പാലക്കാട് തൃത്താലയിലെ അധ്യാപിക മുത്തുലക്ഷ്മിയുടെ ഉപദേശവും പോലീസിന്റെ താക്കീതും ഫലംകണ്ടില്ല, കുപ്രസിദ്ധ മോഷ്ടാവായ കണ്ണൂര്‍ ഇരിക്കൂര്‍ പട്ടുവം സ്വദേശി ഇസ്മായില്‍ വീണ്ടും മോഷണത്തിനിറങ്ങി.
ഇത്തവണ കോഴിക്കോട് പേരാമ്പ്ര വെള്ളിയൂരിലായിരുന്നു ഇസ്മായിലിന്റെ മോഷണം. ആറുമണിക്കൂറിനിടെ ഒരു കിലോമീറ്റര്‍ പരിധിയിലെ പത്ത് വീടുകളില്‍ കയറിയ മോഷ്ടാവ് അഞ്ചുപവന്‍ സ്വര്‍ണവും 25,000 രൂപയുമാണ് കവര്‍ന്നത്.
സംഭവത്തില്‍ ഇസ്മായിലിനെ പേരാമ്പ്ര പോലീസ് കൈയോടെ പിടികൂടി. പ്രതിയെ റിമാന്‍ഡ് ചെയ്തു. കാപ്പ നിയമപ്രകാരം ജയിലിലായിരുന്ന ഇസ്മായില്‍ ഒന്നരമാസം മുന്‍പാണ് ജയിലില്‍നിന്നിറങ്ങിയത്. ഇതിനുപിന്നാലെയാണ് മേയ് ഒന്നാം തീയതി രാത്രി വെള്ളിയൂരിലെ വീടുകളില്‍ മോഷണം നടത്തിയത്.
മാസങ്ങള്‍ക്ക് മുമ്പ് പാലക്കാട് തൃത്താലയിലും മോഷണക്കേസില്‍ ഇസ്മായിലിനെ പോലീസ് പിടികൂടിയിരുന്നു. സ്കൂള്‍ അധ്യാപികയായ മുത്തുലക്ഷ്മിയുടെ ഉള്‍പ്പെടെയുള്ള വീടുകളിലാണ് അന്ന് പ്രതി മോഷണം നടത്തിയത്. കേസില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ അധ്യാപികയായ മുത്തുലക്ഷ്മി പ്രതിയെ ഉപദേശിക്കുകയുംചെയ്തു.
ഇതിന്റെ ദൃശ്യങ്ങളും അന്ന് വൈറലായിരുന്നു. 2023 സെപ്റ്റംബര്‍ 14-ന് പുലര്‍ച്ചെയാണ് മുത്തുലക്ഷ്മിയുടെ ‘ലക്ഷ്മിവിലാസം’ വീട്ടില്‍ മോഷണശ്രമം നടന്നത്. സംഭവദിവസം അധ്യാപിക ബെംഗളൂരുവിലെ മകളുടെ വീട്ടിലായിരുന്നു.
അന്നേദിവസം തന്നെ സമീപത്തെവീട്ടില്നിന്ന് പണവും കവര്‍ന്നിരുന്നു. തുടര്‍ന്ന് പ്രതിയുമായി മുത്തുലക്ഷ്മിയുടെ വീട്ടില്‍ തെളിവെടുപ്പിന് എത്തിയപ്പോഴാണ് അധ്യാപിക ഇനി മോഷ്ടിക്കരുതെന്ന് യുവാവിനോട് ഉപദേശിച്ചത്.
എന്തിനാണ് ഇങ്ങനെ ചെയ്യണേ മോനെ എന്നുപറഞ്ഞാണ് മുത്തുലക്ഷ്മി സംസാരിച്ചുതുടങ്ങിയത്. ”ഇനി ചെയ്യരുത് ട്ടോ മോന, ഞാനൊരു ടീച്ചറാണ്. കുട്ടികളെ എല്‍.കെ.ജി. മുതല്‍ പഠിപ്പിക്കുന്ന ടീച്ചറാണ്. അക്ഷരം പറഞ്ഞുകൊടുക്കുന്നതാണ്.
എന്റെ 38 വയസ്സിലെ ജീവിതത്തിനിടെ എന്റെ അച്ഛന്, അമ്മ, ഭര്‍ത്താവ് എന്നിവരെയൊക്കെ നഷ്ടപ്പെട്ടതാണ്. എനിക്ക് രണ്ട് പെണ്‍കുട്ടികളാണ്. ഈ കുട്ടി ഡിഗ്രി കഴിഞ്ഞതാണ്. അതിനൊരു ജോലി കിട്ടി. ഞങ്ങളെയടുത്ത് ഒന്നുമില്ല. ഇപ്പോഴാണ് എന്റെ കുട്ടിക്കൊരു ജോലി കിട്ടിയത്.
ആ ഒരു സാഹചര്യം മനസിലാക്കണം. ഞങ്ങളുടെ മാത്രമല്ല. എല്ലാ വീടുകളിലും ഇതുപോലെയുള്ള ആള്‍ക്കാരാണ്. നല്ലതായിട്ട് പെരുമാറാന്‍ ശ്രമിക്കുക. എന്റെ മോനെപോലെ, എന്റെ മോന്റെ പ്രായേ ആയിട്ടുണ്ടാവുകയുള്ളൂ നിനക്ക്”, എന്നായിരുന്നു അധ്യാപികയുടെ വാക്കുകള്‍.
മുത്തുലക്ഷ്മി തന്റെ ജീവിതസാഹചര്യമെല്ലാം പറയുമ്പോള്‍ കൈയില്‍ വിലങ്ങുമായി തലതാഴ്ത്തി നില്‍ക്കുകയായിരുന്നു പ്രതിയായ ഇസ്മായില്‍. അധ്യാപിക പറഞ്ഞുനിര്ത്തിയതിന് പിന്നാലെ ഇത് അവസാനത്തെയാകണമെന്ന് ഒപ്പമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനും പ്രതിയോട് പറഞ്ഞിരുന്നു.
എന്നാല്‍, അതൊന്നും കുപ്രസിദ്ധ മോഷ്ടാവായ ഇസ്മായിലിനെ മാനസാന്തരപ്പെടുത്തിയില്ല. മാസങ്ങള്‍ക്ക് ശേഷം വീണ്ടും മോഷണക്കേസില്‍ ഇയാള്‍ പിടിയിലായി.
ഇത്തവണ പേരാമ്പ്രയില്‍…
മേയ് ഒന്നിന് രാത്രി 11 മുതല്‍ രണ്ടിന് പുലര്‍ച്ചെ അഞ്ചുവരെ പേരാമ്പ്ര വെള്ളിയൂരിലെ ഒരുകിലോമീറ്റര്‍ പരിധിയില്‍ വരുന്ന വീടുകളിലായിരുന്നു ഇത്തവണ ഇസ്മായിലിന്റെ മോഷണം. ഇതില്‍ മൂന്നു പോലീസുകാരുടെ വീടും ഉള്‍പ്പെടും. ഒരു വീട്ടില്‍ സ്ത്രീയെ ബാത്ത്റൂമില്‍ അടച്ചിടുകയും ചെയ്തു.
എല്ലാ വീടുകളില്‍നിന്നുമായി അഞ്ചുപവന്‍ സ്വര്‍ണവും 25,000 രൂപയുമാണ് നഷ്ടപ്പെട്ടത്. മോഷണമുതല്‍ കോഴിക്കോട് സ്വകാര്യസ്ഥാപനത്തില്‍ പണയംവെച്ച് പണം വാങ്ങുകയായിരുന്നു. തൃശ്ശൂരിലെ വ്യാപാരസ്ഥാപനത്തില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്.
ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായി കീഴടക്കുകയായിരുന്നു. മരത്തോല ബബീഷിന്റെ വീട്ടില്‍നിന്ന് മൂന്നരപ്പവന്‍ സ്വര്‍ണവും 25,000 രൂപയുമാണ് കവര്‍ന്നത്. ഗൃഹനാഥയെ ബാത്ത്റൂമില്‍ പൂട്ടിയിട്ടായിരുന്നു മോഷണം. കല്ലങ്കോട്ടുകുനിയില്‍ ബിജുവിന്റെ വീട്ടില്‍നിന്ന് ഒരുപവന് സ്വര്‍ണാഭരണം കവര്‍ന്നു.
കൊടക്കച്ചാലില്‍ അപ്പുക്കുട്ടി നായര്‍, വരട്ടടി ചന്ദ്രന്, വരട്ടടി ശശി, കുളപ്പുറത്ത് മീത്തല്‍ ഷാജിമോന്‍ എന്നിവരുടെ വീട്ടിലും മോഷണം നടത്തി. പേരാമ്പ്ര എസ്.ഐ. കെ.പി. വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി.യുടെ സ്ക്വാഡ് അംഗങ്ങളായ ഷാഫി, മുനീര്‍, വിനീഷ്, സിന്ജുദാസ്, ജയേഷ്, എസ്.ഐ. പ്രദീപ് എസ്., സി.പി.ഒ. റിയാസ്, അനുരാജ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇസ്മായിലിനെ കസ്റ്റഡിയിലെടുത്തത്.
സി.സി.ടി.വി. കേന്ദ്രീകരിച്ചും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെപ്പറ്റി സൂചന ലഭിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ മോഷ്ടാവിനെ വലയിലാക്കാന്‍ പോലീസിനായി. നല്ലളം, ഫറോക്ക്, കുന്ദമംഗലം, കോഴിക്കോട് ടൗണ്‍, കുന്ദംകുളം, പത്തനാപുരം, പുനലൂര്‍, കായംകുളം, തൃത്താല തുടങ്ങിയ സ്റ്റേഷനുകളിലായി ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയാണ് ഇസ്മായിലെന്ന് പോലീസ് പറഞ്ഞു.