നമ്മുടെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ കലിപ്പിലായിരുന്നു കേന്ദ്രത്തില്‍ നിന്ന് കുവൈത്തില്‍ ദുരന്തം നടന്നിടത്തേയ്ക്കുള്ള മന്ത്രി വീണാ ജോര്‍ജിന്റെ യാത്ര വേണ്ടായെന്ന് പറഞ്ഞതിന്. ഒന്നൂല്ലേലും ഒരു മന്ത്രി അല്ലേ, റെഡി ആയി എയര്‍പ്പോര്‍ട്ടില്‍ എത്തുമ്പോ പോണ്ടാന്ന് ഒക്കെ പറഞ്ഞാല്‍ എങ്ങനെ ശരിയാകും. കാര്യം ഇത്രേയുള്ളൂ… സംസ്ഥാന മന്ത്രിക്ക് ആ രാജ്യത്തു പ്രത്യേകമായി എന്തെങ്കിലും ചെയ്യാനില്ലാത്ത സാഹചര്യത്തിലാണ് ആ യാത്രയെ കേന്ദ്രം പ്രോത്സാഹിപ്പിക്കാതിരുന്നത്. ദുരന്തം സംഭവിച്ചത് അറിഞ്ഞയുടന്‍ തുടര്‍നടപടികള്‍ക്കു കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുണ്ടാകുകയും ചെയ്തിരുന്നു.
മാത്രമല്ല, കേരളത്തിന് ഇത്തരത്തിലൊരു അനുമതി നല്കിയാല് മറ്റു സംസ്ഥാനങ്ങളും ഇതേ ആവശ്യം ഉന്നയിക്കും. അത് പിന്നെ ഏത് മേഖല ആണെങ്കിലും എടുത്ത് പറയേണ്ടതില്ലല്ലോ…അവര്‍ക്ക് കൊടുത്തില്ലേ അപ്പോള്‍ ഞങ്ങള്‍ക്കും തന്നൂടെ എന്ന ആവശ്യവും, പിന്നെ ഒരാള്‍ പോയാല്‍ അടുത്ത ആളും എന്തായാലും പോകണമല്ലോ…രാഷ്ട്രീയമേഖല കൂടിയായാല്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ…ഇനി, അനുവാദം കൊടുത്ത് സംസ്ഥാന മന്ത്രിമാര്‍ കുവൈത്തിലെത്തിയാല്‍ എംബസി ഉദ്യോഗസ്ഥര്‍ക്കു ജോലിഭാരം കൂടുമെന്നല്ലാതെ മന്ത്രിക്കു ഭരണപരമായി എന്തെങ്കിലും ചെയ്യാനാവില്ലെന്നുമുള്ള തിരിച്ചറിവിലാണ് കേന്ദ്രം ആ അനുമതി നിഷേധിച്ചത്.
എന്നാല്‍ നമ്മുടെ മന്ത്രിയുടെ യാത്രമുടക്കിയതില് വന്‍ വിവാദമായിരുന്നു ഒന്ന് ആളിപ്പോയത്. അവിടെ കുവൈത്തില്‍, സ്വപ്നങ്ങളും ആഗ്രഹങ്ങളും ബാക്കിയാക്കി ചേതനയറ്റ് കിടക്കുന്ന ശരീരങ്ങള്‍, ഇവിടെ നാട്ടില്‍ ആ സ്വപ്നങ്ങളുടെ ഒരറ്റവും മനസ്സിലൊതുക്കി നിന്ന മാതാപിതാക്കള്‍, മക്കള്‍, സഹോദരങ്ങള്‍, ജീവിത പങ്കാളികള്‍, കുടുംബക്കാര് ഒക്കെയും. ഇതിനിടയില്‍, മന്ത്രിക്ക് യാത്ര നിഷേധിച്ചുവെന്ന പേരില്‍ അനാവശ്യ വിവാദവും. അതും മന്ത്രിയുടെ യാത്രമുടങ്ങിയത് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ ഇഷ്ടപ്പെട്ടുമില്ല. ഈ ദുര്‍വാശി വേണ്ട സമയത്തായിരുന്നോ മന്ത്രിയും കൂട്ടരും എടുത്തത്. ഭരണപക്ഷവും പ്രതിപക്ഷവും അത് ആലോചിച്ചിരുന്നോ.. ചേതനയറ്റ ആ മൃതദേഹങ്ങള്‍ അവിടുന്നു വിമാനത്തില്‍ കയറ്റി അയക്കാന്‍ ഒരുങ്ങുമ്പോഴാണ് ഇവിടെ മന്ത്രിയുടെ വിവാദവും കേന്ദ്രത്തിനോടുള്ള അപ്രീതി പ്രകടനങ്ങളും. സാഹചര്യത്തിനനുസരിച്ചും കൃത്യസമയത്തും വേണ്ടവിധത്തില്‍ പെരുമാറാന്‍ ഇവരെയൊക്കെ ആരു പഠിപ്പിക്കാനാണ്. കാര്യങ്ങള്‍ എല്ലാം കഴിഞ്ഞിട്ട് മന്ത്രി അവിടെ ചെന്ന് എന്ത് ചെയ്യാനായിരുന്നോ എന്തോ…അവിടം വരെ ഒരു ടൂര്‍ ആകാമെന്ന് ഓര്ത്തിട്ടുമുണ്ടാകാം..
ഇനി അടുത്തത് ദുഖാര്ദ്രനായ മുഖ്യമന്ത്രിയുടെ വിമര്‍ശനം- അത് ലോകകേരളസഭയുടെ ഉദ്ഘാടനവേദിയിലായിരുന്നു എന്നതാണ് മറ്റൊരു ആകര്‍ഷക ഘടകം. എല്ലാം ഞങ്ങള്‍ ചെയ്തിട്ടുണ്ട്, പിന്നെന്തിനാണു നിങ്ങള്‍ പോകുന്നത്’ എന്നു ചിലര്‍ ചോദിക്കുന്നതു കേട്ടു. ഇത്തരം ദുരന്തഘട്ടങ്ങളില്‍ അവിടെ എത്തിച്ചേരുക എന്നതാണു മലയാളികളുടെ സംസ്കാരവും രീതിയും. മരണം സംഭവിച്ചാല്‍ മരണവീട്ടില്‍ പോകാറുണ്ട്. പോയിട്ടു പ്രത്യേകിച്ച് എന്തു ചെയ്യാനാണ് എന്നു വേണമെങ്കില്‍ ഇത്തരക്കാര്‍ക്കു ചോദിക്കാമല്ലോ. പരുക്കേറ്റവരുടെ ചികിത്സാ കാര്യങ്ങളും അവിടത്തെ മലയാളിസമൂഹത്തിന്റെ ആശങ്കയും അറിയാനും കൈകാര്യം ചെയ്യാനും വേണ്ടിയാണു മന്ത്രിയെ അയയ്ക്കാന്‍ തീരുമാനിച്ചത്. പക്ഷേ, അനുമതി നിഷേധിച്ചു. ഇപ്പോള്‍ മറ്റു കാര്യങ്ങള്‍ പറയുന്നില്ല. കേന്ദ്രനടപടിയുടെ ഔചിത്യവും അനൗചിത്യവും ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നുമാണ് ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്.
ആ ദിവസം തന്നെ ഇത്രയുമൊക്കെ വേദിയില്‍ പറയാമെങ്കില്‍ ബാക്കിവെച്ച മറ്റുകാര്യങ്ങള്‍കൂടി അവിടെ അദ്ദേഹത്തിന് പറയാമായിരുന്നു.ദുരന്തമുഖത്തു കേരളത്തോട് ഇതു വേണ്ടായിരുന്നു എന്നായിരുന്നു മന്ത്രിയുടെ അഭിപ്രായം. അപ്പോ ആ ദുരന്തമുഖത്ത് അനാവശ്യമായി ഒരു വിവാദം ഉയര്‍ത്തിയത് ന്യായമാണെന്നല്ലേ പറയാനാകൂ… എന്തായിരുന്നു അവരുടെ പ്രശ്നം, വിദേശങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍ അവിടെ ഉണ്ടാവുക പ്രധാനമാണെന്നായിരുന്നു പ്രതിപക്ഷനേതാവ് പറഞ്ഞത്. ശരിയാണ്. എന്നാല്‍ കേന്ദ്രത്തില്‍ നിന്ന് പൊടുന്നനെയുണ്ടായ ഇടപെടലിലൂടെ കാര്യങ്ങളെല്ലാം വേണ്ടവിധം ക്രമീകരിച്ചിരുന്നു. പിന്നെന്തിനായിരുന്നു അനാവശ്യമായ ഒരു വാശിയും, വിവാദവും. കൊവിഡ് ബാധയില്‍ വലഞ്ഞപ്പോള്‍ ഓടിയെത്തി ഇടപെടലുകള്‍ നടത്തിയ ശൈലജ ടീച്ചര്‍ ആകാന്‍ നോക്കിയതായിരുന്നോ വീണാ ജോര്‍ജ്. രാഷ്ട്രീയ ജീവിതത്തില്‍ പബ്ലിസിറ്റി മുഖ്യമാണല്ലോ…