ഇ ഡി യോ അതാരാ…. സി പി എമ്മി ന് ആരെയും ഭയമില്ല. ഇ ഡി യെ ബി ജെ പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുകയാണ്. ഇ ഡി യെ രാഷ്ട്രീയമായും നിയമപരമായും ഞങ്ങള്‍ നേരിടും…കരിവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസുമായി കേളീയര്‍ കഴിഞ്ഞ ഒരു വര്‍ഷമായി കേട്ടുകൊണ്ടിരിക്കുന്ന സ്ഥിരം പല്ലവിയാണിത്.കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് ആരെയും വേട്ടയാടാന്‍ സമ്മതിക്കില്ലെന്നാണ് സി പി എമ്മിന്റെ പ്രഖ്യാപിത നയം. എന്നാല്‍ കരിവന്നൂര്‍ കേസില്‍ ഇ ഡി പിടിമുറുക്കിയതോടെയാണ് സി പി എം നേതാക്കള്‍ ആശങ്കയിലാണ്.
മസാല ബോണ്ടായാലും സഹകരണ ബാങ്കില്‍ നിന്നും പണം തട്ടിയ കേസായാലും ഞങ്ങള്‍ ഒരു ഏജന്‍സിയുടെ ചോദ്യം ചെയ്യലിലും ഹാജരാവില്ലെന്നാണ് സി പി എമ്മിന്റെ തീരുമാനം.എന്നാല്‍ ബാങ്ക് തട്ടിപ്പില്‍ സി പി എം നേതാക്കളുടെ പങ്കാളിത്തം ഇ ഡി അന്വേഷണത്തില്‍ വ്യക്തമായ സാഹചര്യത്തില്‍ അറസ്റ്റ് ഒഴിവാക്കാനുള്ള വഴിയന്വേഷിക്കുകയാണ് സി പി എം നേതാക്കള്‍.
ഇ ഡി കരിവന്നൂര്‍ കേസില്‍ പിടി മുറുക്കുകയാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് വ്യക്തമല്ലാത്ത അവസ്ഥയിലാണ് നേതാക്കള്‍.പാര്‍ട്ടി ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനോട് ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് ഇന്നലെയാണ് ഇ ഡി നോട്ടീസ് നല്‍കിയത്.നോട്ടീസ് ലഭിച്ചിട്ടില്ലെന്നായിരുന്നു എം എം വര്‍ഗീസിന്റെ ആദ്യ പ്രതികരണം.നോട്ടീസ് ലഭിച്ചാല്‍ പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറയുന്നു.നാളെ ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്നാണ് സി പി എം ജില്ലാ സെക്രട്ടരിയുടെ തീരുമാനം.പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ നിറവേറ്റാനുള്ളതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ കഴിയില്ലെന്നാണ് എം എം വര്‍ഗീസ് പറയുന്നത്.
കരിവന്നൂരില്‍ സി പി എം നേതാവും മുന്‍ മന്ത്രിയുമായ എ സി മൊയ്തീനെയും കേരളാ ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണനേയും ഉടന്‍ ചോദ്യം ചെയ്യലിനായി വിളിപ്പിക്കും. ഇവര്‍ മൂന്നു പേരാണ് സി പി എമ്മിന്റെ തൃശ്ശൂര്‍ ജില്ലയിലെ മുഖ്യതെരഞ്ഞെടുപ്പ് ചുമതലക്കാര്‍.ഈ നേതാക്കളില്‍ ആരെങ്കിലും ഇ ഡി കസ്റ്റഡിയിലായാല്‍ അത് സി പി എമ്മിന് വലിയ തിരിച്ചടിയായിരിക്കും ഉണ്ടാക്കുകയെന്ന് സംസ്ഥാന നേതാക്കള്‍ക്കും വ്യക്തമാണ്.ഇ ഡി കേസ് കടുപ്പിക്കാന്‍ തീരുമാനിച്ചതോടെ സി പി എം ആശങ്കയിലായിരുന്നു. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ചോദ്യം ചെയ്യല്‍ ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ആരായുകയാണ് സി പി എം.
സംസ്ഥാനത്ത് 9 ജില്ലകളില്‍ ഇന്ന് വേനല്‍ മഴ;മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
ആലത്തൂരിലെ ബി ജെ പി സ്ഥാനാര്‍ത്ഥി ഡോ സരസു പ്രധാനമന്ത്രിയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ കരിവന്നൂര്‍ കേസ് ഉയര്‍ന്നതോടെയാണ് സി പി എമ്മിന് അപകടം മണത്തത്. സി പി എമ്മിന് ബാങ്കില്‍ അഞ്ച് രഹസ്യ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നുവെന്നാണ് ഇ ഡി കണ്ടെത്തിയിരിക്കുന്നത്.ഈ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ എന്തു കൊണ്ട് പാര്‍ട്ടി ഒളിച്ചുവച്ചു എന്ന ചോദ്യത്തിന് നേതാക്കളാരും വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.കരിവന്നൂരില്‍ ആര്‍ക്കും പണം നഷ്ടമാകില്ലെന്നും എല്ലാ നിക്ഷേപകര്‍ക്കും പണം മടക്കി നല്‍കുമെന്നും സഹകരണ മന്ത്രിയും സി പി എമ്മും ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും വളരെ ചുരുക്കം പേര്‍ക്കുമാത്രമേ നിക്ഷേപം തിരികെ കിട്ടയിട്ടുള്ളൂ.
ജീവിതത്തിലെ എല്ലാ സമ്പാദ്യവും ബാങ്കില്‍ നിക്ഷേപിച്ച് പിച്ചക്കാരെപ്പോലെ ബാങ്കിന് മുന്നില്‍ കാത്തുകെട്ടി നില്ക്കേണ്ടിവന്നവര് ഏറെയാണ്. രോഗബാധിതരായ നിരവധി പേര് നിക്ഷേപ തുക ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് മരണത്തിലേക്ക് വഴിമാറി. ഒന്നു തലചായ്ക്കാനിടമില്ലാത്തവര്, മക്കളുടെ വിവാവത്തിനും മറ്റുമായി നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിന്റെ പേരില്‍ അനുഭവിക്കേണ്ടിവന്ന മാനസിക പീഡ ഇങ്ങനെ എത്രയോ ജീവിതങ്ങളാണ് കരിവന്നൂര്‍ ബാങ്കില്‍ നടന്ന തട്ടിപ്പില്‍ ജീവിതം താറുമാറായവര്‍…
കരിവന്നൂരില്‍ തട്ടിപ്പിന് ആരംഭം കുറിച്ചത് പത്ത് വര്‍ഷം മുന്‍പാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. ഇതിനിടയില്‍ സ്ഥാപനത്തില്‍ ഓഡിറ്റ് നടത്തിയ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ ആരാണ് നിയന്ത്രിച്ചത്. സി പി എമ്മിന്റെ അധീനതയില്‍ പ്രവര്‍ത്തിച്ച ബാങ്കില്‍ ഇത്രയും വലിയൊരു കൊള്ളനടന്നിട്ടും അധികൃതരാരും അറിഞ്ഞില്ലെന്ന് എങ്ങിനെ വിശ്വസിക്കും. സഹകരണ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന എ സി മൊയ്തീന്റെ നീക്കങ്ങള്‍ ദുരൂഹമായിരുന്നു എന്നാണ് അന്വേഷണ ഏജന്‍സിയുടെ ആരോപണം.
ബാങ്കില്‍ അംഗങ്ങളായ പലരുടെയും പേരില്‍ അവരറിയാതെ കോടികള്‍ വായ്പയെടുത്ത് ബാങ്കിനെ പ്രതിസന്ധിയിലാക്കിയതിനു പിന്നിലുള്ള ശക്തി ആരോക്കെ. 300 കോടിയുടെ തട്ടിപ്പ് നടത്തിയത് സി പി എമ്മിന് വേണ്ടിയാണോ ? എങ്കില്‍ ആരൊക്കെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്… പണം എന്തിനു വേണ്ടി ഉപയോഗിച്ചു, എവിടെ നിക്ഷേപിച്ചു തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഇ ഡി തേടുന്നത്.
ഇ ഡി രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണ് എന്നാണ് കേസില്‍ ആരോപണ വിധേയരായ എം കെ കണ്ണന്റെ ആരോപണം. കേന്ദ്ര ഏജന്‍സിയുടെ നീക്കത്തെ നിയമപരമായി നേരിടാനുള്ള നീക്കമാണ് സി പി എം ആലോചിക്കുന്നത്.അന്വേഷണം അവസാനഘട്ടത്തിലാണെന്ന് ഇ ഡി ഹൈക്കോടതിയെ നേരത്തെ തന്നെ അറിയിച്ച സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള വഴി തേടാനാണ് സാധ്യത. തെരഞ്ഞെടുപ്പ് കഴിയും വരെ ഇ ഡിയെ തടഞ്ഞു നിര്‍ത്താനുള്ള വഴിയാണ് സി പി എം തേടുന്നത്.
ഇ ഡിയുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നുള്ള ആരോപണം ഇതിനൊപ്പം ശക്തമാക്കാനുള്ള നീക്കവും സി പി എം ആലോചനയിലാണ്. ഇ ഡി നടപടി കടുപ്പിച്ചാല്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായേക്കുമെന്നാണ് സി പി എം ഭയക്കുന്നത്. കൂടുതല്‍ സി പി എം നേതാക്കളിലേക്ക് അന്വേഷണം നീളുമെന്ന സൂചനയും ഇ ഡി നല്‍കുന്നുണ്ട്. തെരഞ്ഞെടുപ്പിന് മുന്‍പ് അറസ്റ്റുണ്ടായാല്‍ അത് കേരളത്തിലെ എല്‍ ഡി എഫിന് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കുക.
ഇ ഡി യുടെ നോട്ടീസും ചോദ്യം ചെയ്യലും തെരഞ്ഞെടുപ്പിന് ശേഷം മതിയെന്ന നിലപാടിലാണ് തൃശ്ശൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്.കരിവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സി പി എം – ബി ജെ പി ഒത്തു തീര്‍പ്പുണ്ടാക്കിയെന്ന ആരോപണമുന്നയിച്ച കോണ്‍ഗ്രസ് കരിവന്നൂരില്‍ ഇ ഡി നടപടി ഇപ്പോള്‍ വേണ്ടെന്ന നിലപാട് സ്വീകരിച്ചതിന് പിന്നില്‍ വോട്ട് ചോര്‍ച്ചാ ഭയമാണെന്നാണ് രാഷ്ട്രീയ നിരിക്ഷകര്‍ വ്യക്തമാക്കുന്നത്. ഇ ഡി നടപടി കഠിനമായാല്‍ വോട്ട് ബി ജെ പി പാളയത്തിലേക്ക് വഴിമാറുമോ എന്നാണ് കോണ്‍ഗ്രസ് ഭയക്കുന്നത്.
കരിവന്നൂര്‍ കൊള്ള കേരളത്തില്‍ ചര്‍ച്ചയാക്കി കൊണ്ടുവരാനാണ് ബി ജെ പി നീക്കം.അതിനാല്‍ തന്നെ കരിവന്നൂര്‍ കേസില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് ഇ ഡി നടപടികള്‍ സ്വീകരിക്കണം. ഇല്ലെങ്കില്‍ ചോദ്യ മുനകള്‍ ബി ജെ പി നേതൃത്വത്തിന് എതിരാവും.കരിവന്നൂര്‍ കേസ് ഇ ഡി ഏറ്റെടുത്ത വേളയില്‍ അത് സുരേഷ് ഗോപിയെ സഹായിക്കാനാണെന്നും, ഇ ഡി ഇലക്ഷന് ഡിപ്പാര്‍ട്ട് മെന്റായി അധപതിച്ചു എന്നായിരുന്നു സി പി എം ആരോപണം.എന്നാല്‍ സി പി എം കരുതിയിരുന്നതുപോലുള്ള നീക്കമല്ല ഇ ഡിയുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. ഇത് സി പി എമ്മിനെ ഏറെ ആശങ്കയിലാക്കുന്നുണ്ട്.