കേരളത്തില്‍ വയനാട് ജില്ലയുടെ തെക്കുകിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറുപട്ടണമാണ് സുല്‍ത്താന്‍ ബത്തേരി.തമിഴ്നാട്,കര്‍ണ്ണാടക,കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ സംഗമ കേന്ദ്രം കൂടിയാണ് ഇവിടെ.കേരളത്തിലെ എല്ലാ പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ കുടിയേറിപ്പാര്‍ക്കുന്ന മേഖലയ്ക്ക് ഒരുപാട് ചരിത്ര പാരമ്പര്യമുണ്ട്. ഇതൊക്കെ ഈ തെരഞ്ഞെടുപ്പ് കാലത്ത് എടുത്ത് പറയുന്നത് എന്തിനാണെന്ന് സംശയം തോന്നാം.കാരണമുണ്ട്.സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്ന് മാറ്റണം എന്ന ആവശ്യവുമായി വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനമുമായ കെ.സുരേന്ദ്രന് രംഗത്ത് വന്നു.വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നപേരാണെന്ന് പറഞ്ഞ് പ്രചരണചൂടിലേക്ക് ഈ വിഷയവും എടുത്തിട്ടിരിക്കുകയാണ്.
1984ല്‍ പ്രമോദ് മഹാജന് സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിയപ്പോള്‍ ഇത് സുല്‍ത്താന്‍ ബാറ്ററി അല്ലെന്നും ഗണപതി വട്ടം ആണെന്നും പറഞ്ഞിരുന്നു.വിദേശ അധിനിവേശത്തിനെതിരെയും ടിപ്പു സുല്‍ത്താന്‍ എതിരെയും ഇവിടെ നിന്ന് പോരാട്ടം നടത്തിയെന്നും കെ.സുരേന്ദ്രന് പറഞ്ഞു. താന്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യം തന്നെ ഗണപതി വട്ടം എന്ന പേര് പുനര്‍നാമകരണം ചെയ്യും.മലയാളികളെ ആക്രമിക്കുകയും ഹിന്ദുക്കളെ മതം മാറ്റി മുസ്ലിമാക്കുകയും ചെയ്തയാളാണ് ടിപ്പുസുല്‍ത്താന്‍.പഴശ്ശിരാജയുടെ സൈന്യവും ടിപ്പുവിനെതിരെ പോരാടിയിട്ടുണ്ട്.ടിപ്പു സുല്‍ത്താന്റെ അധിനിവേശത്തിന് ശേഷമാണ് പേര് മാറ്റിയത് എന്നതിനാല്‍ ഗണപതിവട്ടമെന്ന യഥാര്‍ഥ പേര് പുനസ്ഥാപിക്കുമെന്നാണ് സുരേന്ദ്രന് പറയുന്നത്.അക്രമിയായ ഒരാളുടെ പേരില്‍ സ്ഥലം അറിയപ്പെടേണ്ട കാര്യമില്ലെന്നും പറഞ്ഞുവെക്കുന്നു.
ഹൈദരാലിയുടെയും ടിപ്പുവിന്റെയും പടയോട്ടക്കാലത്ത് പാതയോരത്ത് നിലനിന്നിരുന്ന ഗണപതിവട്ടമെന്ന സ്ഥലമാണ് പില്ക്കാലത്ത് സുല്‍ത്താന്‍ ബത്തേരി ആയിമാറിയതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഗണപതി ക്ഷേത്രം തന്നെയാണ് ഈ പ്രദേശത്തെ ഗണപതി വട്ടമാക്കി മാറ്റിയത് എന്നാണ് വിശ്വാസം.ഗണപതിവട്ടം എന്ന സ്ഥലത്ത് ടിപ്പുസുല്‍ത്താന്റെ ആയുധപ്പുര ഉണ്ടായിരുന്നതു കൊണ്ടാവണം പില്ക്കാല ചരിത്രമെഴുതിയ ബ്രിട്ടീഷുകാര്‍ സുല്‍ത്താന്റെ ആയുധപ്പുര എന്നര്‍ത്ഥത്തില്‍ സുല്‍ത്താന്‍സ് ബാറ്ററി എന്ന പേരിട്ടത്.പ്രസ്തുത കാലഘട്ടത്തിലെ ഒരു വാണിജ്യ കേന്ദ്രമായും മൈസൂറിലേക്കുള്ള പാതയിലെ ഒരിടത്താവളമായും വനഭൂമിക്കിടയിലെ ഈ നാട്ടുതുരുത്ത് അറിയപ്പെട്ടു. ഗണപതിവട്ടമെന്ന സ്ഥലത്തിന്റെ പ്രാധാന്യത്തെയും പ്രസക്തിയെപ്പറ്റിയും പല രേഖകളിലും സൂചിപ്പിച്ചിട്ടുമുണ്ട്.
വയനാട്ടിലെ വന്യജീവി ആക്രമണം ഉള്‍പ്പടെ നിരവധി വിഷയങ്ങള്‍ ഉണ്ടായിട്ടും തെരഞ്ഞെടുപ്പ് കാലത്ത് സുരേന്ദ്രന് പുതിയ വിവാദം ഉയര്‍ത്തുന്നതിനെതിരെ മറ്റ് പാര്ട്ടിക്കാര് രംഗത്ത് വന്നിട്ടുണ്ട്. ചരിത്രം മായിച്ചു കളയാനാണ് ബിജെപി ഇത് കൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന ആരോപണവും ഉയരുന്നു.സുല്‍ത്താന്‍ ബത്തേരിക്ക് ഒരു ചരിത്രമുണ്ടെന്നും അത് തനതായ വ്യക്തിത്തമുള്ള ഒരു പദമാണെന്നുമാണ് നാട്ടുകാരുടെ നിലപാട്.സുല്‍ത്താന്‍ ബത്തേരി പല അര്‍ഥങ്ങളുള്ള പദമാണെന്നും ആ ചരിത്രത്തെ വിസ്മരിച്ച് ഒരു മതത്തിന്റെ വിശ്വാസത്തെ മാത്രം പ്രതിനിധാനം ചെയ്യാന്‍ കഴിയുന്ന ഒരു സ്ഥലം ആക്കി ചുരുക്കിയെടുക്കാനാണ് ശ്രമിക്കുന്നതെന്ന് സാഹിത്യകാരന് കല്പററ നാരായണന് അഭിപ്രായപ്പെട്ടു.
വളരെ കാലമായി നിലനില്‍ക്കുന്ന ഒരു നാമധേയവും തിരുത്താനുള്ള ഒരു അര്‍ഹതയും പിന്നീടുള്ള ഒരു ഭരണകൂടത്തിനും ഇല്ല.അല്ലെങ്കില്‍ ജനങ്ങള്‍ക്ക് മുഴുവന്‍ സ്വീകാര്യമാണ് എന്ന അവസ്ഥയുണ്ടാകണം.അങ്ങനെയുള്ള ഒരു ഹിത പരിശോധനയും ഉണ്ടാകാതെ ആര്‍ക്കും എന്തും ചെയ്യാനാകും എന്ന സ്ഥിതി ദയനീയമാണ്. വയനാട്ടില്‍ നീറുന്ന നിരവധി പ്രശ്നങ്ങളുണ്ടെങ്കിലും ജനങ്ങളെ തമ്മിലടിപ്പിക്കാനും ഭിന്നിപ്പാക്കാനുമാണ് തെരഞ്ഞെടുപ്പ്കാലത്ത് ബിജെപി ശ്രമിക്കുന്നതെന്നാണ് സിപിഎം ആരോപണം.ജനങ്ങള്‍ യോജിച്ച് നില്ക്കുന്ന അന്തരീക്ഷം തകര്‍ക്കാന്‍ സംഘപരിവാര്‍ രാജ്യത്ത് നടപ്പാക്കുന്ന അജണ്ടയുടെ ഭാഗമാണിത്.സ്ഥലത്തിന്റെ പേര് മാറ്റണം എന്നത് വയനാടിലെ ജനങ്ങള്‍ ചിന്തിക്കുകയോ ആലോചിക്കുകയോ ചെയ്ത കാര്യമല്ല. സുല്‍ത്താന്‍ ബത്തേരി പല പല ഓര്‍മകളുള്ള പദമാണ്. അതിന്റെ വൈവിധ്യങ്ങളെ മുഴുവന്‍ തമസ്കരിക്കുന്നത് അപഹാസ്യ നിലപാടാണ്.
ലോക്സഭാ തെരഞ്ഞെടുപ്പ്:തത്സമയ നിരീക്ഷണത്തിന് രണ്ടായിരത്തിലധികം ക്യാമറകള്‍
1400 എ ഡി മുതല്‍ ഈ പട്ടനത്തില് ജനവാസം ആരംഭിച്ചതായി തെളിഞ്ഞിട്ടുണ്ട്. കര്‍ണ്ണാടകത്തില്‍ നിന്നും വന്ന ജൈനരാണ് ഇവിടുത്തെ ആദ്യ കുടിയേറ്റക്കാര്‍ എന്നു കരുതപ്പെടുന്നു. നേരത്തെ ആദിവാസികള്‍ മാത്രമുണ്ടായിരുന്ന സുല്‍ത്താന്‍ ബത്തേരിയെ ജൈനര്‍ വിളിച്ചിരുന്നത് ഹെന്നരു ബീഡികെ എന്നായിരുന്നു.600 വര്‍ഷം മുമ്പാണ് ഗണപതി വട്ടം എന്ന പേര് ഉണ്ടായത്.200 വര്‍ഷം മുമ്പ് ഗണപതിവട്ടം എന്ന സ്ഥലത്ത് ടിപ്പുസുല്‍ത്താന്‍ ആയുധപ്പുര സ്ഥാപിച്ചിരുന്നു.
ടിപ്പു സുല്‍ത്താന്റെ ആയുധപ്പുര , അതായത് ബാറ്ററി ആയി ഉപയോഗിച്ചിരുന്നത് ഈ മേഖലയാണ്. സുല്‍ത്താന്‍സ് ബാറ്ററി എന്ന അര്‍ത്ഥത്തില്‍ കാലക്രമത്തില്‍ അത് സുല്‍ത്താന്‍ ബത്തേരി എന്നാവുകയായിരുന്നു. പോര്‍ച്ചുഗീസ് ഭാഷയിലെ ബത്തേറിയ എന്ന പദത്തില്‍ നിന്നാണ് ബത്തേരിയെന്ന പേര് ഉണ്ടായത്. പ്രസ്തുത കാലഘട്ടത്തിലെ ഒരു വാണിജ്യ കേന്ദ്രമായും മൈസൂറിലേക്കുള്ള പാതയിലെ ഒരിടത്താവളമായും വനഭൂമിക്കിടയിലെ ഈ നാട്ടുതുരുത്ത് അറിയപ്പെട്ടിരുന്നു.
കേരളത്തിലെ ആദിവാസികളില്‍ ഭൂരിഭാഗവും താമസിക്കുന്നത് സുല്‍ത്താന്‍ ബത്തേരി ഉള്‍പ്പെട്ട വയനാട് ജില്ലയിലാണ്. പണിയ,കാട്ടു നായ്ക്ക,കുറുമ,ഊരാളി എന്നീ വിഭാഗം ആദിവാസികളാണ് ഇവിടെയുള്ളത്. വര്‍ധിച്ച ആദിവാസി ജനസംഖ്യ കണക്കിലെടുത്ത് സുല്‍ത്താന്‍ ബത്തേരി’ നിയമസഭാ മണ്ഡലം ആദിവാസികള്‍ക്കായി സംവരണം ചെയ്യപ്പെട്ടതാണ്. ബത്തേരി നിയമസഭാമണ്ഡലത്തില്‍ ഒരു പ്രത്യേക വിഭാഗത്തിന് കൂടുതല്‍ മേല്‍ക്കൈ ഉണ്ട് എന്ന് പറയാവുന്ന സ്ഥലവുമല്ല. അവിടുത്തെ ഓരോ പഞ്ചായത്തും എടത്തുനോക്കിയാല് തന്നെ ഹിന്ദു ക്രിസ്ത്യന്‍ മുസ്ലീം വിഭാഗത്തിന് ഏറെ കുറെ ഒരേ അംഗസംഖ്യയാണ് ഉള്ളത്. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി തുടങ്ങിയ പഞ്ചായത്തുകളാകട്ടെ ക്രിസ്ത്യന്‍ കുടിയേറ്റ മേഖലകളും.
മുഗള്‍ ഭരണകാലത്തെ മുസ്ലീം പേരുകളുള്ള സ്ഥലങ്ങള്‍, മുസ്ലീം പേരിലുള്ള നഗരങ്ങള്‍ എന്നിവയുടെ പേര് മാറ്റം സംബന്ധിച്ച് ബിജെപിക്ക് ഒരു നിലപാടുണ്ട്. എന്നാല്‍ കേരളത്തില്‍ ഇങ്ങനെയൊരു ആവശ്യം മുന്നോട്ട് വെക്കുന്നത് ഇതാദ്യമാണ്. താന്‍ പഴശിയുടെ നാട്ടിലേക്ക് പോരാട്ടത്തിന് പോകുന്നുവെന്നാണ് കെ.സുരേന്ദ്രന് വയനാട്ടിലേക്ക് പോയപ്പോള്‍ പറഞ്ഞിരുന്നത്. പഴശിരാജയും ടിപ്പു സുല്‍ത്താനും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുകയും ഏറ്റുമുട്ടല്‍ നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍ പിന്നീട് പഴശിരാജയും ടിപ്പുവും ഒരുമിച്ച് പോരടിച്ച ചരിത്രവും നമുക്ക് മുന്നിലുണ്ട്. അതായത് ബ്രിട്ടീഷുകാര്‍ക്കെതിരെ പഴശിക്ക് പ്രധാനമായും സഹായമായത് ടിപ്പു സുല്‍ത്താന്‍ കൂടി ആയിരുന്നുവെന്നതും ചരിത്രം. ഉത്തരേന്ത്യയുടെ പല ഭാഗത്തും വന്നത് പോലെയുള്ള പേര് മാറ്റം ഇവിടെയും നിര്‍ദേശിക്കപ്പെടുകയാണ്. നമ്മുടെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ പല പേരുകളും മാറ്റുന്നത് രാജ്യം ആത്യന്തികമായി ഹിന്ദുരാഷ്ട്രമാണെന്നും അതിലേക്ക് തിരിച്ച് പോകുന്നതിന് വേണ്ടിയാണെന്നും വിമര്‍ശനമുണ്ട്.
സുല്‍ത്താന്‍ ബത്തേരി നഗരസഭ, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത്, സുല്‍ത്താന്‍ ബത്തേരി താലൂക്ക്, എന്നിവയുടെ ആസ്ഥാനം കൂടിയാണ് സുല്‍ത്താന്‍ ബത്തേരി. മാത്രമല്ല വയനാട് ജില്ലയിലെ പ്രമുഖ വ്യാപാര കേന്ദ്രവും. കേരളത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും ജനങ്ങള്‍ കുടിയേറിപ്പാര്‍ക്കുന്ന പ്രദേശത്ത് ഏതെങ്കിലും ഒരു വിഭാഗത്തിനു ഭൂരിപക്ഷമുണ്ടെന്ന് പറയാനാവില്ല. ജനസംഖ്യയില്‍ മൂന്നിലൊന്ന് മുസ്ലീങ്ങളും, അഞ്ചിലൊന്നു ക്രിസ്ത്യാനികളും ആണ്. ശേഷിക്കുന്നവര്‍ ഹിന്ദുക്കളും ആദിവാസികളുമാണ്.
കേരളത്തിന്റെ ഒരു പൊതു സാഹചര്യത്തില്‍ സുല്‍ത്താന്‍ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കണമെന്ന് ആരും ഇത് വരെ പറഞ്ഞിട്ടില്ല. വയനാട്ടിലെ തന്നെ എന്‍ഡിഎ നേതൃത്വം അല്ലെങ്കില്‍ ബിജെപി അനുഭാവികള്‍ ഇതിനോട് യോജിക്കുന്നുണ്ടോയന്നതും കണ്ടറിയണം. എന്തായാലും ഉത്തരേന്ത്യന്‍ മാതൃകയയില്‍ ഒരു പേരുമാറ്റം നടത്തുമെന്ന ബിജെപി നേതാവിന്റെ പ്രസ്താവന തെരഞ്ഞെടുപ്പ് കാലത്ത് വലിയ ചര്‍ച്ചാ വിഷയമായി തീരുമെന്ന് ഏതാണ്ട് ഉറപ്പായി. സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും ഗണപതിവട്ടം ആകുമോയെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.