ഏറെ പ്രതിസന്ധികൾ തരണം ചെയ്ത് തീയറ്ററിൽ എത്തിയ ലാൽജോസ് ചിത്രമായിരുന്നു മീശമാധവൻ. മീശ മാധവൻ സിനിമയുടെ 22ാം വർഷം ഓർമകൾ പങ്കുവച്ച് കാവ്യ മാധവൻ. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് സിനിമയുടെ പഴയകാല പോസ്റ്റർ നടി പങ്കുവച്ചത്. ദിലീപിനെയും സംവിധായകൻ ലാൽ ജോസിനെയും ടാഗ് ചെയ്തിട്ടുണ്ട്.
ദിലീപും കാവ്യ മാധവനും ഒന്നിച്ചഭിനയിച്ച സിനിമകളില്‍ ബോക്സ്ഓഫിസ് റെക്കോർഡുകൾ തിരുത്തിക്കുറിച്ച സിനിമയാണ് മീശ മാധവൻ. 2002 ജൂലൈ നാലിനാണ് ചിത്രം റിലീസിനെത്തിയത്. അന്ന് സിനിമയുടെ കഥ പറയുമ്പോൾ നിർമാതാക്കളാരും ചിത്രം ചെയ്യാൻ തയാറായിരുന്നില്ലെന്ന് ലാൽ ജോസ് വെളിപ്പെടുത്തിയിരുന്നു.
മീശമാധവന് മുന്‍പ് പുറത്തിറങ്ങിയ രണ്ടാം ഭാവം പരാജയമായതിനാല്‍ നിർമാതാക്കളൊന്നും ഈ സിനിമ ഏറ്റെടുക്കുന്നുണ്ടായിരുന്നില്ല. സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ വിശ്വാസമില്ലെന്ന് പറഞ്ഞായിരുന്നു പല നിർമാതാക്കളും കയ്യൊഴിഞ്ഞത്. ദിലീപിന്റെ സുഹൃത്തുക്കളായ സുബൈറും സുധീഷുമാണ് ഒടുവില്‍ ചിത്രം നിര്‍മിച്ചത്. രഞ്ജൻ പ്രമോദിന്റേതായിരുന്നു തിരക്കഥ.
ജൂലൈ 4 തന്റെ ഭാഗ്യദിനമായാണ് ദിലീപ് വിശേഷിപ്പിക്കുന്നത്. കരിയറിലെ നാല് സൂപ്പര്‍ഹിറ്റ് സിനിമകള്‍ റിലീസ് ചെയ്തത് ജൂലൈ നാലിനായിരുന്നു. ഈ പറക്കും തളിക, മീശമാധവന്, സിഐഡി മൂസ, പാണ്ടിപ്പട ഈ നാല് സിനിമകളും തിയറ്ററുകളിലേക്കെത്തിയത് ജൂലൈ നാലിനായിരുന്നു