പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ തുടര്‍ച്ചയായുള്ള തിരിച്ചടിയില്‍ ഉണ്ടായ ഞെട്ടലില്‍ നിന്നും സി പി എമ്മിന് പെട്ടെന്ന് കരകയറാനാവില്ലെന്നാണ് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.പാര്‍ട്ടിക്ക് തെറ്റുണ്ടായെങ്കില്‍ തിരുത്തുമെന്നാണ് സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ആദ്യ പ്രതികരണം.പാര്‍ട്ടിയുടെ സമുന്നതഘടകമായ പൊളിറ്റ് ബ്യൂറോ അംഗമായ എ വിജയരാഘവന് അടക്കം കേരളത്തിലെ സ്ഥാനാര്‍ത്ഥികളില്‍ ഒരാളൊഴികെ മറ്റെല്ലാവരും തോറ്റതു മാത്രമല്ല സി പി എമ്മിനേറ്റ തിരിച്ചടി.തൃശ്ശൂരില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയുടെ വന്‍വിജയമാണ് സി പി എമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത്.
തോല്‍വിയെക്കുറിച്ച് പഠിക്കുമെന്നാണ് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ആദ്യ പ്രതികരണം.കേരളത്തില്‍ കൂടുതല്‍ സീറ്റ് പ്രതീക്ഷിച്ചിരുന്നുവെന്നും അതുണ്ടാവാത്തത് വലിയ തിരിച്ചടിയാണെന്നുമാണ് യെച്ചൂരി പറയുന്നത്.എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന് തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് നേരിട്ട് പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായില്ല.ഒരു വാര്‍ത്താക്കുറിപ്പിറക്കി തടിതപ്പുകയായിരുന്നു പിണറായി.
കേരളത്തില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല എന്നാണ് പിണറായി വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.ആവശ്യമെങ്കില്‍ തെറ്റുതിരുത്താനും കൂടുതല്‍ ശക്തിപകരാനും ശ്രമിക്കുമെന്നുമാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.തൃശ്ശൂരിലെ ബി ജെ പിയുടെ വിജയം ഗൗരവത്തോടെയാണ് കാണുന്നതെന്നും തോല്‍വി അംഗീകരിക്കുന്നു എന്നും മുഖ്യമന്ത്രി പറയുന്നു.
വോട്ട് ഷെയര്‍ ഒരു ശതമാനം മാത്രമാണെന്നും ദേശീയതലത്തില്‍ മോദിക്കെതിരെയുള്ള വികാരമാണ് യു ഡി എഫിന് വിജയം കൈവരിക്കാനായതെന്നുമൊക്കെ ന്യായങ്ങള്‍ നിരത്താം. ഇന്ത്യാ മുന്നണി അധികാരത്തില്‍ എത്തുമെന്ന് കേരളത്തിലെ വോട്ടര്‍മാര്‍ പ്രതീക്ഷിച്ചതിനാലാണ് യു ഡി എഫ് തരംഗം എന്നും പറയാം. എന്നാല്‍ തൃശ്ശൂരില്‍ ബി ജെ പി എങ്ങിനെ വിജയിച്ചുവെന്ന ചോദ്യത്തിന് മറുപടി പറയാന്‍ പിണറായി ബുദ്ധിമുട്ടും.
സി പി എം സംസ്ഥാന നേതൃത്വത്തിനും ദേശീയ നേതൃത്വത്തിനും നിയന്ത്രണമില്ലാത്ത സംസ്ഥാത്തെ ഇടത് ഭരണം ഉണ്ടാക്കിയ അവമതിപ്പാണ് ഈ ദയനീയ തോല്‍വിക്ക് കാരണമെന്ന് കാരണഭൂതന് സമ്മതിക്കുമോ ? ഫാന്‍സ് അസോസിയേഷന്‍കാരായ സി പി എം അണികള്‍ അക്കാര്യം സമ്മതിക്കുമോ ? മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന ജനവിരുദ്ധ നയങ്ങളും പൊലീസിന്റെ തലതിരിഞ്ഞ നടപടികളും ഈ തിരിച്ചടിക്ക് കാരണമായെന്ന് സി പി എം സമ്മതിക്കുമോ ?
തിരഞ്ഞെടുപ്പ് കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഇ പി ജയരാജന്റെ ബി ജെ പി ബന്ധവും,പ്രകാശ് ജാവഡേക്കറുമായുണ്ടായ കൂടിക്കാഴ്ചാവിവാദവും പാര്‍ട്ടി നേതാക്കള്‍ക്ക് വലിയ സംഭവമൊന്നുമായിരുന്നില്ലെങ്കിലും പാര്‍ട്ടിയെ നെഞ്ചിലേറ്റിയവര്‍ക്ക് അതൊരു നെഞ്ചിനേറ്റ മുറിവായിരുന്നു.ചിലപ്പോള്‍ എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നും ജയരാജനെ മാറ്റി നിര്‍ത്തി അണികളെ ആശ്വസിപ്പിച്ചേക്കാം. എന്നാല്‍ അത് തൊലിപ്പുറത്തുള്ള ചികില്സമാത്രമാണല്ലോ സഖാവേ.
കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തന്റെ ജോലികഴിഞ്ഞെന്ന നിലപാടിലായിരുന്നല്ലോ മുഖ്യമന്ത്രി പിണറായി. ഈ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടത് തരംഗമുണ്ടാവുമെന്നും താമര വിരിയില്ലെന്നുമുള്ള പ്രഖ്യാപനം നടത്തിയത് എന്ത് അടിസ്ഥാനത്തിലായിരുന്നുവെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറാവുമോ ? കേരളത്തിലെ തിരഞ്ഞെടുപ്പിന് ശേഷം എന്തായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ? ഇടതു മുന്നണിക്ക് വന്‍വിജയം ലഭിക്കുമെന്ന സന്തോഷത്തിലാണോ സകുടുംബം വിദേശ യാത്രയ്ക്ക് പോയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കുമോ ?കേരളത്തിന് പുറത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരത്തെ നേരിടുമ്പോള്‍ അതൊന്നും തന്നെ ബാധിക്കില്ലെന്ന നിലപാട് സ്വീകരിച്ച മുഖ്യമന്ത്രിയുടെ നിലപാട് പാര്‍ട്ടി നേതൃത്വത്തെപ്പോലും ഞെട്ടിപ്പിച്ചിരുന്നു.
കേരളത്തിന് പുറത്ത് പശ്ചിമ ബംഗാളിലും മറ്റുമായി നിരവധി സീറ്റുകളില്‍ സി പി എം സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടായിരുന്നല്ലോ സഖാവേ. രാജ്യത്തെ പാര്‍ട്ടിയുടെ സമുന്നതനായ നേതാവായിട്ടും തിരഞ്ഞെടുപ്പുകാലത്ത് കുടുംബസമേതം വിനോദയാത്ര പോവാന്‍ എങ്ങിനെയാണ് ധൈര്യം കാട്ടിയത്? സി പി എം ദേശീയ നേതൃത്വം അത്രയേറെ ദുര്ബലമായതിനാലാണല്ലോ ഇതൊക്കെ സാധിച്ചത്. സംസ്ഥാന ഘടകവും ദേശീയ ഘടകവും കാല്ച്ചുവട്ടിലായതോടെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി പിണറായി വിജയന് മാറിയതിന്റെ തിക്തഫലമാണല്ലോ സഖാക്കളേ ഈ ദയനീയ തോല്‍വി. ഇത്തരം കാര്യങ്ങളൊക്കെ നിങ്ങള്‍ 16, 17തീയതികളില്‍ നടക്കുന്ന സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യുമോ ?18, 19, 20 തീയ്യതികളില്‍ നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റിലെങ്കിലും ഇക്കാര്യം ചര്‍ച്ച ചെയ്യുമോ ?
കേരളത്തില്‍ പ്രതീക്ഷിച്ച വിജയമുണ്ടായില്ലെന്നും തിരച്ചടികള്‍ പഠിക്കുമെന്നും പറഞ്ഞ് പിരിയുകയല്ലാതെ പിണറായി സഖാവേ ഈ രീതിയില്‍ പോയാല്‍ ഈ പാര്‍ട്ടിയോ അധികാകമോ ഒന്നും കേരളത്തില്‍ കാണില്ലെന്നും, ഇവിടെ നിങ്ങള്‍ പരസ്യമായി വര്‍ഗീയ ഫാസ്റ്റിസ്റ്റ് ശക്തികളെന്ന് വിശേഷിപ്പിക്കുകയും രഹസ്യമായി സഹായിക്കുകയും ചെയ്യുന്ന ബി ജെ പി വളരുമെന്നും പറയാനുള്ള ധൈര്യം കാണിക്കുമോ ?
കേരളത്തില്‍ തിരഞ്ഞെടുപ്പ് കാലത്ത് സി പി എമ്മിനെതിരെ ഉയര്‍ന്ന പ്രധാന ആരോപണം ബി ജെ പിയുമായുള്ള അന്തര്ധാരയായിരുന്നല്ലോ. കരിവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ സി പി എം നേതാക്കള്‍ ഇ ഡിയുടെ ചോദ്യം ചെയ്യലിനുമുന്നില്‍ പകച്ചു നിന്നപ്പോള്‍ തൃശ്ശൂരിലെ സഖാക്കളെ രക്ഷിക്കാന്‍ താങ്കള്‍ ബി ജെ പിയോട് അടിയറവു പറഞ്ഞോ ?
തൃശ്ശൂരില്‍ ബി ജെ പി യുമായി സി പി എം നേതാക്കള്‍ക്ക് അന്തര്‍ധാരയുണ്ടെന്ന ആരോപണം കോണ്‍ഗ്രസ് തുടക്കം തൊട്ടേ ഉന്നയിച്ചിരുന്നല്ലോ. അതു ശരിയല്ലെന്ന് തെളിയിക്കാനുള്ള ബാധ്യതയെങ്കിലും താങ്കള്‍ക്കുണ്ടായിരുന്നില്ലേ. കരിമണല്‍ അഴിമതിയാരോപണവും മാസപ്പടിക്കേസുമൊക്കെ വന്നപ്പോള്‍ പകച്ചുപോയോ ?
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ മുരളീധരന് ലഭിക്കേണ്ടിയിരുന്ന യു ഡി എഫ് വോട്ടുകളാണ് സുരേഷ് ഗോപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയതെന്നോക്കെ സി പി എം താല്‍ക്കാലികമായി കണ്ടെത്തിയ ന്യായം മാത്രമാണല്ലോ. അത്തരമൊരു സാഹചര്യമുണ്ടായാല്‍ അതു തടയാനുള്ള രാഷ്ട്രീയ ബാധ്യത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായിരുന്നു.ഇടത് പക്ഷം നേരത്തെ വിജയിച്ചിരുന്ന പ്രധാനപ്പെട്ട മണ്ഡലങ്ങളില്‍ ഒന്നായിരുന്നു തൃശ്ശൂര്‍. ആ മണ്ഡലം എങ്ങിനെയാണ് നഷ്ടമായത് ? നരേന്ദ്രമോദി തൃശ്ശൂരില്‍ വട്ടമിട്ടുപറന്നപ്പോഴും അറിയില്ലായിരുന്നോ വരാന്‍ പോവുന്ന അപകടം ? സുനില്‍ കുമാറിന്റെ ജനപ്രീതിയില്‍ അങ്ങ് രക്ഷപ്പെട്ടാല്‍ ഇടതുപക്ഷം രക്ഷപ്പെട്ടുവെന്ന നിലപാടിലായിരുന്നോ താങ്കള്‍ ?
തൃശ്ശൂര്‍ മണ്ഡലം കൈവിട്ടുപോവാന്‍ പ്രധാനകാരണങ്ങളില്‍ ഒന്ന് കരിവന്നൂര്‍ ബാങ്ക് തട്ടിപ്പാണെന്നാണ് സി പി ഐയുടെ വിലയിരുത്തല്‍. സി പി ഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച എല്ലാ മണ്ഡലത്തിലും ശക്തമായ തിരിച്ചടിയല്ലേ ഉണ്ടായത്.പത്തനംതിട്ടയിലും ചാലക്കുടിയിലും മലപ്പുറത്തും ഒഴികെ 17 മണ്ഡലങ്ങളിലും ബി ജെ പിക്ക് വോട്ടു വര്‍ധിച്ച വിവരം താങ്കള്‍ അറിഞ്ഞിരിക്കുമല്ലോ. കേരളത്തിലെ ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്തി അങ്ങ് വിജയിച്ചുകളയാമെന്ന താങ്ങളുടെ അടവു നയം ആകെ പാളിയതിന്റെ തിരിച്ചടിയാണിതെന്ന് ഇനിയെങ്കിലും മനസിലാക്കുമോ ?സമസ്തയേയും ലീഗിനേയും പിളര്‍ത്തി ഭരണത്തുടര്‍ച്ചയുണ്ടാക്കാനുള്ള നീക്കവും കേരളത്തിലെ ഈ തിരിച്ചടിക്ക് കാരണമാക്കിയതായി തിരിച്ചറിയുമോ ?
ഡി എം കെയുടെ തണലില്‍ രണ്ട് സീറ്റും രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ പിന്‍ബലത്തില്‍ ഒരു സീറ്റും വിജയിച്ച സി പി എം ഭരണത്തിലിരിക്കുന്ന കേരളത്തിലുണ്ടായ തിരിച്ചടിയില്‍ അല്‍പ്പമെങ്കിലും നാണം തോന്നുണ്ടോ സഖാവേ.പിണറായി വിജയന്റേത് ഒരു കടത്തുകാരന്റെ റോളാണെന്ന സി എം പി നേതാവ് സി പി ജോണിന്റെ പ്രതികരണമാണ് വാല്ക്കഷണമായി സൂചിപ്പിക്കാനുള്ളത്. വഞ്ചി ഒന്നു ചരിഞ്ഞാല്‍ എല്ലാം തകര്‍ന്നു പോകാന്‍ സാധ്യതയുണ്ടെന്ന് ഈ കടത്തുകാരന് ഒരിക്കലും ആലോചിക്കാത്തത് അത്ഭുതമാണ്.