വാഷിങ്ടൻ: ശ്വാസകോശ അർബുദം ബാധിച്ച് രണ്ടുവർഷമായി ചികിത്സയിലായിരുന്ന യൂട്യൂബ് മുൻ സിഇഒ സൂസൻ വൊജിസ്കി (56) അന്തരിച്ചു.ഗൂഗിളിന്റെ ചരിത്രത്തിലെ സുപ്രധാന മുഖങ്ങളിലൊരാളായിരുന്നു വൊജിസ്കി. സൂസന്റെ ഭർത്താവ് ഡെന്നിസ് ട്രോപ്പറാണ് ഫെയ്സ്ബുക്കിലൂടെ മരണവിവരം പുറത്തുവിട്ടത്.26 വർഷമായി തന്റെ പങ്കാളിയും തന്റെ 5 കുഞ്ഞുങ്ങളുടെ അമ്മയുമായ വൊജെസ്കി രണ്ടുവർഷമായി അർബുദത്തിന് ചികിത്സയിലായിരുന്നെന്ന് ട്രോപ്പർ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ‘‘സൂസൻ എന്റെ ആത്മസുഹൃത്തും പങ്കാളിയും മാത്രമല്ല, അതിബുദ്ധിമതിയും സ്നേഹനിധിയായ അമ്മയും ഒരുപാടു പേരുടെ നല്ല സുഹൃത്തുമായിരുന്നു.’’–ട്രോപ്പർ പറഞ്ഞു.
ഗൂഗിൾ തുടങ്ങാൻ ലാറി പേജിനും സെർജി ബ്രിന്നിനും തന്റെ ഗാരേജ് വാടകയ്ക്ക് നൽകിയത് വൊജിസ്കിയായിരുന്നു. പിന്നീടവർ ഗൂഗിളിനൊപ്പം ചേർന്നു. 2014 മുതൽ 2023 വരെ യൂട്യൂബിന്റെ സിഇഒയായിരുന്നു. ഗൂഗിളിനെ ഏറ്റവും പ്രധാനപ്പെട്ട കമ്പനിയാക്കി ഉയർത്തുക മാത്രമായിരുന്നില്ല അവരുടെ കർത്തവ്യം. യൂട്യൂബിനെ അടുത്ത തലമുറയിലെ സെലിബ്രിറ്റികളുടെയും ഇൻഫ്ലുവൻസർമാരുടെയും കേന്ദ്രമാക്കി മാറ്റാൻകൂടി അവർക്കു കഴിഞ്ഞു.
കമ്പനിയിലെ ഏറ്റവും ശക്തരായ വനിതകളിൽ ഒരാൾക്കൂടിയായിട്ടാണ് അവരെ ഗൂഗിൾ കണക്കാക്കിയിരുന്നത്. 2015ലെ ടൈം മാസികയുടെ ഏറ്റവും സ്വാധീനമുള്ള 100 ആളുകളുടെ പട്ടികയിൽ ഉൾപ്പെട്ട വൊജിസ്കിയെ പിന്നീട് ടൈം മാസിക ഇന്റർനെറ്റിലെ ഏറ്റവും ശക്തയായ സ്ത്രീ എന്നും വിശേഷിപ്പിച്ചു.വൊജിസ്കിയുടെ നിര്യാണം ദുഃഖിപ്പിക്കുന്നുവെന്നും ഗൂഗിൾ ചരിത്രത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു അവരെന്നും ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ പറഞ്ഞു. വൊജെസ്കിയില്ലാത്ത ലോകം സങ്കൽപ്പിക്കാനാകുന്നില്ല. വിലമതിക്കാനാകാത്ത വ്യക്തിയും മികച്ച നേതാവും സുഹൃത്തുമായിരുന്നു വൊജിസ്കിയെന്നും സുന്ദർ പിച്ചെ അനുസ്മരിച്ചു.