മഴക്കാലത്ത് വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി. വയറിളക്കം മൂലമുള്ള സങ്കീർണതകൾ ഒഴിവാക്കാൻ അവബോധം വളരെ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. രോഗ പ്രതിരോധത്തിനായി സംസ്ഥാനത്തെ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഒആർഎസ്, സിങ്ക് എന്നിവ സൗജന്യമായി ലഭ്യമാക്കും. വയറിളക്കം നിൽക്കുന്നില്ലെങ്കിൽ എത്രയും വേഗം ഡോക്ടറെ സമീപിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും വയറിളക്ക രോഗങ്ങൾ ഉണ്ടാകാം. അതിനാൽ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. രുചിയിലോ മണത്തിലോ വ്യത്യാസമുള്ള ഭക്ഷണം കഴിക്കരുത്. ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്. ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ മരണ കാരണമാകുന്ന പ്രധാനപ്പെട്ട രോഗങ്ങളിലൊന്നാണ് വയറിളക്ക രോഗങ്ങൾ. രോഗമുണ്ടായാൽ ശരീരത്തിൽ ജലാംശം നഷ്ടപ്പെടുന്ന അവസ്ഥയായ നിർജലീകരണം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. വയറിളക്കം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ഒആർഎസ് എന്നിവ നൽകുന്നത് വഴി നിർജലീകരണം തടയാനും രോഗം ഗുരുതരമാകാതിരിക്കുവാനും സാധിക്കുന്നതാണ്.
വയറിളക്കം മൂലമുള്ള നിർജലീകരണം കുഞ്ഞുങ്ങളിലും പ്രായമുള്ളവരിലും ഗുരുതരമാകാൻ ഇടയുണ്ട്. വയറിളക്ക രോഗങ്ങളുടെ ചികിത്സയിൽ ഒആർഎസിൻ്റെ പ്രാധാന്യം ഉൾക്കൊണ്ട് ആരോഗ്യ വകുപ്പ് ഈ മാസം 15 വരെ പാനീയ ചികിത്സാ വാരാചരണം ആചരിക്കുന്നുണ്ട്. ഒആർഎസിന്റെ പ്രാധാന്യം, ഒആർഎസ് തയ്യാറാക്കുന്ന വിധം, വയറിളക്ക രോഗ പ്രതിരോധത്തിൽ ആഹാര, പാനീയ, വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യം, നിർജലീകരണത്തിന്റെ അപകടം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാക്കാനാണ് ഈ വാരാചരണം സംഘടിപ്പിക്കുന്നത്. വയറിളക്കമുള്ളപ്പോൾ ഒആർഎസിനൊപ്പം ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം സിങ്ക് ഗുളികയും നൽകണം. ഇതിലൂടെ രോഗം മൂലമുള്ള ജലനഷ്ടവും ലവണനഷ്ടവും പരിഹരിക്കാനാകും.