മലയാളിയുടെ മാനസാക്ഷിയെ പിടിച്ചു കുലുക്കിയ കൊലപാതകമായിരുന്നു 2016-ല്‍ നടന്ന പെരുമ്പാവൂര്‍ ജിഷ വധക്കേസ്.രാഷ്ട്രീയ വിവാദം, തിരഞ്ഞെടുപ്പു വിഷയം, അധികാരമാറ്റം, പൊലീസ് തലപ്പത്തെ അഴിച്ചുപണി എന്നിങ്ങനെ രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ
നിരവധി സംഭവവികാസങ്ങളാണ് ഈ കൊലപാതകത്തോടെ കേരളത്തില്‍ അരങ്ങേറിയത്.സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ അത്രയധികം കോളിളക്കം സ്യഷ്ടിച്ച ഒരു കേസായി ജിഷയുടെ കൊലപാതകം മാറി.
2016 ഏപ്രില്‍ 28 സംസ്ഥാനം പതിനാലാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്.രാത്രി എട്ടു മണിയോടെ പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ കനാല്‍ പുറമ്പോക്കിലുളള ഒറ്റമുറി ഷെഡില്‍ നിയമ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജനനേന്ദ്രിയവും മലദ്വാരവും കീറിമുറിച്ച് കുടല് മാല പുറത്തു കൊണ്ടു വന്ന നിലയിലായിരുന്നു ജിഷയുടെ ജഡം കാണപ്പെട്ടത്.ക്രൂര കൊലപാതകത്തിന്റെ ചിത്രം സഹപാഠികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ സംഭവം സംസ്ഥാനത്തെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി.വാര്‍ത്താ മാധ്യമങ്ങളിലെ പ്രധാനവാര്‍ത്തയും എഡിറ്റോറിയലുകളുമായി.മെയ് നാലിന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു.ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ശരീരത്തില്‍ 38 മുറിവുകള്‍ ഉണ്ടായിരുന്നുവെന്നും ആന്തരികാവയവങ്ങള്‍ക്ക് വരെ ക്ഷതം സംഭവിച്ചിരുന്നുവെന്നും കണ്ടെത്തി.
കേസില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങളും ചുരുളഴിയാത്ത രഹസ്യമൊക്കെയായി കാടടച്ചുളള അന്വേഷണമായിരുന്നു.തിരഞ്ഞെടുപ്പ് കാലമായതിനാല്‍ സംഭവം പൊലീസ് രഹസ്യമാക്കി വെക്കാന്‍ ശ്രമിച്ചുവെന്നാണ് ആദ്യമുയര്‍ന്ന ആക്ഷേപം.പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് പെരുമ്പാവൂര്‍ ഡിവൈഎസ്പി അനില്‍ കുമാറിനെ അന്വേഷണ സംഘത്തില്‍ നിന്ന് ഒഴിവാക്കി. പകരം ക്രൈംഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി എ ബി ജിജിമോന് ചുമതല നല്കി.അയല്‍വാസിയായ ശ്രീലേഖ എന്ന വീട്ടമ്മയുടെ മൊഴി, പ്രതിയുടെ കടിയേറ്റ് നിയമ വിദ്യാര്‍ഥിയുടെ ശരീരത്തിലുണ്ടായ മുറിവ്, മുറിവ് സൂചിപ്പിക്കുന്ന പല്ലിന്റെ വിടവ്, വീടിനു 100 മീറ്റര്‍ മാറി ലഭിച്ച പ്രതിയുടേതെന്നു കരുതുന്ന ചെരിപ്പ്, കൊലപാതകത്തിനുപയോഗിച്ച കത്തി, നിയമ വിദ്യാര്‍ഥിനിയുടെ വസ്ത്രത്തില്‍ അവശേഷിച്ച പ്രതിയുടെ ഉമിനീര്, ചര്‍മം എന്നിവയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഡിഎന്‍എ, മഞ്ഞ ഷര്‍ട്ട്… എന്നിങ്ങനെ നിര്‍ണായക തെളിവുകളെ കേന്ദ്രീകരിച്ചായിരുന്നു തുടര്‍ന്ന് അന്വേഷണം.
ഇതിനിടെ സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായി.പുതുതായി അധികാരത്തിലെത്തിയ പിണറായി വിജയന് സര്‍ക്കാര്‍ അന്വേഷണ സംഘത്തെ മാറ്റാന്‍ തീരുമാനിച്ചു.2016 മെയ് 28ന് എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘം നിലവില്‍ വന്നു. ജൂണ്‍ രണ്ടിന് പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു.ഒടുവില്‍ 47-ാം ദിവസം ക്യത്യമായി പറഞ്ഞാല്‍ 2016 ജൂണ്‍ 14-ന് പ്രതി അറസ്റ്റിലായി.അസാം സ്വദേശി അമിറുള്‍ ഇസ്ലമാണ് ക്യത്യം ചെയ്തതെന്നായിരുന്നു എ ഡി ജി പി സന്ധ്യയുടെ നേത്യത്വത്തിലുളള പ്രത്യേക സംഘത്തിന്റെ കണ്ടെത്തല്‍.സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇരുപതോളം പേരെ പ്രതിസ്ഥാനത്തു നിര്‍ത്തിയ ശേഷമാണ്, അന്വേഷണം അമീറുല്‍ ഇസ്ലാമിലേക്ക് എത്തിയത്.
2017 ഡിസംബറില്‍ ആണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതി അമീറുള്‍ ഇസ്ലാം കേസില്‍ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയത്.1,500 പേജുള്ള കുറ്റപത്രം അനുസരിച്ച് ആയിരുന്നു വിചാരണ. ഒന്നര വര്‍ഷത്തില്‍ അധികം നീണ്ട വിചാരണയ്ക്ക് ഒടുവില്‍ വിചാരണ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. വധശിക്ഷ ആയതിനാല്‍ ശിക്ഷാവിധി ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവയ്ക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.
ഒടുവില്‍ സംഭവം നടന്ന് 8 വര്‍ഷങ്ങള്‍ക്കിപ്പുറം 2024 മെയ് 20-ന് പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ കോടതി ശരിവെച്ചു.പ്രതിയുടെ അപ്പീല്‍ തള്ളി കൊണ്ടായിരുന്നു നടപടി.സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതിയെന്നാണ് വിധി പ്രസ്താവത്തിനിടെ ഹൈക്കോടതി പറഞ്ഞത്.കൊലപാതകം ഡല്‍ഹി നിര്‍ഭയ കേസിന് സമാനമാണെന്നും കോടതി നിരീക്ഷിച്ചു.കേസിലെ ശാസ്ത്രീയ തെളിവുകള്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവെച്ചു.
പല കേസുകളിലും നീതിന്യായ വ്യവസ്ഥിതിക്കെതിരെ ജനങ്ങള്‍ വിരല്‍ ചുണ്ടുന്ന ഈ കാലത്ത് ഏറെ ആശ്വാസമാണ് ഈ കേസിലെ വിധി പ്രസ്താപന.8 വര്‍ഷങ്ങള്‍ക്ക് മുന്‍പെ ഇനിയൊരു ജിഷ ഉണ്ടാവാന്‍ പാടില്ലെന്ന പറഞ്ഞിരുന്ന നമ്മള് പിന്നെയും എത്രയൊ അതിക്രമങ്ങള്‍ കണ്ടു.ഇന്നും കണ്ടു കൊണ്ടിരിക്കുന്നു.നിയമങ്ങള്‍ കടുപ്പിക്കുമ്പോഴും,ശിക്ഷകള്‍ ഇരട്ടിയാകുമ്പോഴും നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ ഇനിയും സുരക്ഷിതരല്ല എന്ന യഥാര്‍ത്ഥ്യം നമ്മളെ വല്ലാതെ വേട്ടയാടുന്നു.