കൊച്ചി: മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന തീരുമാനത്തിൽ നിന്ന് മള്‍ട്ടിപ്ലെക്സ് ശൃംഖലയായ പിവിആർ പിന്മാറി. സംവിധായകരുടെയും നിർമാതാക്കളുടെയും പ്രതിനിധികളുമായി നടത്തിയ ഓൺലൈൻ യോഗത്തിലാണ് തിരുമാനം. പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.
ഏപ്രില്‍ 11ന് ആയിരുന്നു പിവിആര്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് അറിയിച്ചത്. അന്നേദിവസം റിലീസ് ചെയ്ത ജയ് ഗണേഷ്, ആവേശം, വര്‍ഷങ്ങള്‍ ശേഷം തുടങ്ങിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്നും ഇവര്‍ അറിയിച്ചിരുന്നു. ഡിജിറ്റല്‍ കണ്ടന്റ് സംവിധാനം വഴി മലയാളി നിര്‍മാതാക്കള്‍ മാസ്റ്ററിംഗ് യൂണിറ്റ് തുടങ്ങിയതാണ് പിവിആറിനെ ചൊടിപ്പിച്ചത്.
അതേസമയം, പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ മലയാള സിനിമ പിവിആറിന് നല്‍കില്ലെന്നും ഫെഫ്ക തീരുമാനം എടുത്തിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കുമെന്നും പിവിആറിന്റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടി ആയിരിക്കുക ആണെന്നും ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.
പിവിആറിന്റെ ബഹിഷ്കരണ തീരുമാനത്തില്‍ വന്‍ നഷ്ടമാണ് മലയാള സിനിമയ്ക്ക് വിഷു സീസണില്‍ ഉണ്ടായിരിക്കുന്നത്. കേരളത്തിന് പുറത്ത് മലയാള സിനിമകള്‍ ഏറ്റവുമധികം റിലീസ് ചെയ്തിരുന്ന മള്‍ട്ടിപ്ലെക്സ് ശൃംഖല ആയിരുന്നു പിവിആര്‍. സമീപകാലത്ത് ഇതരഭാഷകളില്‍ അടക്കം വന്‍ ഹിറ്റായി മാറിയ മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു തുടങ്ങിയ സിനിമകള്‍ പ്രദര്‍ശിപ്പിച്ചത് ഈ മള്‍ട്ടിപ്ലസ് ശൃംഖലയില്‍ ആയിരുന്നു. പിന്നാലെ വന്ന ജയ് ഗണേഷ്, ആവേശം, വര്‍ഷങ്ങള്‍ ശേഷം തുടങ്ങിയ സിനിമകള്‍ മികച്ച പ്രതികരണവും ലഭിച്ചു. എന്നാല്‍ പിവിആര്‍ ബഹിഷ്കരിച്ചതോടെ മലയാള സിനിമകള്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ രണ്ട് ദിവസത്തില്‍ ലഭിച്ചത്.