കോട്ടയം: സിനിമാ തിയേറ്ററിലെ തർക്കത്തെത്തുടർന്ന് യുവാവിനെ മർദിച്ചവശനാക്കി തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ടു. സംഭവത്തിനുശേഷം ഒളിവിൽപ്പോയ മൂന്ന് പ്രതികളെ പോലീസ് പിടികൂടി. കുലശേഖരമംഗലം ഇടവട്ടം മൂന്നരത്തോണിയിൽ ജഗന്നാഥൻ (20), കുലശേഖരമംഗലം ഇടവട്ടം വൈമ്പനത്ത് ആഷൽ (21), കുലശേഖരമംഗലം ഇടവട്ടം വാഴത്തറയിൽ മുഹമ്മദ് അൻസാരി (19) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വയനാട്ടിലെ ഒളിസങ്കേതത്തിൽനിന്ന് പിടികൂടിയത്.
വൈക്കം വടയാർ കിഴക്കേപ്പുറം നടുതുരുത്തേൽ എബിൻ കുഞ്ഞുമോനെ(24) യാണ് ആറ് ബൈക്കുകളിലായെത്തിയ സംഘം തട്ടിക്കൊണ്ടുപോയി ഒളിസങ്കേതത്തിൽ പൂട്ടിയിട്ടത്. ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം. തലയോലപ്പറമ്പിലെ തിയേറ്ററിൽ സിനിമ കാണാനെത്തിയ എബിനും പ്രതികളും തമ്മിൽ വാക്കേറ്റമുണ്ടായി.
സിനിമ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവാവിനെ രാത്രി ഒൻപതരയോടെ ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം കിഴക്കേപ്പുറം റോഡിൽ തടഞ്ഞുനിർത്തി മർദിച്ചു. തുടർന്ന് പ്രതികളുടെ ബൈക്കിൽ ബലമായി പിടിച്ചുകയറ്റി കൊണ്ടുപോകുകയായിരുന്നു. ബൈക്കിൽ രണ്ട് പ്രതികളുടെ നടുവിലിരുത്തിയാണ് യുവാവിനെ കൊണ്ടുപോയത്.
മറവൻതുരുത്ത് ചുങ്കം ഭാഗത്തുള്ള വീട്ടിൽ തടവിലാക്കി. വീട്ടുകാരോ സുഹൃത്തുക്കളോ എത്തിയാലേ എബിനെ മോചിപ്പിക്കുകയുള്ളൂവെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി. വിവരമറിഞ്ഞ് വീട്ടുകാർ തലയോലപ്പറമ്പ് പോലീസിന്റെ സഹായം തേടിയതോടെ യുവാവിനെ മോചിപ്പിച്ച് പ്രതികൾ രക്ഷപ്പെട്ടു.
പ്രതികളെ പിടികൂടാതെവന്നതോടെ വീട്ടുകാർ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. കോടതി മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു. ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായി തിരച്ചിൽ നടക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.