ന്യൂഡല്‍ഹി: ‘നിങ്ങള്‍ സെലിബ്രിറ്റി ആയിരിക്കാം സഭയിൽ മര്യാദ പാലിക്കണമെന്ന് ‘രാജ്യസഭാംഗം ജയ ബച്ചനെതിരെ ധൻകർ. ജയ അമിതാഭ് ബച്ചന് എന്ന അഭിസംബോധന ചെയ്തതിനെച്ചൊല്ലിയാണ് രാജ്യസഭ അധ്യക്ഷന്‍ ജഗദീപ് ധന്‍കറും ജയബച്ചനും ധൻകറും നേർക്കുനേർ എത്തിയത്.ധന്‍കര്‍ അസ്വീകാര്യമായ ഭാഷയില്‍ സംസാരിച്ചുവെന്ന് ജയ ബച്ചന് ആരോപിച്ചു. സഭാധ്യക്ഷന് മാപ്പുപറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.ഞാനൊരു അഭിനേതാവാണ്. എനിക്ക് ആളുകളുടെ ശരീരഭാഷയും ഭാവങ്ങളും മനസിലാകും. നിങ്ങളുടെ സംസാരരീതി ശരിയല്ല’, എന്ന് ജയ ബച്ചന് ഉപരാഷ്ട്രപതിയോട് പറഞ്ഞു. എന്നാല്‍, സെലിബ്രിറ്റിയാണെങ്കില്പോലും സഭയില്‍ മര്യാദ പാലിക്കണമെന്നായിരുന്നു ധന്‍കറിന്റെ മറുപടി. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ ബഹളംവെച്ചു.
ഇതിന് പിന്നാലെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷ അംഗങ്ങളെ സഭാധ്യക്ഷന് തുടര്‍ച്ചയായി അപമാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എം.പിയുമായ ജയറാം രമേശ് ആരോപിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ തുടര്‍ച്ചയായി അവസരം നിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പ്രതിപക്ഷ നേതാക്കളും ജയ ബച്ചന് പിന്തുണയുമായി രംഗത്തെത്തി.രാജ്യസഭയില്‍ പ്രതിപക്ഷത്തിനെതിരെ ജെ.പി. നഡ്ഡ പ്രമേയവുമായി രംഗത്തെത്തി. ധന്‍കറിനെതിരെയുള്ള ജയ ബച്ചന്റെ പരാമര്‍ശത്തിനെതിരെയാണ് ബി.ജെ.പി. അധ്യക്ഷന്‍ കൂടിയായ രാജ്യസഭാംഗം പ്രമേയം അവതരിപ്പിച്ചത്. അതേസമയം, രാജ്യസഭയില്‍ ഉപരാഷ്ട്രപതിക്കെതിരെ ഇംപീച്ച്മെന്റിനുള്ള ശ്രമവും പ്രതിപക്ഷം ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.