ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിച്ച് പോരാട്ടം നടന്ന ആറ്റിങ്ങല്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന് മിന്നും ജയം.
ശക്തമായ മത്സരം അരങ്ങേറുന്ന ആറ്റിങ്ങലില്‍ സിറ്റിങ്ങ് എം പി അടൂര്‍ പ്രകാശിനെ കളത്തിലിറക്കാന്‍ യുഡിഎഫ് തീരുമാനിക്കുമ്പോള്‍ വിജയസാധ്യത വാനോളമായിരുന്നു.എല്‍ഡിഎഫ് മണ്ഡലം തിരിച്ച് പിടിക്കാന്‍ വി ജോയിയെ ഇറക്കിയപ്പോള്‍ വലിയൊരു അട്ടിമറി ജയം പ്രതീക്ഷിച്ചിരുന്നു.എന്നാല്‍ അത്തരം പ്രതീക്ഷയെല്ലാം അടൂര്‍ പ്രകാശ് കാറ്റില്‍ പറത്തി.
2019-ല്‍ സംസ്ഥാനത്ത് ബിജെപി വോട്ടില്‍ ഏറ്റവും അധികം ശതമാനം വര്‍ദ്ധന ഉണ്ടാക്കിയ നാല് മണ്ഡലങ്ങളില്‍ ഒന്നായിരുന്നു ആറ്റിങ്ങല്‍.അതിനാല്‍ തന്നെ ബിജെപിക്ക് ആറ്റിങ്ങള്‍ മണ്ഡലത്തില്‍ പ്രതീക്ഷയുണ്ടായിരുന്നു.ചില എക്സിറ്റ് പോളിലും ബിജെപി ആറ്റിങ്ങലില്‍ വിജയിക്കുമെന്ന് ഫലം വന്നിരുന്നു.എന്നാൽ കേന്ദ്രമന്ത്രി വി.മുരളീധരന്റെ സാന്നിധ്യം പോലും ബിജെപിക്ക് ആറ്റിങ്ങലിൽ ഗുണം ചെയ്യ്തില്ല.
അടൂർ പ്രകാശിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയായിരുന്നു. കെ.എസ്.യു. (ഐ) യുടെ സംസ്ഥാന ഘടകം വൈസ് പ്രസിഡന്റായി 1979 മുതല്‍ 1981 വരെ അദ്ദേഹം പ്രവര്‍ത്തിച്ചു. 1984 – മുതല്‍ 1988 വരെ പത്തനംതിട്ട ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായും 1988 മുതല്‍ 1992 വരെ യൂത്ത് കോണ്‍ഗ്രസ് (ഐ) യുടെ ജനറല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.
1997-2001 വരെ കെ.പി.സി.സി (ഐ) യുടെ ജോയിന്റ് സെക്രട്ടറിയായും 1993-ല്‍ ഡി.സി.സി. (ഐ) യുടെ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. 1992-ല്‍ പ്രകാശ് കെ.പി.സി.സി (ഐ) യുടെ മെംബറായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കിന്റെ ഡയറക്ടറായും കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഡയറക്ടറായും കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്റെ പ്രസിഡന്റായും കോ-ഓപ്പറേറ്റീവ് അഗ്രിക്കള്‍ച്ചര്‍ സൊസൈറ്റിയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കോന്നി മണ്ഡലത്തെ പ്രതിനിധീകരിച്ച് മൂന്ന് തവണ നിയമസഭയിലെത്തി.
കേരളാ നിയമസഭാംഗം മുന്‍ റവന്യു,കയര്‍ വകുപ്പ് മന്ത്രിയായിരുന്നു അടൂര്‍ പ്രകാശ്. കോന്നിയില്‍ നിന്ന് നാലു തവണ വിജയിച്ച ഇദ്ദേഹം ആദ്യ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്നു. 2011-ല്‍ രൂപീകരിക്കപ്പെട്ട രണ്ടാം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ഇദ്ദേഹത്തിന് ആദ്യം ആരോഗ്യം,കയര്‍ എന്നീ വകുപ്പുകളുടെ ചുമതലയാണുണ്ടായിരുന്നത്. 2012 ഏപ്രിലിലെ മന്ത്രിസഭാ അഴിച്ചുപണിയെ തുടര്‍ന്ന് ഇദ്ദേഹത്തിന് ആരോഗ്യവകുപ്പിന് പകരം റവന്യു വകുപ്പ് നല്കപ്പെടുകയുണ്ടായി.
തിരുവനന്തപുരം,ജില്ലയിലെ,വര്‍ക്കല,ആറ്റിങ്ങല്‍,ചിറയിന്‍കീഴ്,നെടുമങ്ങാട്,വാമനപുരം,അരുവിക്കര,കാട്ടാക്കട നിയമസഭ മണ്ഡലങ്ങള്‍ ചേരുന്നതാണ് ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലം.മുന്‍പ് ചിറയിന്‍കീഴും പിന്നീട് ആറ്റിങ്ങല്‍ ആയപ്പോഴും ഇടതു ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്ന മണ്ഡലം കഴിഞ്ഞ യു.ഡി.എഫ് തരംഗത്തില്‍ ഇടതുപക്ഷത്തെ വിട്ട് കോണ്‍ഗ്രസ് കൈപിടിക്കുകയായിരുന്നു.രാഷ്ട്രീയ സ്വഭാവം വച്ച് ഹിന്ദുത്വ രാഷ്ട്രീയത്തിന് മണ്ഡലത്തില്‍, ഒരിക്കലും കടന്നുകയറാന്‍ കഴിയില്ല എന്ന ധാരണ തിരുത്തുന്നതും കൂടിയായിരുന്നു 2019ലെ തിരഞ്ഞെടുപ്പു ഫലം. ബി.ജെ.പിക്ക് കഴിഞ്ഞ തവണയുണ്ടായ വോട്ടുവര്‍ധന ഒന്നരലക്ഷത്തിലധികമായിരുന്നു.
പത്തനംതിട്ട ജില്ലയിലെ കോന്നി നിയമസഭാ മണ്ഡലത്തില്‍ നിന്ന് അഞ്ചുതവണ ജയിച്ച് മന്ത്രിയുമൊക്കെയായി കഴിഞ്ഞിരുന്ന അടൂര്‍ പ്രകാശിനെ മണ്ഡലം പിടിക്കുക എന്ന ദൗത്യവുമായാണ് കോണ്‍ഗ്രസ് കഴിഞ്ഞ തവണ നിയോഗിച്ചത്. കോന്നിയില്‍ സി.പി.എമ്മിലെ സിറ്റിങ് എം.എല്‍.എയില്‍ നിന്ന് മണ്ഡലം പിടിച്ചെടുത്തപോലെ സിറ്റിങ് എം.പി സി.പി.എമ്മിലെ എ. സമ്പത്തിനെ തോല്‍പ്പിച്ചാണ് അടൂര്‍ പ്രകാശ് ആറ്റിങ്ങല്‍ എം.പിയായത്.പിടിച്ചെടുത്ത മണ്ഡലം നിലനിര്‍ത്താനുള്ള അദ്ദേഹത്തിന്റെ ശ്രമം ഒടുവില്‍ ഫലം കണ്ടു.
അപ്രതീക്ഷിതമായി നഷ്ടമായ മണ്ഡലം തിരിച്ചുപിടിക്കാന്‍ ആരെ നിയോഗിക്കണമെന്ന സി.പി.എമ്മിന്റെ അന്വേഷണം അവസാനിച്ചത് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വര്‍ക്കലയിലെ എം.എല്‍.എയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയുമായ വി.ജോയിയിലാണ്. നീണ്ട ആലോചനകള്‍ക്കു ശേഷം കണ്ടെത്തിയ ജില്ലാ സെക്രട്ടറിയെ ഉടന്‍ തന്നെ തിരഞ്ഞെടുപ്പു ദൗത്യം ഏല്‍പ്പിക്കാന്‍ സി.പി.എം തീരുമാനിച്ചതില്‍ നിന്നു തന്നെ ആറ്റിങ്ങലിന് അവര്‍ നല്കുന്ന പ്രധാന്യം വ്യക്തം.
2014ല്‍ 10.53 ശതമാനം ആയിരുന്ന മണ്ഡലത്തിലെ വോട്ടു ശതമാനം 2019ല്‍ 24.97 ശതമാനമായി ഉയര്‍ന്നതിന്റെ ആത്മവിശ്വാസത്തിലാണ് കേന്ദ്രമന്ത്രിയും സംസ്ഥാനത്തെ മുതിര്‍ന്ന നേതാവുമായ വി. മുരളീധരനെ സ്ഥാനാര്‍ഥിയാക്കാന്‍ ബി.ജെ.പിയെ പ്രേരിപ്പിച്ചത്. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു അദ്ദേഹം.മുതിര്‍ന്ന നേതാക്കള്‍ ലോക്സഭയിലേക്ക് മത്സരിക്കുക എന്ന പാര്‍ട്ടി തീരുമാനത്തിന്റെ കൂടി ഭാഗമായിട്ടാണ് മുരളീധരന്റെ രംഗപ്രവേശം.എന്നാല്‍ മനോരമ വിഎംആര്‍ എക്സിറ്റ് പോള്‍ അടക്കം അടൂര്‍ പ്രകാശ് വിജയം ആവര്‍ത്തിക്കുമെന്ന് പ്രവചിച്ചിരുന്നു.അ പ്രവചനങ്ങളൊക്കെ സത്യമാണെന്ന് തെളിയിക്കുന്ന ഫലമാണ് പുറത്ത് വന്നത്.