ഡല്‍ഹി:ആദായ നികുതി കേസില്‍ കോണ്‍ഗ്രസിന് ആശ്വാസം.തിരഞ്ഞെടുപ്പ് കഴിയും വരെ 3500 കോടി ഈടാക്കാന്‍ തുടര്‍നടപടികള്‍ ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അക്കൗണ്ടുകളില്‍ നിന്ന് കൂടുതല്‍ പണം പിടിച്ചെടുക്കില്ലെന്ന് ഉറപ്പായതോടെ ആശങ്കകള്‍ ഇല്ലാതെ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാം.സുപ്രീംകോടതിയിലാണ് ഉറപ്പ് നല്‍കിയത്.
കേരളത്തില്‍ പ്രണയക്കൊലപാതകങ്ങള്‍ തുടര്‍കഥയാകുമ്പോള്‍
സുപ്രീംകോടതിയില്‍ കേന്ദ്രം ഉറപ്പ് നല്‍കിയതോടെ തിരഞ്ഞെടുപ്പ് കാലത്തെ കോണ്‍ഗ്രസിന്റെ പ്രധാന ആശങ്കയ്ക്കാണ് താത്കാലികമായെങ്കിലും പരിഹാരമായത്. പണം ഈടാക്കാന്‍ ധൃതിയില്‍ നടപടികള്‍ ഉണ്ടാകില്ലെങ്കിലും മറ്റ് സാമ്പത്തിക വര്‍ഷങ്ങളിലെ ആദായ നികുതി പുനര്‍ നിര്‍ണയ നടപടികള്‍ ആദായ നികുതി വകുപ്പ് തുടരാന്‍ തന്നെയാണ് സാധ്യത.
ആദായനികുതി വകുപ്പ് നടപടിക്കെതിരെ 2016ല്‍ നല്കിയ ഹര്‍ജിക്കൊപ്പമാണ് 3500 കോടി അടയ്ക്കാന്‍ കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് നല്കിയ നോട്ടീസ് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് ഇടക്കാല അപേക്ഷ ഫയല്‍ ചെയ്തത്. 2016ലെ ഹര്‍ജിയുമായി ബന്ധമില്ലാത്തതിനാല്‍ ഇടക്കാല അപേക്ഷ പരിഗണിക്കുന്നതിനെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആദ്യം എതിര്‍ത്തു. എന്നാല്‍ വിഷയം പരിഗണിച്ച സാഹചര്യത്തില്‍ തത്കാലം പണം ഈടാക്കാന്‍ നടപടികള്‍ ഉണ്ടാകില്ലെന്ന് തുഷാര്‍ മേത്ത ഉറപ്പ് നല്‍കുകയായിരുന്നു. തിരഞ്ഞെടുപ്പ് കാലമായതിനാലാണ് ഇതെന്ന് അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടി.