കോഴിക്കോട്: എടച്ചേരിയിൽ സ്കൂൾ ബസിൽ സ്വകാര്യ ബസിടിച്ച് 13 വിദ്യാർത്ഥികൾക്ക് പരിക്ക്. കാർത്തികപ്പള്ളി എം.എം. ഓർഫനേജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്.വടകരയിൽനിന്ന് നാദാപുരം ഭാഗത്തേക്ക് വരികയായിരുന്ന ജാനകി എന്ന ബസും വടകര ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂൾ ബസ്സുമാണ് അപകടത്തിൽപ്പെട്ടത്.
സ്കൂൾ വാഹത്തിൽ കുടുങ്ങിയ ഡ്രൈവറെയും വിദ്യാർഥിയേയും നാട്ടുകാരും ഫയർഫോഴ്സും ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.ചൊവ്വാഴ്ച രാവിലെ എടച്ചേരി പോലീസ് സ്റ്റേഷനടുത്തുള്ള കളയാംവെള്ളി പാലത്തിനടുത്തുവെച്ചായിരുന്നു അപകടം. സ്കൂൾ ബസിലെ ഡ്രൈവർക്കും മുന്നിലിരുന്ന കുട്ടികൾക്കുമാണ് പരിക്ക് പറ്റിയത്.പരിക്കേറ്റ 12 കുട്ടികൾ വടകരയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലായി ചികിത്സ തേടി. സ്കൂൾ വാഹനത്തിന്റെ ഡ്രൈവറെയും നെറ്റിക്ക് മുറിവേറ്റ ഒരു കുട്ടിയേയും കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർക്ക് തുടയെല്ലിന് പൊട്ടലുണ്ട്. ബസ് അമിത വേഗതയിലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. സംഭവസമയത്ത് ശക്തമായ മഴ ഉണ്ടായിരുന്നു