മലപ്പുറം :ചേലേമ്പ്രയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന പതിനഞ്ചുകാരി മരിച്ച വാർത്ത പുറത്തുവന്നിരുന്നു. അബ്ദുൽ സലീം-ഖൈറുന്നീസ ദമ്പതിമാരുടെ മകൾ ദിൽഷ ഷെറിൻ ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് ദിൽഷയെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞദിവസം രോഗസ്ഥിരീകരണം നടത്തുകയും വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു. തുടർന്ന് അസുഖം വീണ്ടും രൂക്ഷമാവുകയും ആശുപത്രിയിലെത്തിച്ച് ചികിത്സയിൽ കഴിയവേ മരണപ്പെടുകയമായിരുന്നു.
സംസ്ഥാനത്ത് മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നതിനാൽ കുടിക്കാനുപയോഗിക്കുന്ന വെള്ളം ഉൾപ്പെടെ വളരെയേറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നേരത്തേ പറഞ്ഞിരുന്നു. മലിനമായ ജലസ്രോതസ്സുകളിലൂടെയും മലിനമായ വെള്ളം ഉപയോഗിച്ച് നിർമിക്കുന്ന ഭക്ഷണം, ഐസ്, ശീതള പാനീയങ്ങൾ തുടങ്ങിയവയിലൂടെയും മലിനജലം ഉപയോഗിച്ച് പാത്രം കഴുകുക, കൈ കഴുകുക, സെപ്റ്റിക് ടാങ്കിലെ ചോർച്ച മുഖേന കിണറിലെ വെള്ളം മലിനമാകുന്നതിലൂടെയുമൊക്കെയാണ് വ്യാപകമായി കാണുന്ന ഹെപ്പറ്റൈറ്റിസ് എ ബാധിക്കുന്നത്. ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ വളരെയധികം ശ്രദ്ധിക്കേണ്ട രോഗവുമാണിത്. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ വൈകിക്കുകയുമരുത്.
മലപ്പുറം, കോഴിക്കോട്, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ മന്ത്രി നേരത്തേ നിർദേശം നൽകിയിരുന്നു.