ന്യൂഡൽഹി: ഇന്ത്യൻ വംശജയായ ബഹിരാകാശ ശാസ്ത്രജ്ഞ സുനിത വില്യംസിന്റെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ നിന്നുള്ള മടങ്ങി വരവിൽ ആശങ്ക വേണ്ടെന്ന് ഐ.എസ്.ആർ.ഒ മേധാവി എസ്. സോമനാഥ്. ദീർഘകാലത്തേക്ക് സുരക്ഷിതമായി താമസിക്കാൻ പറ്റിയ സ്ഥലമാണ് അന്താരാഷ്ട്ര ബഹിരാകാശനിലയമെന്നും സോമനാഥ് പറഞ്ഞു.
സുനിത വില്യംസ് ബഹിരാകാശ നിലയത്തിൽ കുടിങ്ങിയെന്ന രീതിയിലുള്ള വാർത്തകൾ തെറ്റാണ്. ഹിരാകാശനിലയിത്തിലുള്ളവരെല്ലാം ഒരു ദിവസം തിരിച്ചെത്തും. ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകം ബഹിരാകാശത്തെത്തി സുരക്ഷിതമായി തിരിച്ചെത്തുന്നുണ്ടോയെന്നതാണ് പ്രധാനം. സുനിത വില്യംസിനെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ശേഷി ഗ്രൗണ്ട് ലോഞ്ച് പ്രൊവൈഡേഴ്സിനുണ്ട്.
ബഹിരാകാശനിലയം സുരക്ഷിതമായ സ്ഥലമാണെന്നും സോമനാഥ് പറഞ്ഞു.ജൂൺ 14നാണ് സുനിത വില്യംസും ബാരി വിൽമോറും ബഹിരാകാശനിലയത്തിൽ നിന്നും മടങ്ങാനിരുന്നത്. എന്നാൽ, ഇവർ സഞ്ചരിച്ച സ്റ്റാർലൈനർ പേടകത്തിൽ ഹീലിയം ചോർച്ചയുണ്ടായതോടെയാണ് ഇരുവരുടേയും മടക്കയാത്ര വൈകിയത്. നിരവധി തവണ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുവെങ്കിലും ഇതുവരെയായിട്ടും സാധിച്ചിട്ടില്ല.
അതേസമയം, സ്റ്റാർലൈനർ ദൗത്യത്തിന്റെ കാലാവധി 45ൽ നിന്ന് 90 ദിവസമാക്കി ഉയർത്തുന്നത് പരിഗണിക്കുകയാണെന്ന് നാസ അറിയിച്ചു. നാസയുടെ കൊമേഴ്സ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ചാണ് ഇക്കാര്യം അറിയിച്ചത്.