കോഴിക്കോട്: തിരഞ്ഞെടുപ്പിന് സിപിഎമ്മിന് പറ്റിയ ചിഹ്നം ബോംബാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. തിരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിക്കാനാണ് സിപിഎം ബോംബുണ്ടാക്കുന്നതെന്നും ബോംബെറിഞ്ഞ് ഭയപ്പെടുത്തി പിന്തിരിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പച്ച കാണുമ്പോൾ ഭ്രാന്ത് പിടിയ്ക്കുന്നവരാണ് സിപിഎം. പിണറായിയുടെ ചെലവിലല്ല ലീഗ് പ്രവർത്തിക്കുന്നത്. കൊടിയും പച്ചയുമല്ല ലീഗിന്റെ പ്രശ്നം, ആശയമാണ് പ്രധാനം. നിറംമാറ്റാൻ പാർട്ടി തീരുമാനിച്ചാൽ ആ കൊടി പിടിക്കുമെന്നും കെ.എം ഷാജി പറഞ്ഞു.
റിയാസ് മൗലവി വധക്കേസിലെ പ്രോസിക്യൂട്ടർക്കെതിരെ ഹൈക്കോടതിയിൽ വഞ്ചനാ കേസ് നടക്കുന്നുണ്ടെന്നും കെഎം ഷാജി ആരോപിച്ചു. പോക്സോ കേസിൽ പരാതിക്കാരിക്ക് നൽകേണ്ട പണം കൈവശപ്പെടുത്തിയെന്നാണ് കേസ്. മോശം പശ്ചാത്തലമുള്ള ആളെയാണ് പ്രോസിക്യൂട്ടർ ആയി നിയമിച്ചത്. കുടുംബം പറയുന്നതനുസരിച്ച് പ്രോസിക്യൂട്ടറെ വെച്ചുവെന്ന സർക്കാർ വാദം ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു.
റിയാസ് മൗലവി കേസിൽ തിടുക്കപ്പെട്ട് അപ്പീലിന് പോകുന്നത് തിരഞ്ഞെടുപ്പ് ആയതിനാലാണെന്നും സമാനമായ സാബിത്ത് വധക്കേസിൽ ഇതുവരെ അപ്പീൽ നൽകിയിട്ടില്ലെന്നും ഷാജി വിമർശിച്ചു.