രാജേഷ് തില്ലങ്കേരി
ടി പി ചന്ദ്രശേഖരന് കൊലപാതകക്കേസില്‍ പ്രതികളായ മൂന്നു പേര്‍ക്ക് ശിക്ഷായിളവുകൊടുക്കാന്‍ ആരാണ് ശുപാര്‍ശ നല്‍കിയത്. കേരള സര്‍ക്കാര്‍ പറയുന്നു ഞങ്ങളല്ലെന്ന്… ഞങ്ങള്‍ ഇക്കാര്യം അറിഞ്ഞിട്ടേയില്ലെന്നാണ് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയായ സി പി എമ്മും പറയുന്നത്. അഭ്യന്തര വകുപ്പാണേല്‍ സഖാവ് പി ശശിയുടെ കൈകളിലായതോടെ എല്ലാം പെട്ടെന്ന് കൈകഴുകി ഒഴിവാകും. ഒന്നിലും ഞങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന ഭാവത്തില്‍. പാവപ്പെട്ട കുറച്ച് തടവുകാര്‍ക്ക് എന്തെങ്കിലുമൊക്കെ ചെയ്തു കൊടുക്കുകയെന്ന ലക്ഷ്യത്തോടെ ജീവിക്കുന്ന ഗാന്ധിയന്മാരായ ജയില്‍ അധികൃതരാണ് ടി പി കേസ് പ്രതികളോട് താല്പര്യവും കാരുണ്യവും കാണിച്ചതെന്നാണ് സര്‍ക്കാര്‍ കണ്ടെത്തിയത്. അവരെയെല്ലാം അപ്പോതന്നെ പിടിച്ച് പുറത്താക്കാനും സര്‍ക്കാര്‍ മറന്നില്ല.. അതാണ് ഈ സര്‍ക്കാരിന്റെ പ്രത്യേകത. മുഖം നോക്കാതെ നടപടിയെടുത്തുകളയും. ജയിലറാശാന്റെ നിര്‍ദ്ദേശ പ്രകാരം ടി പിയുടെ ഭാര്യയും വടകര എം എല്‍ എയുമായ കെ കെ രമയുടെ മൊഴിയെടുത്ത പാവം പൊലീസുകാരെയും സര്‍ക്കാര്‍ തിരിച്ചറിഞ്ഞ് മുഖം നോക്കാതെ നടപടിയെടുക്കാന്‍ ഉത്തരവിട്ടിരിക്കയാണ്.
ഇത്രയൊക്കെ ആത്മാര്‍ത്ഥമായി ചെയ്തിട്ടും കെ കെ രമയും ഇവിടുത്തെ പിന്തിരിപ്പന്മാരായ വലതു പക്ഷവും ജനാധിപത്യ ബോധമില്ലാത്ത കുറേ രാഷ്ട്രീയ നേതാക്കളും പറയുകയാണ് ടി പി കൊലക്കേസിലെ പ്രതികളെ രക്ഷിക്കാനായി ഉന്നതങ്ങളില്‍ ഗൂഢാലോചന നടന്നുവെന്ന്. കാറല്‍മാര്‍ക്സ് മുത്തപ്പനാണേ സത്യം, അങ്ങിനെയൊരു ഗൂഢാലോചന നടന്നി്ല്ലെന്ന് തെളിയിക്കാനും ടി പി കൊലക്കേസ് പ്രതികളില്‍ ചിലരെ ജയിലില്‍ നിന്നും പുറത്തിറക്കാനുമുള്ള നീക്കത്തില്‍ ഈ പാവം കമ്യൂണിസ്റ്റ് സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്ന് സ്ഥാപിക്കാനുമുള്ള കഠിന ശ്രമത്തിലാണ് ആഭ്യന്തരവകുപ്പ്…
കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിന്റെ ഏറ്റവും പൈശാചിക മുഖമായിരുന്നു വടകര ഒഞ്ചിയത്ത് അരങ്ങേരിയ കൊലപാതകം. രാഷ്ട്രീയ വിരോധം മൂലം സി പി എമ്മിന്റെ നേതൃത്വത്തില്‍ 12 വര്‍ഷം മുന്‍പ് ടി പി ചന്ദ്രശേഖരന് എന്ന പൊതു പ്രവര്ത്തകന് അതിക്രൂരമായരീതിയില്‍ കൊല്ലപ്പെട്ട ദിനം. സംസ്ഥാനത്തെ രാഷ്ട്രീയ ചരിത്രത്തില്‍ അത് ഒരു കറുത്ത അധ്യായമായിമാറി.
എ്ന്തുകൊണ്ടാണ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകം സി പി എം നേതാക്കളുടെ ഓര്‍മ്മകളില്‍ പോലും ഒരു പേടി സ്വപ്നമായി ഇപ്പോഴും നിലനില്‍ക്കുന്നത്…എന്തുകൊണ്ടാണ് ആ കൊലക്കേസിലെ പ്രതികളെ സി പി എം അന്നും ഇന്നും ഭയ്പ്പെടുന്നത്. സ്വര്‍ണക്കേസിലെ പ്രതികളും ക്വട്ടേഷന്‍ കേസിലെ പ്രതികളും കൊലപാതകക്കേസിലെ പ്രതികളുമെല്ലാം ഒരു ദിവസം സത്യം പറഞ്ഞാല്‍ കണ്ണൂരിലേയും കോഴിക്കോട്ടേയും ചെങ്കോട്ടകള്‍ ആ ദിവസം തകര്‍ന്നു വീഴുമെന്ന ഭയമാണോ സഖാക്കളെ, ക്രിമിനലുകളെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി സി പി എം മാറിയതിനുപിന്നിലെ ചേതോ വികാരം.
സി പി എമ്മിലെ വലതുപക്ഷ വ്യതിയാനത്തിനെതിരെ തിരുത്തല്‍ നടപടികളുണ്ടാവണമെന്നുള്ള ആവശ്യം പാര്‍ട്ടിയില്‍ ഉയരുന്ന കാലത്താണ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകക്കേസ് വീണ്ടും ചര്‍ച്ചയാവുന്നത്. നേതാക്കളുടെ ശൈലിയില്‍ മാറ്റമുണ്ടാവണമെന്നും, അഴിമതിയാരോപണങ്ങളില്‍ വ്യക്തമായ മറുപടിയുണ്ടാവണമെന്നുമുള്ള ആവശ്യങ്ങള്‍ ശക്തമായി ഒരു ഭാഗത്ത് ഉയരുമ്പോഴാണ് മറു ഭാഗത്ത് ടി പി കൊലക്കേസിലെ പ്രതികള്‍ക്ക് ശിക്ഷയിളവ് കൊടുക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നത്.
ഇത് അപ്രതീക്ഷിതമായുണ്ടായതല്ലെന്ന് വ്യക്തം . ടി പി ചന്ദ്രശേഖരന് എന്ന മുന്‍ സി പി എം നേതാവിനെ ആര്‍ക്കായിരുന്നു ഭയം, എന്തിനായിരുന്നു ആ കൊലപാതകമെന്നു ചോദിച്ചാല്‍ അതിന് വ്യക്തമായ ഉത്തരമുണ്ട്.
ചെറിയ എതിര് ശബ്ദങ്ങളെപ്പോലും കേള്‍ക്കാന്‍ ഭയക്കുന്ന പാര്‍ട്ടിയായി എങ്ങിനെയാണ് സി പി എം മാറിയത്. അന്യന്റെ ശബ്ദം സംഗീതം പോലെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തൊരു പ്രസ്ഥാനത്തിന് എങ്ങിനെയാണ് ഒരു ജനതയെ നയിക്കാനാവുകയെന്ന ചോദ്യം അപ്പോഴും ബാക്കിയാണ്. ഇത്രയേറെ ജീര്ണിച്ചുപോയൊരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടോ എന്ന ചോദ്യത്തിന് സി പി എമ്മിന് എങ്ങിനെ മറുപടി പറയാന്‍ പറ്റും.
സി പി എമ്മിന് ബന്ധമില്ലെന്ന് പറയുകയും ഒപ്പം ടി പി കൊലക്കേസിലെ പ്രതികളെ പുറത്തെത്തിക്കാനും ഒരേ സമയം ശ്രമിക്കുകയും ചെയ്യുന്നു. ജയിലില്‍ നിന്നും പുറത്തെത്തിക്കാന്‍ ആവശ്യമായ നീക്കങ്ങള്‍ എല്ലാം നടത്തുന്നു.
പാര്‍ട്ടിക്ക് ബന്ധമൊന്നും ഇല്ലെങ്കിലും ടി പി കേസിലെ പ്രതികളോട് എല്ലാ പാര്‍ട്ടിക്കാര്‍ക്കും വല്ലാത്തൊരു മമതയാണ്. അവര്‍ക്ക് ജയിലില്‍ വി ഐ പി പരിഗണന. പ്രത്യേക സൗകര്യങ്ങള്‍ ജയിലില്‍ ഇരുന്നുകൊണ്ട് പുറത്ത് സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുള്ള സൗകര്യം. ജയില്‍ മേധാവികളടക്കമുള്ളവരെ നിയന്ത്രിക്കാനുള്ള അധികാരം എല്ലാം എങ്ങിനെ ലഭിക്കുന്നു. ഇതൊക്കെ എങ്ങിനെയാണ് ലഭിക്കുന്നതെന്ന് സി പി എം നേതാക്കള്‍ ജനങ്ങളോട് പറയണം.ഒരുമിച്ച് ഭക്ഷണം കഴിച്ച്, ഒരുമിച്ച് കിടന്നുറങ്ങി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്ന ഒരാളെ രാഷ്ട്രീയമായ അഭിപ്രായ ഭിന്നതയുടെ പേരില്‍ കൊല്ലുകയെന്നു പറയുന്നതുതന്നെ അതിഭീകരമാണ്, ഭയാനകമാണ്.
മനുഷ്യ സ്നേഹത്തിന്റെ ആത്മാവാണ് കമ്യൂണിസം എന്നൊക്കെ പറയുകയും മനുഷ്യസ്നേഹമോ, മാനവികതയോ ഒന്നും തൊട്ടു തീണ്ടിയിട്ടില്ലാത്തൊരു പാര്‍ട്ടിയും നേതാക്കളുമാണ് സി പി എം എന്ന പേരില്‍ അറിയപ്പെടുന്നതെന്നും അണികള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.
സി പി എമ്മിന്റെ കൊടും ക്രൂരതയില്‍ ശരീരത്തില്‍ 51 വെട്ടുകളേറ്റ് ഒരു പൊതു പ്രവര്ത്തകന് അതി മൃഗീയമായി കൊല്ലപ്പെട്ടിട്ടും കുലം കുത്തി കുലംകുത്തി തന്നെയെന്ന് വിശേഷിപ്പിച്ച നേതാവാണ് ഇന്ന് കേരളം ഭരിക്കുന്നത്. പാര്‍ട്ടിക്ക് ഇഷ്ടമില്ലാത്തവരെ ഈ ലോകത്തുനിന്നും തുടച്ചുനീക്കും എന്ന സന്ദേശമാണ് ടി പി കൊലപാതകത്തിലൂടെ പാര്‍ട്ടി നല്‍കിയത്. കൊല നടത്തിയവര്‍ ഒരു ഇളവും അര്‍ഹിക്കുന്നില്ലെന്നാണ് ബഹുമാനപ്പെട്ട കോടതി കണ്ടെത്തിയത്.
എന്നിട്ടും മറ്റെന്തോ നിയമം പറഞ്ഞ് അവരില്‍ ചിലരെ പുറത്തിറക്കാനുള്ള നീക്കം നടത്തിയത് എന്ത് ജനവഞ്ചനയാണ്. സഖാവ് ടി പി ചന്ദ്രശേഖരന്റെ വിധവ ആ നിയമസഭയില്‍ അംഗമായിരിക്കുന്നുണ്ടെന്നും അവരോടെങ്കിലും മറുപടി പറയേണ്ടിവരുമെന്നും ഒരിക്കലെങ്കിലും ആലോചി്ക്കേണ്ടതല്ലേ സഖാക്കളേ..
ടി പി കേസിലെ പ്രതികളെ നിങ്ങള്‍ക്ക് ഭയമായിരിക്കാം.. പക്ഷേ, നിങ്ങളെ വോട്ട് ചെയ്ത് അധികാരത്തിലേറ്റിയവരോട് എന്നെങ്കിലും മറുപടി പറയേണ്ടതാണെന്നൊരു തിരിച്ചറിവെങ്കിലും വേണ്ടേ… ജനാധിപത്യത്തെയെങ്കിലും ഭയപ്പെടേണ്ടേ… അല്ലെങ്കില്‍ ഇതാ ഈ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സംഭവിച്ചതുപോലെ ക്ലീന്‍ ബൗള്‍ഡ് ആവില്ലെന്ന് എന്ത് ഉറപ്പാണ് നിങ്ങള്‍ക്കുള്ളത്… സഖാക്കളേ…