ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാളിന്റെ ശരീരഭാരം അറസ്റ്റിനുശേഷം കുറഞ്ഞുവെന്ന ആം ആദ്മി പാര്‍ട്ടിയുടെ (എ.എ.പി) ആരോപണം നിഷേധിച്ച് തിഹാര്‍ ജയില്‍ അധികൃതര്‍. അരവിന്ദ് കെജ്രിവാളിന്റെ ശരീരഭാരം മാറ്റമില്ലാതെ 65 കിലോഗ്രാമായി തുടരുകയാണെന്ന് ജയില്‍ അധികൃതര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയുടെ ഭാഗമായി തിഹാര്‍ ജയിലില്‍ തുടരുന്ന അദ്ദേഹത്തിന്റെ ശരീരഭാരം നാലര കിലോഗ്രാം കുറഞ്ഞുവെന്നും അദ്ദേഹത്തിന്റെ കാര്യങ്ങള്‍ അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്നും ഡല്‍ഹി വിദ്യാഭ്യാസ മന്ത്രിയും എ.എ.പി. നേതാവുമായ അതിഷിയാണ് എക്സിലൂടെ ആരോപിച്ചത്.
ജയിലിലെത്തിയ തിങ്കളാഴ്ച അദ്ദേഹത്തിനെ രണ്ട് ഡോക്ടര്‍മാര്‍ പരിശോധിച്ചതാണ്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തിപരമാണെന്നാണ് അവര്‍ പറഞ്ഞത്. കോടതി ഉത്തരവ് പ്രകാരം വീട്ടില്‍ പാകം ചെയ്ത ഭക്ഷണമാണ് അദ്ദേഹത്തിന് നല്‍കുന്നതെന്നും തിഹാര്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
‘അരവിന്ദ് കെജ്രിവാള് കടുത്ത പ്രമേഹരോഗിയാണ്. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും അദ്ദേഹം ഒരോദിവസവും 24 മണിക്കൂറും രാജ്യത്തെ സേവിക്കുന്നതില്‍ മുഴുകിയിരിക്കും. അറസ്റ്റിന് ശേഷം അദ്ദേഹത്തിന്റെ ശരീരഭാരം നാലര കിലോഗ്രാം കുറഞ്ഞു. ഇത് വളരെ ആശങ്കപ്പെടുത്തുന്നതാണ്. ജയിലടച്ചതിലൂടെ ബി.ജെ.പി. അദ്ദേഹത്തിന്റെ ആരോഗ്യം അപകടത്തിലാക്കിയിരിക്കുകയാണ്. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ അവരോട് രാജ്യം മാത്രമല്ല, ദൈവം പോലും പൊറുക്കില്ല.’ -അതിഷി എക്സില്‍ കുറിച്ചു. ഇ.ഡി. കസ്റ്റഡിയിലെടുത്ത ദിവസം അരവിന്ദ് കെജ്രിവാളിന്റെ ശരീരഭാരം 69.5 കിലോഗ്രാമായിരുന്നുവെന്നും ഇപ്പോള്‍ അത് 65 കിലോഗ്രാമായി കുറഞ്ഞുവെന്നും അതിഷി ആരോപിച്ചു.
ഏപ്രില്‍ ഒന്നിന് വൈകീട്ട് നാല് മണിക്ക് കെജ്രിവാളിനെ ജയിലിലെത്തിച്ചപ്പോള്‍ അദ്ദേഹത്തിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 50-ല്‍ താഴെയായിരുന്നുവെന്ന് കഴിഞ്ഞ ദിവസം ഒരു ജയില്‍ ഉദ്യോഗസ്ഥന് വെളിപ്പെടുത്തിയിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന് മരുന്നുകള്‍ നല്‍കിയെന്നും ഉദ്യോഗസ്ഥന് പറഞ്ഞിരുന്നു. ജയിലിലെ ആദ്യദിവസം രാത്രി വൈകിയും കെജ്രിവാള് സെല്ലിനുള്ളില്‍ നടക്കുകയായിരുന്നുവെന്നും ജയിലധികൃതര്‍ പറഞ്ഞിരുന്നു.
ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയുടെ ഭാഗമായി ഏപ്രില്‍ ഒന്നിനാണ് അരവിന്ദ് കെജ്രിവാളിനെ തിഹാര്‍ ജയിലിലേക്ക് മാറ്റിയത്. തിഹാറിലെ രണ്ടാം നമ്പര്‍ ജയിലില്‍ ഒറ്റയ്ക്കാണ് അദ്ദേഹം കഴിയുന്നത്. ഇവിടെ 24 മണിക്കൂര്‍ സി.സി.ടി.വി. നിരീക്ഷണം ഉണ്ട്. വീട്ടിലുണ്ടാക്കിയ ഭക്ഷണമാണ് കെജ്രിവാളിന് നല്‍കുന്നത്. കൂടാതെ ഭഗവദ് ഗീത, രാമായണം, നീരജ ചൗധരി എഴുതിയ ഹൗ പ്രൈം മിനിസ്റ്റര്‍ ഡിസൈഡഡ് എന്നീ മൂന്ന് പുസ്തകങ്ങള്‍ ഒപ്പം കൊണ്ടുപോകാനും അദ്ദേഹത്തിന് കോടതി അനുവാദം നല്‍കിയിരുന്നു. പ്രത്യേക കിടക്ക, രണ്ട് തലയിണകള്‍, പുതപ്പ്, കൊതുകുവല എന്നിവയും അദ്ദേഹത്തിന് ജയിലില്‍ ലഭ്യമാക്കിയിട്ടുണ്ട്.