ആലപ്പുഴ: പത്താംക്ലാസ് പാസാകാത്ത സ്ത്രീ ഡോക്ടര്‍ ചമഞ്ഞ് ചികിത്സനടത്തുന്നെന്ന പരാതിയില്‍ പോലീസ് അന്വേഷണം. ആലപ്പുഴ മാമ്മൂട്, കൊറ്റംകുളങ്ങര എന്നിവിടങ്ങളില്‍ ക്ലിനിക്ക് നടത്തുന്ന സ്ത്രീക്കെതിരേയാണ് അന്വേഷണം. യോഗ്യതയുള്ള ഡോക്ടറില്ലാത്ത സമയത്താണ് ഇവര്‍ സ്വയം ഡോക്ടര്‍ചമഞ്ഞു ചികിത്സ നടത്തുന്നതെന്നാണു പരാതി.
സ്പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണത്തില്‍ ക്ലിനിക്ക് നടത്തുന്ന സ്ത്രീക്ക് യോഗ്യതയോ ലൈസന്‍സോ ഇല്ലെന്നു വ്യക്തമായതായാണു വിവരം. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ പോലീസ് മേധാവി ആലപ്പുഴ നോര്‍ത്ത് പോലീസിനോടു നിര്‍ദേശിച്ചു. സംഭവത്തില്‍ ഉടന്‍ പോലീസ് കേസെടുക്കും. ക്ലിനിക്ക് നടത്തുന്ന സ്ത്രീയുടെ മരുമകളാണ് പരാതിക്കാരി.എസ്.എസ്.എല്‍.സി.യോ നഴ്സിങ്ങോ പാസാകാത്ത ഇവര്‍ വര്‍ഷങ്ങളായി ആളുകളെ കബളിപ്പിച്ച് ചികിത്സ നടത്തുകയും മരുന്നുനല്‍കുകയും ചെയ്യുന്നെന്നാണ് പരാതി. ആദ്യം ഇവര്‍ക്കെതിരേ പരാതി നല്കിയപ്പോള് കൊറ്റംകുളങ്ങരയിലുണ്ടായിരുന്ന സ്ഥാപനം പൂട്ടി. പിന്നീടാണ് മാമൂട് ക്ലിനിക്ക് തുടങ്ങിയത്.
ക്ലിനിക്കില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഒരു ഡോക്ടര്‍ ഏറെക്കാലമായി വിദേശത്തുജോലി ചെയ്യുകയാണ്. ഈ ഡോക്ടറുടെ പേരുപയോഗിച്ചാണ് ഇവര്‍ തട്ടിപ്പു നടത്തുന്നത്. ആരോഗ്യമന്ത്രി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പരാതി ജില്ലാ പോലീസ് മേധാവിക്കു കൈമാറിയിരുന്നു. തുടര്‍ന്ന് സ്പെഷ്യല്‍ ബ്രാഞ്ച് സംഭവസ്ഥലത്തു നേരിട്ടെത്തി പരിശോധിച്ചാണ് റിപ്പോര്‍ട്ടു സമര്‍പ്പിച്ചിട്ടുള്ളത്. പ്രാഥമിക പരിശോധനയില്‍ അപാകമുണ്ടെന്നു കണ്ടെത്തിയതിനാലാണ് പരാതി പോലീസിനു കൈമാറിയതെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുനാ വര്‍ഗീസ് അറിയിച്ചു.വ്യാജഡോക്ടര്‍ ചമ്മഞ്ഞ് ചികിത്സനടത്തുന്ന സ്ത്രീക്കെതിരേ ഉയര്‍ന്ന പരാതി കുടുംബപ്രശ്നം മൂലമുള്ളതാണെന്നാണ് ആദ്യം കരുതിയത്. പരാതിനല്‍കിയ യുവതി ചികിത്സനടത്തുന്ന സ്ത്രീയുടെ മരുമകളായിരുന്നു. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ പരാതിയില്‍ കഴമ്പുണ്ടെന്നു പോലീസിനും ബോധ്യമായി. ക്ലിനിക്ക് നടത്തുന്ന സ്ഥലത്ത് നേരിട്ടെത്തി വിവരം ശേഖരിച്ചു. ലൈസന്‍സില്ലാതെയും യോഗ്യതയില്ലാതെയുമാണ് ചിത്സിക്കുന്നതെന്നു വ്യക്തമായി. ഇതോടെയാണ് കേസെടുക്കാനുള്ള നടപടി തുടങ്ങിയത്. യോഗ്യതയില്ലാതെ ചികിത്സ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് പരാതിക്കാരി താക്കീതു നല്‍കിയിട്ടും ഫലമുണ്ടായില്ല. ഇതോടെയാണ് യുവതി അമ്മായിയമ്മയ്ക്കെതിരേ പരാതിയുമായെത്തിയത്. മറ്റുള്ളവരുടെ ജീവന് അപകടത്തില്‍പ്പെടാതിരിക്കാനാണ് പരാതി നല്‍കിയതെന്നു യുവതി പറഞ്ഞു.