കൊച്ചി:സംസ്ഥാനത്ത് മഴക്കാലം ശക്തി പ്രാപിച്ചതോടെ മഴക്കാല രോഗങ്ങളും പിടിമുറുക്കുന്നു.എറണാകുളം ജില്ലയില്‍ ജൂണില്‍ ഇതുവരെ 9550-ഓളം പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.ദിവസേന പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നു.മഴക്കാലജന്യ രോഗമാണ് ഉണ്ടാകുന്നതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.ദിവസവും 500 ലധികം പേരാണ് ഇപ്പോള്‍ ചികിത്സ തേടുന്നത്.മെയ് മാസം പ്രതിദിനം 300 പേരാണ് ചികിത്സ തേടിയിരുന്നത്.
ജില്ലയില്‍ ഇതുവരെ 28 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു.ഗ്രാമപ്രദേശങ്ങളിലാണ് പനി കൂടുതല്‍ പടരുന്നത്.കളമശ്ശേരി,തൃക്കാക്കര നഗരസഭകളിലും പനി പടരുന്നു.മഴക്കാലത്ത് മലിന ജലം കെട്ടിക്കിടക്കുന്നതാണ് എലിപ്പനി പടരാനിടയാക്കുന്നത്.മഴ പെയ്ത് വെള്ളം കയറിയ പ്രദേശങ്ങളില്‍ എലിപ്പനി പ്രതിരോധ മരുന്നുകള്‍ നല്‍കിവരികയാണ്.
നേരത്തെ, പെരുമ്പാവൂര്‍ വേങ്ങൂര്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം വ്യാപകമായത് ആശങ്കപരത്തിയിരുന്നു.ഇവിടുത്തെ സ്ഥിതി നിയന്ത്രണ വിധേയമാകുന്നതിനിടെയാണ് കൊച്ചിയെ ആശങ്കയിലാഴ്ത്തി ഡങ്കിപ്പനിയും എലിപ്പനിയുള്‍പ്പടെ പടരുന്നത്.അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു.