ന്യൂഡൽഹി: അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് എൻഫോഴ്സ് ഡയറക്ടറേറ്റിനെതിരേ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് തിടുക്കപ്പെട്ട് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിനായിരുന്നുവെന്ന് സുപ്രീം കോടതി ചോദിച്ചു.
ഡൽഹി മദ്യ അഴിമതിക്കേസുമായി ബന്ധപ്പെട്ട അറസ്റ്റ് ചോദ്യംചെയ്തുകൊണ്ടുള്ള അരവിന്ദ് കെജ്രിവാളിന്റെ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു സുപ്രീം കോടതി. ജസ്റ്റിസ് സഞ്ജീവ് ഖന്ന ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
അറസ്റ്റിന്റെ സമയം ചോദ്യംചെയ്തതിനൊപ്പം ഈ കേസിൽ ജുഡീഷ്യൽ നടപടികളിൽ കൂടിയല്ലാതെ ക്രിമിനൽ നടപടികളുമായി കേന്ദ്ര ഏജൻസികൾക്ക് മുമ്പോട്ട് പോകാൻ സാധിക്കുമോ എന്ന് വിശദീകരിക്കാനും ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇ.ഡി.യോട് ആവശ്യപ്പെട്ടു.
ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ നടപടികളൊന്നും എടുത്തിട്ടില്ല. ഇനി അങ്ങനെ എടുത്തിട്ടുണ്ടെങ്കിൽ, കെജ്രിവാൾ എങ്ങനെയാണ് കേസിൽ ഉൾപ്പെടുന്നതെന്ന് വ്യക്തമാക്കണമെന്നും ജസ്റ്റിസ് ഖന്ന ആവശ്യപ്പെട്ടു. എന്തിനായിരുന്നു പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമ്പുള്ള ഈ അറസ്റ്റെന്നും അദ്ദേഹം ചോദിച്ചു.
ഡൽഹി മുൻ ഉപമുഖ്യന്ത്രി മനീഷ് സിസോദിയക്കെതിരെ കേസുമായി ബന്ധപ്പെട്ട് തെളിവുകളുണ്ട് എന്ന അന്വേഷണ ഏജൻസികളുടെ ആരോപണം ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി കെജ്രിവാളിന്റെ കേസുമായി ബന്ധപ്പെട്ട് അത്തരത്തിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും വിലയിരുത്തി. വാദം കേൾക്കുന്നത് വെള്ളിയാഴ്ചയും തുടരും.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ (പി.എം.എല്‍.എ.) 50-ാം വകുപ്പുപ്രകാരം തന്റെ മൊഴിയെടുത്തില്ലെന്ന് കെജ്രിവാള് ആരോപിച്ച സാഹചര്യത്തിൽ സമന്‍സിന് ഹാജരാകാത്തകാര്യം സുപ്രീംകോടതി കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു. സമന്‍സ് അയച്ചിട്ടും ഹാജരായില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എന്താണ് ചെയ്യേണ്ടതെന്നും കെജ്രിവാളിനോട് സുപ്രീം കോടതി ചോദിച്ചിരുന്നു.
എന്നാൽ, ഏപ്രില്‍ 16-ന് കെജ്രിവാള് സി.ബി.ഐ.ക്ക് മുന്‍പാകെ ഹാജരായി എല്ലാകാര്യങ്ങളും പറഞ്ഞതാണെന്ന് സിംഘ്വി സുപ്രീം കോടിതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സമന്‍സിന് ഹാജരായില്ല എന്ന കാരണത്താല്‍ അറസ്റ്റുചെയ്യാനാവില്ല. പി.എം.എല്‍.എ. നിയമപ്രകാരം സഹകരിച്ചില്ല എന്നത് അറസ്റ്റിനുള്ള കാരണമല്ലെന്ന് സുപ്രീംകോടതിതന്നെ മുമ്പ് വ്യക്തമാക്കിയതാണ്. മുഖ്യമന്ത്രിക്ക് പ്രത്യേകപരിരക്ഷയില്ല. എന്നാല്‍, മറ്റു പൗരര്‍ക്കുള്ള അവകാശം അദ്ദേഹത്തിനും നല്‍കണമെന്നും സിംഘ്വി വാദിച്ചു.
അഞ്ച് മൊഴികളല്ലാതെ കെജ്രിവാളിനെതിരേ മറ്റൊന്നുമില്ല. 2022 ഡിസംബര്‍ മുതല്‍ 2023 ജൂലായ്വരെ കെജ്രിവാളിനെതിരേ ഒരു മൊഴിപോലുമില്ല. ജൂലായില്‍ ഒരാള്‍ കസ്റ്റഡിയില്‍ കെജ്രിവാളിനെതിരേ മൊഴി നല്കുന്നു. മാര്‍ച്ച് 21-ന് കെജ്രിവാളിനെ അറസ്റ്റുചെയ്യുന്നു. മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കേസിലും ഇതേ മൊഴികളാണുണ്ടായിരുന്നതെന്നും സിംഘ്വി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.