കണ്ണൂര്‍: പാനൂരില്‍ കഴിഞ്ഞദിവസം സ്ഫോടനമുണ്ടായ സ്ഥലത്തുനിന്ന് ഏഴ് ബോംബുകള്‍കൂടി കണ്ടെത്തി. സംഭവത്തില്‍ അറസ്റ്റിലായ പ്രതികളിലൊരാളുമായി ശനിയാഴ്ച പോലീസ് നടത്തിയ തെളിവെടുപ്പിനിടെയാണ് പത്ത് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തത്.
കഴിഞ്ഞദിവസം ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനംനടന്ന വീടിന്റെ പരിസരത്തുനിന്നാണ് കൂടുതല്‍ ബോംബുകള്‍ കിട്ടിയത്. ഇതോടെ പ്രദേശത്ത് പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായത്. ചെറുപറമ്പ് സ്വദേശി ഷബിന്‍ലാല്‍, കുന്നോത്തുപറമ്പ് സ്വദേശി അതുല്‍, ചെണ്ടയാട് സ്വദേശി അരുണ്‍ എന്നിവരെയാണ് പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ മറ്റൊരാള്‍കൂടി പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായ മൂവരും സ്ഫോടനം നടക്കുമ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്നവരാണ്. ഇവര്‍ സി.പി.എം. അനുഭാവികളാണ്.
കഴിഞ്ഞദിവസമാണ് പാനൂര്‍ കുന്നോത്തുപറമ്പ് മുളിയാത്തോടില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനമുണ്ടായത്. സംഭവത്തില്‍ സി.പി.എം. പ്രവര്‍ത്തകനായ എലിക്കൊത്തിന്റെവിട ഷരില്‍(31) മരിച്ചിരുന്നു. മൂന്ന് സി.പി.എം. പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആളൊഴിഞ്ഞസ്ഥലത്തെ നിര്‍മാണം പൂര്‍ത്തിയാകാത്ത വീടിന്റെ ടെറസില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു സ്ഫോടനം.