കാലങ്ങളായി നിരന്തര സമരം നടക്കുന്ന പന്നിയങ്കരയില്‍ കാലാകാലങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടിയും അന്നത്തെ ആലത്തൂര്‍ എംപി രമ്യ ഹരിദാസും തരൂര്‍ എംഎല്‍എ പി പി സുമോദും കളക്ടറുടെ ചേംബറില്‍ വെച്ച് വടക്കഞ്ചേരി ജനകീയവേദി നേതാക്കളായ ബോബന് ജോര്‍ജ്ജ്, സുരേഷ് വേലായുധന്, ജീജോ അറയ്ക്കല്‍, പന്തലാംപാടം ജനകീയ കൂട്ടായ്മയുടെ ജോസ് മാസ്റ്റര്‍ ഉള്‍പ്പടെയുള്ള സമരനേതാക്കളും KMC യുടെയും ടോള്‍ കമ്പനിയായ തൃശൂര്‍ എക്സ്പ്രസ് വേയുടെയും NHAI യുടെയും ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രദേശവാസികളായ ആറ് പഞ്ചായത്തുകളിലെ സ്വകാര്യവാഹന ഉടമകള്‍ക്കും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സര്‍വ്വീസ് നടത്തുന്ന വാഹനങ്ങള്‍ക്കും സൗജന്യയാത്ര എന്ന നിബന്ധന അംഗീകരിക്കപ്പെട്ടത്.
തുടര്‍ന്ന് വടക്കഞ്ചേരി മേല്‍പ്പാലം തുടര്‍ച്ചയായി പലവട്ടം പൊളിച്ച് പണിയേണ്ടി വന്നപ്പോഴും കുതിരാന്‍ ടണല്‍ നിര്‍മ്മാണത്തിലെ പിഴവുകള്‍ കണ്ടെത്തി പുതുക്കിപ്പണിയേണ്ടി വന്നപ്പോഴും ടണലിന് സമീപം റോഡ് ഇടിഞ്ഞ് താണപ്പോഴുമെല്ലാം വാഹന ഗതാഗതം ഒറ്റവരിയാക്കിയും ഇഴഞ്ഞു നീങ്ങുന്ന നിലയിലും പലപ്പോഴും ബ്ലോക്കുണ്ടാവുന്ന നിലയിലുമായിട്ടും ഉയര്‍ന്ന ടോള്‍ നിരക്കില്‍ ഇളവ് വരുത്താത്തതും റോഡില്‍ പലേടത്തും വെളിച്ചമില്ലാത്തതും ബസ് ബേകളില്ലാത്തും സര്‍വീസ് റോഡുകളുടെ അപര്യാപ്തതയും മഴക്കാലത്ത് വെള്ളക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും സൃഷ്ടിക്കുന്ന ഡ്രൈനേജ് അസൗകര്യങ്ങളും അടിപ്പാതകളുടെ അപര്യാപ്തതയും ചൂണ്ടിക്കാട്ടിയും ഫൂട്ഓവര്‍ ബ്രിഡ്ജുകള്‍ സ്ഥാപിക്കാത്തതിനെ ചൊല്ലിയുമെല്ലാം നിരവധി സംഘര്‍ഷങ്ങള്‍ പന്നിയങ്കരയില്‍ ഉയര്‍ന്നു വന്നു.അതിനോടെല്ലാം മുഖം തിരിച്ചു നിന്ന ടോള്‍ കമ്പനി ഇടയ്ക്കിടെ പ്രദേശവാസികളുടെയും സ്കൂള്‍ വാഹനങ്ങളുടെയും സൗജന്യമില്ലാതാക്കാന് പലവട്ടം ശ്രമിച്ചു. അപ്പോഴെല്ലാം ജനകീയവേദിയും പന്തലാംപാടം ജനകീയകൂട്ടായ്മയും ചേര്‍ന്ന് സംയുക്തമായി സമരമുഖങ്ങള്‍ തുറന്നു.
ഈയടുത്ത് ആലത്തൂര്‍ ഡിവൈസ്പിയും തരൂര്‍ എംഎല്‍എയും അടുത്തടുത്ത രണ്ട് ദിവസങ്ങളില്‍ പുതിയ ടോള്‍ പിരിവ് ഏജന്‍സിയായ സെക്യൂറയെ കൂടി പങ്കെടുപ്പിച്ച് നടത്തിയ ചര്‍ച്ചയിലും തല്‍സ്ഥിതി തുടരാനാണ് തീരുമാനമായത്.എന്നാല്‍ കമ്പനി പൊടുന്നനെ ഏകപക്ഷീയമായി ആ തീരുമാനത്തിന്റെ ലംഘനവുമായി മുന്നോട്ടു പോകുന്ന സാഹചര്യമാണ് ഉണ്ടായത്.അതിനെതിരെ വടക്കഞ്ചേരി ജനകീയവേദിയും പന്തലാംപാടം ജനകീയ കൂട്ടായ്മയും കേരള വ്യാപാരി സംരക്ഷണ സമിതിയും സ്കൂള്‍ വാഹന ഓപ്പറേറ്റര്‍മാരുടെ സംഘടനയും ചേര്‍ന്ന് ഇന്ന് രാവിലെ പത്തരയോടെ പ്രതിഷേധ സംഗമം തീര്‍ക്കും.
ഇന്നലെ അഞ്ച് പഞ്ചായത്തുകളിലും വാഹനപ്രചരണ ജാഥ നടന്നു. സമരസമിതി നേതാക്കളായ സി.കെ.അച്യുതന്, ജീജോ അറയ്ക്കല്‍, ഷിബു ജോണ്‍, ജോര്‍സി ജോസഫ് എന്നിവര്‍ പ്രചാരണത്തിന് നേതൃത്വം നല്കി.പര്യടനം നടത്തിയ ജാഥയ്ക്ക് വടക്കഞ്ചേരി പട്ടണത്തില്‍ ഗംഭീര സ്വീകരണമൊരുക്കി.സ്വീകരണ പൊതുയോഗത്തില്‍ ബോബന് ജോര്‍ജ്ജ്, സുരേഷ് വേലായുധന്, സതീഷ് ചാക്കോ, ജോര്‍സി, വി.ഗംഗാധരന്, സ്റ്റാന്‍ലി, മോഹനന് പള്ളിക്കാട്, സാജന് മാത്യു, ഡോ.വാസുദേവന്‍ പിള്ള എന്നിവര്‍ പ്രസംഗിച്ചു.