ദേശീയതലത്തില്‍ ശ്രദ്ധേയയാവുകയാണ് ശോഭാ സുരേന്ദ്രന് എന്ന വനിതാ നേതാവ്.കേരളത്തിലെ ബി ജെ പി നേതൃത്വം തീര്‍ത്തും അവഗണിച്ചിരുന്ന ശോഭാ സുരേന്ദ്രന് എങ്ങിനെ ദേശീയ നേതാവായി എന്നത് സംസ്ഥാന നേതൃത്വത്തെ ആകെ അമ്പരപ്പിക്കുകയാണ്.സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന്റെ കണ്ണിലെ കരടായ സുരേന്ദ്രനെ ഏതുവിധേനയും രാഷ്ട്രീയമായി തകര്‍ക്കാന്‍ ശ്രമങ്ങള്‍ ഒരു ഭാഗത്തുനിന്നും നടക്കുമ്പോള്‍ തന്നെയാണ് മറുഭാഗത്ത് ശോഭാ സുരേന്ദ്രന് വന്‍ ശക്തിയായി മാറുന്നത്.
ബി ജെ പി യുടെ തീപ്പൊരി വനിതാനേതാവ് ശോഭാ സുരേന്ദ്രന് ഹിന്ദി ഹൃദയഭൂമിയിലും തീപ്പൊരിയായി മാറിയതോടെ കെ മുരളീധര പക്ഷം കടുത്ത പ്രതിരോധത്തിലാണ്. പ്രധാനമന്ത്രി മോദി മത്സരിക്കുന്ന വാരണാസിയില്‍ വിവിധ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിക്കാനെത്തിയ ശോഭയ്ക്ക് വന്‍വരവേല്‍പ്പാണ് ഇവിടങ്ങളില്‍ ലഭിച്ചത്. ബി ജെ പിയുടെ ദേശീയ നേതൃത്വം ശോഭാ സുരേന്ദ്രനെ ഹിന്ദി ഹൃദയഭൂമിയിലെ തിരഞ്ഞെടുപ്പ് റാലികളില്‍ പ്രചാരണം നടത്താനായി വിളിക്കുന്നത് ഇത് ആദ്യമായാണ്.
കേരളത്തിലെ ബി ജെ പി വേദികളില്‍ വേണ്ടത്ര പരിഗണനകള്‍ ലഭിക്കാതിരുന്ന നേതാവാണ് ശോഭാ സുരേന്ദ്രന്.തിരഞ്ഞെടുപ്പില്‍ സീറ്റു നല്കുന്നതില് പോലും കേരള നേതൃത്വം ശോഭയെ ഏറ്റവും അവസാനമായിരുന്നു പരിഗണിച്ചിരുന്നത്.കഴിഞ്ഞ തവണ ശോഭ മത്സരിച്ച ആറ്റിങ്ങലില്‍ ബി ജെ പി വന്‍ മുന്നേറ്റമാണ് നടത്തിയിരുന്നത്. ഇത്തവണ വി മുരളീധരന് നേരത്തെ തന്നെ ആറ്റിങ്ങലില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ തയ്യാറെടുപ്പുകള്‍ നടത്തിയതോടെ എവിടെ മത്സരിക്കുമെന്ന ആശങ്കയിലായി. അങ്ങിനെയാണ് ശോഭയെ ആലപ്പുഴയില്‍ മത്സരിക്കാന്‍ നിയോഗിക്കുന്നത്.കേരളത്തിലെ തലയെടുപ്പുള്ള നേതാക്കളാരും ശോഭയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചില്ലെന്ന ആരോപണം വരെ ഉയര്‍ന്നു. പത്തു ദിവസങ്ങളോളം ശോഭയും ആലപ്പുഴയില്‍ എന്തു ചെയ്യണമെന്നറിയാതെ ഒന്നു പതറി. വിവിധ കമ്മിറ്റികള്‍ പോസ്റ്റര്‍ പതിക്കാന്പോലും തയ്യാറായില്ല. എന്നാല്‍ ഈ പ്രതിസന്ധിയെ എല്ലാം ശോഭ അതിജീവിച്ചു.
സംസ്ഥാനത്ത് എ ക്ലാസ് മണ്ഡലമായി ആലപ്പുഴ മാറുന്നത് കോണ്‍ഗ്രസ് ദേശീയ നേതാവായ കെ സി വേണുഗോപാല്‍ മത്സരിക്കാനെത്തിയതോടെയാണ്. ഇത് ശോഭയ്ക്ക് ഗുണമായി. ബി ജെ പി ദേശീയ നേതൃത്വം പ്രത്യേക പരിഗണ നല്‍കേണ്ട മണ്ഡലങ്ങളില്‍ ഒന്നായി ആലപ്പുഴയേയും പരിഗണിച്ചു. ശോഭയുടെ ചടുലമായ പ്രവര്‍ത്തനങ്ങളും, തിരഞ്ഞെടുപ്പ് തന്ത്രങ്ങളും ദേശീയ നേതൃത്വത്തിന് ഏറെ സ്വീകാര്യമായി. എതിരാളികളുടെ തട്ടകങ്ങളില്‍ പോലും ശോഭയ്ക്കനുകൂല തരംഗമുണ്ടാവുന്നത് അവര്‍ ശ്രദ്ധിച്ചു. പ്രസംഗങ്ങളിലെ വ്യക്തത. ഒരു വിഷയം വോട്ടര്‍മാര്‍ക്കിടയില്‍ എത്തിക്കുന്നതിലെ സൂഷ്മത. എല്ലാം ശോഭയെ വ്യത്യസ്ഥയാക്കിമാറ്റി. ആറ്റിങ്ങലില്‍ മത്സരിച്ചതിലും ഏറെ കരുത്തുറ്റ നേതാവായി ശോഭ മാറിയിരുന്നു. അതുകൊണ്ടു തന്നെയാണ് തിരഞ്ഞെടുപ്പിനിടയില്‍ കയറിവന്ന ചില വിവാദങ്ങള്‍ ശോഭയെ തളര്‍ത്താതിരുന്നത്. ഇ പി ജയരാജന് വിഷയവും, പ്രഭാരി ജാവഡേക്കറുമായുള്ള വിവാദവുമൊന്നും ശോഭയെ തളര്‍ത്തിയില്ല. ആലപ്പുഴയില്‍ ഇടത് -വലത് മുന്നണി നേതാക്കളെ വെള്ളംകുടിപ്പിച്ച ശോഭ വന്‍ മുന്നേറ്റമാണ് നടത്തിയത്. ആലപ്പുഴയില്‍ അത്ഭുതങ്ങള്‍ സംഭവിച്ചേക്കാമെന്നുപോലും വോട്ടര്‍മാക്കിടയില്‍ സംസാരമുണ്ടാക്കിയെടുക്കാന് കഴിഞ്ഞു.
പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലാണ് കേന്ദ്ര അഭ്യന്തര മന്ത്രിയും ബി ജെ പിയിലെ രണ്ടാമനുമായ അമിത് ഷാ ആലപ്പുഴയില്‍ എത്തുന്നത്. ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.ശോഭാ സുരേന്ദ്രന്റെ അന്നത്തെ പ്രസംഗം അമിത് ഷായെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു.പ്രധാനമന്ത്രിയുടെ പത്തനംതിട്ടയിലെ റാലിയിലും ശോഭ അതിഗംഭീര പ്രകടനമായിരുന്നു നടത്തിയത്.ഇതാണ് ശോഭയുടെ പ്രശസ്തിക്ക് കാരണമായതും.
മഹാരാഷ്ട്രയില്‍ മലയാളി വോട്ടര്‍മാരോടും, ഡല്‍ഹിയിലെ മലയാളി വോട്ടര്‍മാരോടും വോട്ടഭ്യര്‍ത്ഥിക്കാന്‍ കേരള നേതാക്കള്‍ എത്തുന്നത് സ്വാഭാവികമാണ്.അത് എല്ലാ പാര്‍ട്ടിക്കാരും എത്താരുണ്ട്.എന്നാല്‍ കേരളത്തില്‍ നിന്നും ഒരു വനിതാ നേതാവ് പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലികളില്‍ സജീവസാന്നിദ്ധ്യമാവുന്നത് തീര്‍ത്തും അപ്രതീക്ഷിതം.
വാരണാസിയില്‍ റാലിക്കായി എത്തിയ ശോഭാ സുരേന്ദ്രനെ സംസ്ഥാന നേതാക്കള്‍ ഏറെ ആദരവോടെയാണ് വേദിയിലേക്ക് സ്വീകരിച്ചാനയിച്ചത്.
വാരണാസിയിലെ ബി ജെ പി നേതാവ് നൂര്‍ മുഹമ്മദ് സംഘടിപ്പിച്ച മോദിജിയുടെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു ശോഭാ സുരേന്ദ്രന്റെ കന്നിപ്രസംഗം.മറ്റൊരു റാലിയില്‍ യു പിയിലെ മന്ത്രിമാരായ ജിതിന് പ്രസാദ്, സതീഷ് ശര്‍മ്മ എന്നിവരോടൊപ്പമാണ് ശോഭാ സുരേന്ദ്രന് വേദി പങ്കിട്ടത്. എല്ലാവരുടേയും പ്രസംശയും ഏറ്റുവാങ്ങിയാണ് ശോഭാ സുരേന്ദ്രന് അവിടെ നിന്നും മടങ്ങിയത്.
സുരേന്ദ്രന്റെ പ്രസംഗത്തിലെല്ലാം വ്യക്തമായ രാഷ്ട്രീയമായിരുന്നു. ജാതിയോ മതമോ ഒന്നുമായിരുന്നില്ല, വിശ്വാസവുമായി ബന്ധപ്പെട്ടുമായിരുന്നില്ല ശോഭയുടെ പ്രസംഗം. കഴിഞ്ഞ പത്തുവര്ഷത്താലത്തെ മോദിയുടെ ഭരണ നേട്ടങ്ങള്‍ ഒന്നൊന്നായി എണ്ണിപ്പറഞ്ഞുകൊണ്ടുള്ള പ്രസംഗം. രാജ്യം ദീര്‍ഘകാലം ഭരിച്ച് മുടിച്ച കോണ്‍ഗ്രസിന്റെ ചെയ്തികളെക്കുറിച്ചുള്ള വ്യക്തമായ വിവരണം. അതാണ് ശോഭയുടെ പ്രത്യേകത. ഹിന്ദിയിലാണ് ശോഭയുടെ പ്രസംഗം.
കേരളത്തെ കുറിച്ചും,ഇന്‍ഡ്യാ സഖ്യത്തിലെ പ്രധാന പാര്‍ട്ടികള്‍ കേരളത്തില്‍ പരസ്പരം പോരാടുന്നതിനെക്കുറിച്ചും, കോണ്‍ഗ്രസും സി പി എമ്മും നടത്തുന്ന അഴിമതിയെക്കുറിച്ചുമാണ് ഏറെയും സംസാരം. അമിതഭാഷണമില്ല.സംസ്കാരത്തെ കുറിച്ചും കേരളത്തിലെ ജീവിതാവസ്ഥയെക്കുറിച്ചും സംസാരം.ശോഭാ സുരേന്ദ്രനെ പോലുള്ള ഒരു തീപ്പൊരി നേതാവ് ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് കേരളത്തില്‍ ബി ജെ പിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയാതെ പോയതെന്നാണ് ബി ജെ പി ദേശീയ നേതൃത്വത്തിന്റെ ഇപ്പോഴത്തെ ചര്‍ച്ച. ശോഭാ സുരേന്ദ്രന് ദേശീയതലത്തിലേക്ക് ഉയര്‍ത്തപ്പെടുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.ഒരു പക്ഷേ, മോദി മന്ത്രിസഭയില്‍പോലും ശോഭാ സുരേന്ദ്രന് എത്താനുള്ള സാധ്യതയും ഏറെയാണ്.കുന്നുമ്മല്‍ സുരേന്ദ്രനും സംഘവും നിഷ്പ്രഭരായി മാറിയതോടെ അത് സംഭവിച്ചുകൂടായ്കയില്ല.