ന്യൂഡല്‍ഹി: ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നിലവിലെ അംഗബലം അനുസരിച്ച് ഭരണപക്ഷത്തിന് അനുകൂലമായിരിക്കെ പ്രതിപക്ഷത്തിനുള്ള തിരിച്ചടി കൂടുതല്‍ കനക്കും. ശശി തരൂര്‍ അടക്കമുള്ള പ്രതിപക്ഷത്തുള്ള ചില എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്യാത്ത സാഹചര്യത്തില്‍ ഇവര്‍ക്ക് ഇന്ന് വോട്ടെടുപ്പില്‍ പങ്കെടുക്കാനാകില്ലെന്നാണ് വിവരം.
ഇന്ത്യ സഖ്യത്തിലെ 232 എംപിമാരില്‍ അഞ്ചുപേരാണ് സത്യപ്രതിജ്ഞ ചെയ്യാത്തത്. രണ്ട് സ്വതന്ത്ര എംപിമാരടക്കം ആകെ ഏഴുപേര്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ലോക്സഭയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിട്ടില്ല.
കോണ്‍ഗ്രസ് എംപി ശശി തരൂര്‍, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ ശത്രുഘ്നന്‍ സിന്‍ഹ, ദീപക് അധികാരി, നൂറുല്‍ ഇസ്ലാം, സമാജ് വാദി പാര്‍ട്ടി എംപി അഫ്സല് അന്‍സാരി എന്നിവരും രണ്ട് സ്വതന്ത്രരുമാണ് സത്യപ്രതിജ്ഞ ചെയ്യാന്‍ ബാക്കിയുള്ളത്.
ഗുണ്ടാനേതാവും മുന്‍ രാഷ്ട്രീയ നേതാവുമായിരുന്ന മുഖ്താര്‍ അന്‍സാരിയുടെ സഹോദരനാണ് അഫ്സല് അന്‍സാരി. തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ നാലുവര്‍ഷത്തെ ജയില്‍ ശിക്ഷ അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.
ജൂലായില്‍ ഇതുമായി ബന്ധപ്പെട്ട് കേസ് കോടതിയില്‍ വരും. ശിക്ഷ ശരിവെച്ചാല്‍ അഫ്സാല്‍ അന്‍സാരിക്ക് പാര്‍ലമെന്റ് അംഗത്വം നഷ്ടപ്പെടും. വിവിധ കാരണങ്ങളാലാണ് മറ്റു എംപിമാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സത്യപ്രതിജ്ഞ ചെയ്യാതിരുന്നത്.
ഇന്ന് 11 മണിയോടെ നടക്കുന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ സഭയില്‍ ഹാജരായ മൊത്തം എംപിമാരുടെ എണ്ണമനുസരിച്ചായിരിക്കും ഭൂരിപക്ഷ പിന്തുണ കണക്കാക്കുക. 543 അംഗ പാര്‍ലമെന്റില്‍ നിലവില്‍ ഏഴുപേര്‍ സത്യപ്രതിജ്ഞ ചെയ്യാത്ത സാഹചര്യത്തില്‍ 536 അംഗങ്ങള്‍ക്കാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാകുക.
ഈ സാഹചര്യത്തില്‍ 269 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലേ ഭൂരിപക്ഷം ലഭിക്കുകയുള്ളൂ.പ്രതിപക്ഷത്തിന് നിലവില്‍ 232 എംപിമാരാണുള്ളത്. ഇതില്‍ അഞ്ചുപേര്‍ സത്യപ്രതിജ്ഞ ചെയ്യാതിരുന്നതോടെ അവരുടെ അംഗബലം 227 ആയി. എന്‍ഡിഎയ്ക്ക് 293 എംപിമാരുടെ പിന്തുണയുണ്ട്. കൂടാതെ നാല് എംപിമാരുള്ള ജഗന്മോഹന് റെഡ്ഡിയുടെ വൈ.എസ്.ആര്.കോണ്‍ഗ്രസ് എന്‍ഡിഎ സ്ഥാനാര്‍ഥി ഓം ബിര്‍ളയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൊടിക്കുന്നില്‍ സുരേഷാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥി.