തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ സിറ്റിങ് എം.പിയും കോൺഗ്രസ് സ്ഥാനാർഥിയുമായ ശശി തരൂരിനെതിരെ ബി.ജെ.പി. സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ വക്കീൽ നോട്ടീസ്. ശശി തരൂർ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെന്നും ഒരു മതവിഭാഗത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കി തിരഞ്ഞെടുപ്പില്‍ നേട്ടംകൊയ്യാന്‍ നടത്തുന്ന പ്രവൃത്തിയാണിതെന്നും വക്കീൽ നോട്ടീസിൽ ആരോപിക്കുന്നു.
നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനകം പ്രസ്താവന പിൻവലിച്ച് തരൂർ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്തെ വോട്ടർമാർക്കിടയിൽ ശശി തരൂര്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നും ഇടവക വൈദികര്‍ ഉള്‍പ്പെടെയുള്ള മണ്ഡലത്തിലെ സ്വാധീനമുള്ള വ്യക്തികള്‍ക്ക് പണം നല്കി വോട്ട് സ്വാധീനിക്കാന്‍ രാജീവ് ചന്ദ്രശേഖർ ശ്രമിച്ചുവെന്നുമാണ് ശശി തരൂര്‍ പ്രചരിപ്പിച്ചതെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു.
പ്രമുഖ മലയാള വാര്‍ത്ത ചാനലിന് നല്കിയ അഭിമുഖത്തിലാണ് ശശി തരൂര്‍ ആരോപണം ഉന്നയിച്ചതെന്നും അത് തന്നെ ഞെട്ടിച്ചുവെന്നും രാജീവ് ചന്ദ്രശേഖര്‍ വക്കീൽ നോട്ടീസില്‍ പറഞ്ഞു. വിഷയത്തിൽ എന്‍.ഡി.എയും രാജീവ് ചന്ദ്രശേഖറും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. പ്രസ്താവന നടത്തി ഒരാഴ്ച കഴിഞ്ഞിട്ടും വിഷയത്തിന്മേല് പ്രതികരിക്കാന്‍ ശശി തരൂര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് വക്കീൽ നോട്ടീസ് അയച്ചതെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.