതൃത്വവുമായി ഈ വിഷയം നേരത്തെ ചര്‍ച്ച ചെയ്തിരുന്നതായും ഇപി ജയരാജന് സിപിഎമ്മിനെ, നേരെ പിളര്‍ത്താനുള്ള കെല്‍പ്പില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ നീക്കത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്നുമാണ് പുറത്തുവരുന്ന വിവരം.
നന്ദകുമാറിനെ അറിയില്ലെന്നു പറഞ്ഞ ജയരാജനെ നന്ദകുമാര്‍ നേരത്തെ തളളിപ്പറഞ്ഞിരുന്നു. ശോഭാ സുരേന്ദ്രന് വസ്തു കച്ചവടത്തിന്റെ പേരില്‍ വാങ്ങിയ 10 ലക്ഷം തിരികെ നല്‍കിയില്ലെന്ന വിവാദ ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണത്തിനുള്ള മറുപടിയിലാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്, ജയരാജന്, ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയതായുള്ള സൂചനകള്‍ നല്‍കിയത്.
ജയരാജന്റെ പേര് വ്യക്തമാകുന്ന രീതിയിലാണ് ശോഭയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ വര്‍ഷം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നടത്തിയ കേരള യാത്രയുമായി സഹകരിക്കാതെ മാറിനില്‍ക്കുകയായിരുന്ന ജയരാജന് സംസ്ഥാന നേതൃത്വവുമായി മാനസികമായി അകന്നിരുന്നു.
പൊതു പ്രവര്‍ത്തന രംഗത്തുനിന്നും മാറിനില്‍ക്കുന്നതായുള്ള സൂചനകളും അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു. മട്ടന്നൂര്‍ എംഎല്‍എ ആയിരുന്ന ജയരാജന് സീറ്റു നല്‍കാതിരുന്നതോടെയാണ് സിപിഎം നേതൃത്വവുമായി ഇപി ജയരാജന് അകലുന്നത്.
പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷന് ചികില്‍സാര്‍ത്ഥം അവധിയില്‍ പോയപ്പോള്‍ സെക്രട്ടറി സ്ഥാനത്തേക്ക് ജയരാന് വരുമെന്നായിരുന്നു കരുതിയിരുന്നത്.
എന്നാല്‍ എല്‍ഡിഎഫ് കണ്‍വീനറായിരുന്ന എ വിജയരാഘവനെയാണ് പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല ഏല്‍പ്പിച്ചത്. പിന്നീട് കോടിയേരിയുടെ മരണത്തിന് മുന്‍പ് സെക്രട്ടറിയുടെ ചുമതലയിലേക്ക് എംവി ഗോവിന്ദന് വരികയായിരുന്നു.
തളിപ്പറമ്പ് എംഎല്‍എയായിരുന്ന എംവി ഗോവിന്ദന് മന്ത്രി കൂടിയായിരുന്നു. മന്ത്രി സ്ഥാനത്തു നിന്നും രാജിവച്ചാണ് സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാന്‍ എംവി ഗോവിന്ദനോട് നിര്‍ദ്ദേശിക്കുന്നത്.
പാര്‍ട്ടിയുടെ പതിവ് കീഴ് വഴക്കപ്രകാരം ഇപി ജയരാജനായിരുന്നു സംസ്ഥാന സെക്രട്ടറിയായി വരേണ്ടിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല. പകരം ജൂനിയറായ എംവി ഗോവിന്ദനെ സെക്രട്ടറിയായി കൊണ്ടുവന്നത് പിണറായി – ഇപി അച്ചുതണ്ടിലുണ്ടായ വിള്ളലായിരുന്നു.
പാര്‍ട്ടിയില്‍ രണ്ടാമനായിരുന്ന ജയരാജന് ബന്ധു നിയമന വിവാദത്തില്‍ പെട്ടതും പിന്നീടുണ്ടായ ചില പ്രസ്താവനകളിലും പിണറായിക്ക് ജയരാജനോട് അപ്രീതയുണ്ടാക്കി. ഇതാണ് പിന്നീട് ജയരാജനോടുള്ള അവഗണനയ്ക്ക് വഴിവച്ചത്.
പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടന്നപ്പോള്‍ അതിന്റെ ചുക്കാന്‍ ഇപി ജയരാജനായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു എന്നു പറഞ്ഞ ജയരാജന് വീണ്ടും സജീവമായി.
എന്നാല്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ലഭിക്കാതെ വന്നതോടെ ജയരാജന് നിരാശനായി. മന്ത്രി സ്ഥാനത്തുനിന്നും മാറിയ ഗോവിന്ദന് എംഎല്‍എ സ്ഥാനത്തു നിന്നും രാജിവെക്കണമെന്നും, തളിപ്പറമ്പ് സീറ്റില്‍ നിന്നും മത്സരിപ്പിക്കണമെന്നും, ജയരാജന് ആവശ്യമുന്നയിച്ചെങ്കിലും അതൊന്നും പിണറായി അംഗീകരിക്കാന്‍ തയ്യാറായില്ല.
ഇതിനിടയിലാണ് മകന്റെ ഉടമസ്ഥതയിലുള്ള കണ്ണൂരിലെ വൈദേകം റിസോര്‍ട്ടുമായുള്ള വിവാദം പാര്‍ട്ടിയില്‍ വലിയ വിവാദമായി ഉയര്‍ന്നു വന്നത്. ഇതോടെ ജയരാജന് വലിയ പ്രതിരോധത്തിലായി. ഇതോടെ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട ജയരാജന് ഒറ്റയാനായാണ് പിന്നീടുള്ള നിലപാടുകള്‍ കൈക്കൊണ്ടിരുന്നത്.
പിണറായി വിജയന്റെ മകള്‍ ഉള്‍പ്പെട്ട കരിമണല്‍ കേസിലും മറ്റും ഇപി എടുത്ത നിലപാടുകള്‍ വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിന് കാരണമായെന്നാണ് പാര്‍ട്ടി വിലയിരുത്തിയത്.
ഏറ്റവും ഒടുവില്‍ വൈദേകം റിസോര്‍ട്ടിന്റെ നടത്തിപ്പ് ബിജെപിയുടെ തിരുവനന്തപുരം സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖരന്റെ നിയന്ത്രണത്തിലുള്ള കമ്പനിയെ ഏല്‍പ്പിച്ചെന്ന വിവാദവും ബിജെപി സ്ഥാനാര്‍ത്ഥികളെല്ലാം നല്ല സ്ഥാനാര്‍ത്ഥികളാണെന്ന പ്രസ്താവനയും, ബിജെപിയും എല്‍ഡിഎഫും തമ്മിലാണ് കേരളത്തില്‍ മത്സരിക്കുന്നതെന്നുള്ള അഭിപ്രായ പ്രകടനവുമെല്ലാം സിപിഎമ്മിന് ഏറെ ദോഷം ചെയ്യുന്നതായിരുന്നു.
കോണ്‍ഗ്രസ് നേതാക്കള്‍ പലരും ബിജെപിയില്‍ പോവുമെന്നും, ഇടത് സ്ഥാനാര്‍ത്ഥികള്‍ക്കു മാത്രമേ വിശ്വാസ്യതയുള്ളൂവെന്നുമുള്ള സിപിഎമ്മിന്റെ ന്യായവാദങ്ങള്‍ക്ക് വലിയൊരു തിരിച്ചടിയായി മാറുകയാണ് ജയരാജനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍.
ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന വിവരം നേരത്തെ ചില നേതാക്കള്‍ വെളുപ്പെടുത്തിയിരുന്നു. സിപിഎം നേതാക്കളായ ചിലര്‍ ഈ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു ശേഷം ബിജെപിയുമായി സഹകരിക്കുമെന്നും, കേരളത്തില്‍ വലിയൊരു രാഷ്ട്രീയ മാറ്റത്തിന് കളമൊരുങ്ങുകയാണെന്നും ബിജെപി നേതൃത്വം പറഞ്ഞുകൊണ്ടിരിക്കെയാണ്, അതിന് നേതൃത്വം കൊടുത്തത് ജയരാജനാണെന്ന വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്.
ഇതോടെ സിപിഎം നേതൃത്വവും ഏറെ പാടുപെടേണ്ടിവരും. ഇപി ജയരാജന് കറകളഞ്ഞ കമ്യൂണിസ്റ്റാണെന്നും, ഒരിക്കലും ബിജെപി പാളയത്തിലേക്ക് പോവില്ലെന്നും, ബിജെപി അസത്യം പ്രചരിപ്പിക്കുകയാണ് എന്നൊക്കെയുളള പ്രസ്താവനകള്‍ ഉടന്‍ വരുമെങ്കിലും തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ശേഷിക്കെ എങ്ങിനെ ഈ വിഷയത്തെ രാഷ്ട്ട്രീയമായി പ്രതിരോധിക്കുമെന്നതില്‍ സിപിഎമ്മിനും വ്യക്തതയില്ല.
ഇപി ബിജെപി നേതാക്കളെ കാണാനായി ഡല്‍ഹിയില്‍ പോയതിന്റെ തെളിവുകളടക്കം നന്ദകുമാര്‍ വെളിപ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ട്. എന്തായാലും വരും ദിവസങ്ങളില്‍ ഇപി ജയരാജന് കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്, ഒപ്പം സിപിഎമ്മും.