കോഴിക്കോട്:കോഴിക്കോടിന്റെ പ്രൗഢിയുടെ ഭാഗമായ മിഠായിത്തെരുവിലെത്തുന്നവരെ കടകളിലേക്ക് വിളിച്ചു കൊണ്ടുപോയാല്‍ പോലീസ് കേസാവും. ആളുകളെ തോന്നുംപോലെ വിളിച്ചുകൊണ്ടുപോകുന്നതും ഇടക്ക് ദ്വയാര്‍ത്ഥ പ്രയോഗം വരുന്നതും വലിയ വിവാദമായ പശ്ചാത്തലത്തിലാണ് ഇത്. ഈ രീതി തുടര്‍ന്നാല്‍ കേസെടുക്കുന്ന കാര്യത്തില്‍ ഇനി വിട്ടുവീഴ്ച ഉണ്ടാവില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം ഒരു സ്ത്രീ ഇത്തരത്തിലുള്ള മോശം ഇടപെടലുകളെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചതോടെയാണ് നടപടി ശക്തമാക്കാന്‍ പോലീസ് തീരുമാനിച്ചത്. മുന്നോട്ടുപോകാന്‍ വിടാതെ, തടഞ്ഞുനിര്‍ത്തിക്കൊണ്ടാണ് വിളിച്ചുകയറ്റുന്നവര്‍ നില്‍ക്കുന്നത്. ഇത് തെരുവിലേക്കും കടകളിലേക്കും എത്തുന്നവരെ അകറ്റുകയാണ് ചെയ്യുകയെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു.
കടകളില്‍നിന്ന് വഴിയിലേക്കിറങ്ങി ആളുകളെ വിളിച്ചുകയറ്റേണ്ടെന്ന് നേരത്തേ വ്യാപാരികള്‍ തീരുമാനിച്ചിരുന്നെങ്കിലും ഒരു വിഭാ?ഗം കച്ചവടക്കാര്‍ ഇത് തുടരുകയായിരുന്നു. പിഴയും കേസും ഉള്‍പ്പടെയുളള നിയമ നടപടികള്‍ക്കൊപ്പം പോലീസ് പരിശോധന കൂടി ശക്തമായതോടെയാണ് വഴിയില്‍ ഇറങ്ങിയുള്ള വിളിച്ചുകയറ്റല്‍ ഒഴിവാക്കിയത്.