ന്യൂഡൽഹി: റായ്ബറേലിയിലും അമേഠിയിലും കോൺഗ്രസിന്റെ സ്ഥാനാർഥിനിർണയം വൈകുന്നു. റായ്ബറേലിയിൽ പ്രിയങ്കാഗാന്ധിയും അമേഠിയിൽ രാഹുൽഗാന്ധിയും മത്സരിക്കുമെന്ന സൂചനകളുണ്ടെങ്കിലും സ്ഥാനാർഥിപ്രഖ്യാപനം വൈകുന്നത് ഇരുമണ്ഡലങ്ങളിലെയും പ്രവർത്തകരുടെ ആത്മവീര്യം ചോർത്തുന്നുണ്ടെന്ന് പ്രാദേശിക നേതാക്കൾതന്നെ ചൂണ്ടിക്കാട്ടുന്നു.
അമേഠിയിൽ മത്സരിക്കാൻ തനിക്ക് താത്പര്യമുണ്ടെന്ന് പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്ര വ്യക്തമാക്കിയിട്ടുണ്ട്. റായ്ബറേലിയിൽ പ്രിയങ്ക മത്സരിക്കുമ്പോൾ വദ്രയെ അമേഠിയിൽ നിർത്തിയാൽ ബി.ജെ.പി.ക്കത് വലിയ വടിയാവുമെന്നതിനാൽ കോൺഗ്രസ് വദ്രയുടെ ആഗ്രഹത്തോടു പ്രതികരിച്ചിട്ടില്ല.
ബി.ജെ.പി. സീറ്റ് നിഷേധിച്ച വരുൺഗാന്ധി സമാജ് വാദി പാർട്ടിയിൽ ചേരുകയാണെങ്കിൽ വരുൺ കോൺഗ്രസിന്റെ അനുഗ്രഹാശിസ്സുകളോടെ അമേഠിയിൽ വന്നേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. അമേഠിയും റായ്ബറേലിയും അയോധ്യയും (ഫൈസാബാദ്) അടക്കമുള്ള 14 മണ്ഡലങ്ങളിൽ മേയ് 20-നാണ് തിരഞ്ഞെടുപ്പ്.
ബി.ജെ.പി.സ്ഥാനാർഥിയും അമേഠിയിലെ സിറ്റിങ് എം.പി.യുമായ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വെള്ളിയാഴ്ചയുൾപ്പെടെ രണ്ടുതവണ മണ്ഡലത്തിലെത്തി. രാഹുലിനെതിരേ രൂക്ഷവിമർശനമാണ് സ്മൃതി അഴിച്ചുവിടുന്നത്. 15 കൊല്ലമായി അമേഠിയിലെ ഉപയോഗമില്ലാത്ത എം.പി.യായിരുന്നു രാഹുൽ ഗാന്ധിയെന്ന് സ്മൃതി വെള്ളിയാഴ്ച ആരോപിച്ചു.
വയനാട്ടിൽ പത്രിക സമർപ്പിക്കുമ്പോൾ വയനാടാണ് വീടെങ്കിൽ അയാൾ അമേഠിയെന്താണെന്ന് വ്യക്തമാക്കണം. നിറം മാറുന്ന ജനങ്ങളെ ഞാൻ കണ്ടിട്ടുണ്ട്. കുടുംബം മാറുന്നത് രാഹുൽഗാന്ധിയിലാണ് ആദ്യം കാണുന്നത് -ഇറാനി പരിഹസിച്ചു.